ഭാരതത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ, കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ, ഫഹാഹീൽ ഏരിയ കമ്മറ്റിയുടെ പങ്കാളിത്തത്തോടെ; അദാൻ ബ്ലഡ് ബാങ്കിൽ വച്ച്, ആഗസ്റ്റ് 13, വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജൻമനാടിന്റെ ചരിത്ര മുഹൂർത്തത്തിന്റെ ഓർമ്മ പുതുക്കുന്ന ധന്യവേളയിൽ പങ്കാളികളാകുവാനും, അതോടൊപ്പം തന്നെ കൊറോണമഹാമാരിയ്ക്കെതിരെ ലോകമെമ്പാടും സന്ധിയില്ലാസമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും നൂറിലധികം പ്രവാസികൾ സന്നദ്ധപ്രവർത്തനത്തിനും, രക്തദാനത്തിനുമായി ഒത്തു ചേർന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ 81 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 74 പേർ വിജയകരമായി രക്തദാനം ചെയ്യുകയുണ്ടായി.
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം കെഇഎ സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സത്താർ കുന്നിൽ നിർവ്വഹിച്ചു. കെഇഎ ഫഹാഹീൽ ഏരിയ പ്രസിഡണ്ട് അഷറഫ് കൂച്ചാനത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബിഡികെ കുവൈത്ത് ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെഇഎ ജനറൽ സെക്രട്ടറി സലാം കളനാട് രക്തദാതാക്കൾക്ക് ആശംസകൾ നേർന്നു. ബിഡികെ കുവൈത്ത് പ്രസിഡണ്ട് രഘുബാൽ സ്വാഗതവും, കെഇഎ ഫഹാഹീൽ ഏരിയ ജനറൽ സെക്രട്ടറി സുധാകരൻ ചെർക്കള നന്ദിയും രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ബിഡികെ സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു.
കൊറോണ മഹാമാരി മൂലം രക്തദാനരംഗത്ത് ഉണ്ടായ കുറവ് പരിഹരിക്കുന്നതിനുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ ഊർജ്ജിത പരിപാടികളുടെ ഭാഗമായി, ആരോഗ്യമന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾ പാലിച്ചുകൊണ്ട് ബിഡികെ കുവൈത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചുവരികയാണ്.
ബിഡികെ കുവൈത്ത് സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പുകളുമായും, അനുബന്ധ പ്രവർത്തനങ്ങളുമായും സഹകരിക്കുവാൻ താത്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും 69997588 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
More Stories
കോവിഡ് മൂലം വിദേശത്തു മരണപ്പെട്ട പ്രവാസികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം: കെ.ഡി.എൻ.എ
വനിതാവേദി കുവൈറ്റ് ആരോഗ്യവെബിനാർ സംഘടിപ്പിച്ചു
കല കുവൈറ്റിന്റെ ഏഴാമത് ചാർട്ടേർഡ് വിമാനം 328 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നു.