January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാരുണ്യത്തിന്റെ വിളക്കേന്തിയ വനിത:
‘ഫ്ലോറൻസ് നൈറ്റിംഗേൽ’

കൾച്ചറൽ ഡെസ്ക്

‘ക്രിമിയനിലെ മാലാഖ-വിളക്കേന്തിയ വനിത’ എന്നെല്ലാം അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിനെ കുറിച്ച് അറിയുമോ.? ആതുരശുശ്രൂഷാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ‘ഫ്ലോറൻസ് നൈറ്റിംഗേലി’ നെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. ബ്രിട്ടീഷ് സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രധാനിയും ആധുനിക നഴ്സിങ് സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമായ ഈ ധീര വനിതയുടെ ജീവിതം എല്ലാവരെയും ആകർഷിക്കുന്നതാണ്.

1820 മേയ് 12-ന് ധനികനായ വില്യം എഡ്വേർഡ് നൈറ്റിംഗേലിന്റെയും ഫ്രാൻസിസ് നൈറ്റിംഗേലിന്റെയും രണ്ടാമത്തെ മകളായാണ് ഫ്ലോറൻസ് ജനിച്ചത്. പേരും പ്രശസ്തിയുമുള്ള സമ്പന്ന കുടുംബത്തിൽ ജനിച്ചതു കൊണ്ടുതന്നെ എല്ലാ സുഖസൗകര്യങ്ങളും നൽകിയാണ് മാതാപിതാക്കൾ ഫ്ലോറൻസിനെ വളർത്തിയത്. മനോഹരമായ മണിമാളികകളിൽ മാറിമാറി നൈറ്റിംഗേൽ കുടുംബം താമസിച്ചുവന്നു. ചുരുക്കത്തിൽ സമ്പത്തിന്റെ മടിത്തട്ടിലായിരുന്നു ഫ്ലോറൻസിന്റെ ജീവിതം.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഒരു കാര്യമാണ് ഫ്ലോറൻസിന് ആഗ്രഹിച്ചതുപോലെ നടക്കാതെ പോയത്. അത് വിദ്യാഭ്യാസമായിരുന്നു. അക്കാലത്ത് പെൺകുട്ടികൾ പഠിക്കുകയെന്നത് അത്ര സ്വാഭാവികമായിരുന്നില്ല. പാവപ്പെട്ട പെൺകുട്ടികൾക്ക് പള്ളിക്കൂടത്തിന്റെ പടി കാണാൻ പോലും കഴിഞ്ഞിരുന്നില്ല. പണക്കാരായ പെൺകുട്ടികൾക്ക് കഷ്ടി പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നു. എന്നാൽ, വലിയ വായനാപ്രിയനായിരുന്ന വില്യം നൈറ്റിംഗേൽ, മകൾ ഫ്ലോറൻസിനെ തന്റെ പഠനമുറിയിൽ കൊണ്ടു പോവുകയും മോൾ ആവശ്യപ്പെടുന്നവ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ ഫ്ലോറൻസ് ലാറ്റിൻ പഠിക്കാൻ തുടങ്ങി.

എന്നാൽ മകൾ പഠിക്കുന്നത് ഉത്കണ്ഠയോടെ നോക്കി ക്കാണാനേ ഫ്ലോറൻസിന്റെ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. ഇതിനിടയിലും നൈറ്റിംഗേൽ കുടുംബം ഉല്ലാസ യാത്രകളും മറ്റുമായി ജീവിതം ആസ്വദിച്ചിരുന്നു. ഫ്ലോറൻസിന് 17 വയസ്സുള്ളപ്പോൾ പതിവുപോലെ അവർ ഒരു ഉല്ലാസയാത്ര പുറപ്പെട്ടു. എന്നാൽ, ഫ്ലോറൻസിന്മാത്രം അതിൽ വലിയ താത്പര്യം തോന്നിയില്ല. വല്ലവിധേനയും വീട്ടിൽ തിരിച്ചെത്തിയാൽ മതി എന്നായിരുന്നു അവളുടെ ചിന്ത. തന്റെ ജീവിത നിയോഗം വേറെയാണെന്നു തന്നെയായിരുന്നു അവളുടെ ബോധ്യം. വീട്ടിൽ തിരിച്ചെത്തിയ ഫ്ലോറൻസ് തനിക്ക് ഗണിതശാസ്ത്രം പഠിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

മകൾ ഇനിയും പഠിക്കുന്നതിനേക്കുറിച്ച് അക്കാലഘട്ടത്തിൽ നൈറ്റിംഗേൽ കുടുംബത്തിന് ചിന്തിക്കാനേ കഴിഞ്ഞില്ല. അവർ ശക്തമായി എതിർത്തു. ഫ്ലോറൻസ് അവരുടെ ഇഷ്ടത്തിന് വഴങ്ങി. പക്ഷേ ഒരുപാധി വച്ചു, പാവപ്പെട്ടവരെയും രോഗികളെയും സന്ദർശിക്കാൻ തന്നെ അനുവദിക്കണമെന്നതായിരുന്നു അവളുടെ ആവശ്യം. മാതാപിതാക്കളുടെ അനുവാദത്തോടെ ഫ്ലോറൻസ് പാവങ്ങളുടെയും രോഗികളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്നു.

