January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം

കൾച്ചറൽ ഡെസ്ക്

മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 29 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ കഥാകാരനാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായ വാക്കുകളാല്‍ ചിരിയുടേയും ചിന്തയുടേയും വലിയ ലോകത്തേക്ക് മലയാളിയെ പിടിച്ചുയര്‍ത്തിയ കഥയുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍.

ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ ബഷീര്‍ തന്നെയാണ്. കുട്ടിക്കാലം മുതല്‍ രസകരവും സാഹസികവുമായിരുന്നു ആ ജീവിതം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഗാന്ധിജിയെ കാണാന്‍ വൈക്കത്തെ വീട്ടില്‍ നിന്നും കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യസമരത്തില്‍ എത്തിപ്പെട്ടു. ഗാന്ധിജിയെ ആരാധിച്ച ബഷീര്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായി.

വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്ബില്‍ നിന്ന് പുറപ്പെട്ട് ലോകം മുഴുവന്‍ ചുറ്റി ഒടുവില്‍ ബേപ്പൂരിലെ മാങ്കോസ്‌റ്റൈന്‍ തണലിലിരുന്ന് വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്ടിച്ചെടുത്ത ഓരോ കൃതിയും മലയാളിയുടെ അഹങ്കാരമായി മാറി. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു, ആനവാരിയും പൊന്‍കുരിശും, വിശ്വവിഖ്യാതമായ മൂക്ക്, അങ്ങനെ എത്രയോ കൃതികള്‍. അവയില്‍ പലതും മറ്റുഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. മതിലുകള്‍, നീലവെളിച്ചം തുടങ്ങിയ രചനകള്‍ സിനിമകളായി.

1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്ബിലായിരുന്നു മഹാനായ ആ എഴുത്തുകാരന്റെ ജനനം. 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 1970ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീര്‍. ഏത് സാധാരണക്കാര്‍ക്കും വായിക്കാന്‍ പാകത്തിന് സാധാരണ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. വായനക്കാരെ തന്റെ തൂലികയാല്‍ ആകര്‍ഷിക്കാനും ബഷീര്‍ കൃതികള്‍ വീണ്ടും വീണ്ടും വായിക്കാനും മലയാളികള്‍ ഇഷ്ട്ടപ്പെട്ടു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!