കൾച്ചറൽ ഡെസ്ക്
യേശു ദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്. യേശു ക്രിസ്തു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്.
‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ഥം. യേശു ദേവന് തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ വിശുദ്ധ ബുധന്‍ ശേഷവും ദുഃഖവെള്ളിക്ക് മുന്പുമായി വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.
പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. പെസഹ അപ്പം മുറിക്കല്‍, കാല് കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. പിറ്റേന്ന് യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും ഉണ്ടാകും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളിലും വിശ്വാസികള്‍ പങ്കെടുക്കും.
അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല് കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതന് കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ ലോകത്തിന് മുഴുവന്‍ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല് കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും.
അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം അഥവാ ഇണ്ട്രി അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുകയും ചെയ്യും. ഓശാന ഞായറാഴ്ചയില്‍ ദേവാലയങ്ങളില്‍ നിന്ന് നല്കുന്ന കുരുത്തോല കീറി മുറിച്ച് പെസഹാ അപ്പത്തിന്റെ മുകളില്‍ കുരിശ് അടയാളത്തില്‍ വെക്കും. ലോകത്തിലെ സകല പാപങ്ങളുടെയും മോചനത്തിനായി തന്റെ തിരുശരീരം ശിഷ്യര്‍ക്ക് നല്കിയ യേശുക്രിസ്തു അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് നുറുക്കിയ ശേഷം ഇത് നിങ്ങള്‍ക്കുവേണ്ടി നല്കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മക്കായി ഇത് ഭക്ഷിപ്പിന്‍ എന്ന് പറഞ്ഞുവെന്നാണ് വിശ്വാസം.
More Stories
മലയാളത്തിന്റെ വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം : ചരിത്രം , നാൾവഴികൾ
ആരാണ് സാന്താക്ലോസ് ? എന്താണ് സാന്താക്ലോസിൻ്റെ പ്രത്യേകതകൾ ?