ഇവർക്കായി താൻ എന്തെങ്കിലും ചെയ്യുക എന്നതാണ് തന്നെക്കുറിച്ചുള്ള ദൈവനിശ്ചയം എന്ന് ഫ്ലോറൻസിന് തോന്നി. അവൾ തന്നാലാവും വിധം പാവങ്ങളെയും രോഗികളെയും സഹായിച്ചു. പാവപ്പെട്ട രോഗികളുടെ ദയനീയ സ്ഥിതി ഫോറൻസിന്റെ മനസ്സിനെ ഉലച്ചു. അവരുടെ രോഗശമനത്തിനായി താൻ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്നവൾ മനസ്സിലാക്കി. ഒടുവിൽ അവൾ വീട്ടുകാരോട്, താൻ ആശുപത്രിയിൽ ജോലി ചെയ്യാൻ പോകുന്നതായി അറിയിച്ചു.

അക്കാലത്തെ ഏറ്റവും മോശപ്പെട്ട ജോലിയായ നഴ്സിങ് വേലയ്ക്ക് മകൾ പോകുന്നത് സമ്പന്നരായ നൈറ്റിംഗേൽ കുടുംബാംഗങ്ങൾക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. അവർ ശക്തമായി എതിർത്തു. എന്നാൽ, രാജമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും നൈറ്റിംഗേൽ കുടുംബത്തിന്റെയും അതിലുപരി ഫ്ലോറൻസിന്റെയും ഉറ്റ ചങ്ങാതിയുമായിരുന്ന സിഡ്നി ഹെർബർട്ട്, അവൾക്ക് പൂർണ പിന്തുണയുമായെത്തി.

നഴ്സിങ് മേഖലയെ കൂടുതൽ അറിയാനും അതിൽ പ്രാവീണ്യം നേടാനുമുതകുന്ന കുറേ പുസ്തകങ്ങൾ സിഡ്നി അവർക്ക് നൽകി. അത് വായിക്കുകയും പഠിക്കുകയും ചെയ്തപ്പോൾ ഈ മേഖലയിൽ സമഗ്രമായ പരിഷ്കരണങ്ങളും മാറ്റങ്ങളും അനിവാര്യമാണെന്ന് അവൾ മനസ്സിലാക്കി.ഇക്കാലയളവിൽ ഫ്ലോറൻസിന് അനേകം വിവാഹാലോചനകൾ വന്നു. വിവാഹം തന്റെ ലക്ഷ്യത്തിന് തടസ്സമാകുമെന്ന് കരുതി ഫ്ലോറൻസ് അവയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി.

മകളുടെ മനസ്സുമാറ്റാനായി മാതാപിതാക്കൾ അവളെ വിദേശത്തേക്കയ്ക്കാൻ തീരുമാനിച്ചു. അങ്ങനെ ജർമനിയിലെത്തിയ ഫ്ലോറൻസിന് മുന്നിൽ പുതിയ വാതിൽ തുറക്കുകയായിരുന്നു. അവിടെ കൈസർ വർത്ത് എന്ന ആശുപത്രിയിലെ രോഗികൾക്ക് താങ്ങും തണലുമായി ഫ്ലോറൻസ് മാറിയത് വളരെ പെട്ടെന്നാണ്.വൃത്തിയുള്ള അന്തരീക്ഷമാണ് രോഗശമനത്തിന് ആവശ്യമെന്ന് മനസ്സിലാക്കി ഫ്ലോറൻസ് തന്റെ പ്രവർത്തനം തുടർന്നു. തന്റെ പരിചരണം കൊണ്ട് അനേകം രോഗികളെ സുഖപ്പെടുത്താൻ കഴിഞ്ഞ ഫ്ലോറൻസിന്റെ പ്രശസ്തി ഇംഗ്ളണ്ടിൽ പരന്നു. ഇംഗ്ളണ്ടിലെ ഹാർലിയിലെ വലിയ ആശുപത്രിയുടെ ഉത്തരവാദിത്വം അങ്ങനെ ഫ്ലോറൻസിനെ ഏല്പിക്കാൻ ഉത്തരവായി.

അപ്പോഴാണ് കോളറ നാട്ടിൽ പടർന്നുപിടിച്ചത്. അനേകർ മരിച്ചു. ഫ്ലോറൻസ്, കോളറ ബാധിതരെ ആത്മാർഥയോടെ പരിചരിച്ച് അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ സമയത്താണ് ക്രിമിയൻ യുദ്ധം കൊടുമ്പിരി ക്കൊണ്ടതും നിരവധി പട്ടാളക്കാർ മരണമടഞ്ഞതും. യുദ്ധമുന്നണിയിലെ മരണത്തേക്കാൾ അധികമാണ്, മുറിവേറ്റ് ആശുപത്രിയിൽ കഴിയുന്ന പട്ടാളക്കാർ മരിക്കന്നതെന്ന സത്യം ഫ്ലോറൻസ് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. അവൾ പ്രത്യേക അനുമതിയോടെ പോരാളികളെ ശുശ്രൂഷിക്കുന്ന സ്കൂട്ടാരിയിലേക്ക് തിരിച്ചു. മരണാസന്നമായ ജവാന്മാരുടെ അവസ്ഥ ദയനീയമായിരുന്നു. വൃത്തിഹീനമായ പരിസരം, ശുദ്ധജലത്തിന്റെയും മരുന്നിന്റെയും ബാൻഡേജിന്റെയും എല്ലാം അഭാവം.

ഫ്ലോറൻസ് തന്റെ കൂടെ വന്ന നഴ്സുമാരോടൊപ്പം തന്റെ ജോലി ആരംഭിച്ചു. പരിസരമെല്ലാം വൃത്തിയാക്കി. ജവാന്മാരുടെ വസ്ത്രങ്ങളും കിടക്കവിരികളുമെല്ലാം കഴുകി വൃത്തിയാക്കി. സ്നേഹപൂർവം ഫ്ലോറൻസ് അവരെ പരിചരിച്ചു. ആശുപത്രി നടത്തിപ്പിൽ ഫ്ലോറൻസിന്റെ ഇടപെടൽ ചില എതിർപ്പുകൾക്ക് കാരണമായെങ്കിലും ഫ്ലോറൻസ് തന്റെ ലക്ഷ്യത്തിൽ നിന്ന് പിൻവാങ്ങിയില്ല.

ഒടുവിൽ അവളുടെ ശ്രമങ്ങൾ ഫലം കണ്ടു. അനേകം ജവാന്മാർ ജീവിതത്തിലേക്ക് തിരികെ വന്നു. ഫ്ലോറൻസിന്റെ സ്നേഹനിർഭരമായ ഇടപെടലാണ് പട്ടാളക്കാർക്കിടയിൽ അവളെ ‘ക്രിമിയനിലെ മാലാഖ’ യാക്കിയത്. എന്നും ഉറങ്ങുന്നതിനു മുമ്പ് ‘വിളക്കു’ മായി വന്ന് ഓരോ ജവാന്മാരുടെയും ക്ഷേമം അന്വേഷിച്ച് ശുഭരാത്രി നേർന്നിട്ടേ ഫ്ലോറൻസ് ഉറങ്ങുമായിരുന്നുള്ളൂ. അങ്ങനെ അവർക്ക് ‘വിളക്കേന്തിയ വനിത’ എന്ന പേരും ലഭിച്ചു. നാട്ടിൽ തിരിച്ചെത്തിയ ഫ്ലോറൻസിന് ബ്രിട്ടീഷ് രാജ്ഞി വലിയ സ്വീകരണമാണ് ഒരുക്കിയത്. രോഗീ ശുശ്രൂഷയോടൊപ്പം ദരിദ്രരെ സഹായിക്കാനും ഫ്ലോറൻസ് സമയം കണ്ടെത്തിയിരുന്നു.

പിന്നീട് ഫ്ലോറൻസ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. അനേകർ അവിടെ പരിശീലനം നേടി. പട്ടാളക്കാരെ ശുശ്രൂഷിക്കാൻ പ്രത്യേക ആശുപത്രികളും സംവിധാനങ്ങളും അവരുടെ ശ്രമഫലമായുണ്ടായി. ധാരാളം എഴുത്തുകളും പുസ്തകങ്ങളും അവർ രചിച്ചു. ‘നോട്ട്സ് ഓൺ ഹോസ്പിറ്റൽ, നോട്ട്സ് ഓൺ നഴ്സിങ്’ എന്നിവയാണ് പ്രധാനകൃതികൾ. 1883-ൽ ‘ റോയൽ റെഡ്ക്രോസ്’ അവാർഡും 1907-ൽ ‘ഓർഡർ ഓഫ് മെറിറ്റ്’ അവാർഡും അവരെ തേടിയെത്തി.ഇന്ന് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം ‘അന്തർദേശീയ നഴ്സസ് ദിനം’ ആയി ആചരിക്കുന്നു. 1910 ഓഗസ്റ്റ് 13-ന് ആതുരശുശ്രൂഷാ മേഖലയിൽ വിപ്ളവം സൃഷ്ടിച്ച ആ മഹതി ഇഹലോകവാസം വെടിഞ്ഞു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!