January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ്: സമാധാനത്തിന്റെ ആഘോഷം

ജോബി ബേബി

ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്തു;ക്രിസ്തു ആകട്ടെ നമ്മുടെ സമാധാനവും.സമാധാനത്തിന്റെ ആഘോഷമാണ് ക്രിസ്മസ്.വിശുദ്ധ ജോൺ പോൾ മാർപാപ്പ അയർലൻഡ് സന്ദർശിച്ചപ്പോൾ, കത്തോലിക്കരും പ്രൊട്ടസ്റ്റൻന്റുകാരും തമ്മിൽ നടത്തിയ സംഘർഷങ്ങളെ മനസിൽ കണ്ടുകൊണ്ടു പറഞ്ഞു:“ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉറച്ച ബോധ്യത്തോടെ ഞാൻ പ്രഖ്യാപിക്കുന്നു,എന്റെ ദൗത്യത്തെപ്പറ്റിയുള്ള നല്ല ധാരണയോടെ പറയുന്നു, അക്രമം തിന്മയാണ്; അക്രമം ഒരു പ്രശ്നത്തിന്റേയും പരിഹാരമല്ല,അതു മനുഷ്യത്വത്തിനു യോജിക്കാത്തതാണ്”. അക്രമം, അതു സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്നവയെ – ജീവൻ, മനുഷ്യമഹത്വം, സ്വാതന്ത്ര്യം – എല്ലാം നശിപ്പിക്കും.അക്രമത്തിൽ വിശ്വസിക്കരുത്;അതിനെ പിന്തുണയ്ക്കരുത്.സമാധാനത്തിൽ വിശ്വസിക്കൂ, അതാണ് ക്രിസ്തുവിന്റെ വഴി.’’

സമാധാനം ധീരതയുടെ വഴിയാണ്; അക്രമം ഭീരുത്വത്തിന്റേയും. സ്നാപക യോഹന്നാന്റെ ദൗത്യമായി സക്കറിയാസ് പരിശുദ്ധാത്മാവിൽ പ്രചോദിതനായി പറയുന്നത്,എല്ലാവരുടെയും പാദങ്ങൾ സമാധാനത്തിലേക്കു നയിക്കുക എന്നതാണ്.ഭൂമിയിൽ കഴിഞ്ഞ നാലായിരം വർഷങ്ങളായി മനുഷ്യർ ചെയ്തുകൊണ്ടിരുന്ന ജോലി എന്തായിരുന്നു? ഭൂമിക്കു പുറത്തുനിന്നു നോക്കുന്ന ഒരാൾ മനസിലാക്കുന്നത്–അത് യുദ്ധമായിരുന്നു എന്നാണ്. മനുഷ്യൻ മനുഷ്യനെതിരേ നടത്തിയ രക്തരൂഷിത അക്രമങ്ങൾ! ദൈവ ശാസ്ത്രജ്ഞനായിരുന്ന മാത്യു ലാബിന്‍റെ നിരീക്ഷണം നോക്കൂ:“ഹിരോഷിമയും നാഗസാക്കിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമികുലുക്കം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ നിസാരമാണ്.പട്ടിണിയും പകർച്ചവ്യാധികളും വരുത്തിയ ദുരന്തത്തെക്കാൾ എത്രയോ അധികമാണ് പീഡനക്യാംപുകളിൽ നടത്തിയിട്ടുള്ള നരഹത്യകൾ.പ്രകൃതിദുരന്തങ്ങൾ പിൻനിരയിലേക്കു തള്ളപ്പെടും, മനുഷ്യൻ ചരിത്രത്തിൽ സൃഷ്ടിച്ച ഭീകര ദുരന്തങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ”.

മനുഷ്യന്റെ സകല ദുരിതങ്ങളും ഉരുത്തിരിയുന്നത്,അവൻ ഒറ്റയ്ക്ക് ശാന്തമായ ഒരുമുറിയിൽ ഇരിക്കുവാൻ സാധിക്കാത്തതിനാലാണെന്ന് പാസ്ക്കൽ പറയുന്നതു സത്യമാണ്. ഹൃദയംകൊണ്ടു ചിന്തിക്കുവാനുള്ള കഴിവ് മനുഷ്യൻ കുറേക്കൂടി ഉപയോഗിച്ചിരുന്നുവെങ്കിൽ, ഹൃദയത്തിൽനിന്നു കാരുണ്യത്തിന്റെ ഉറവകൾ പൊട്ടിപ്പുറപ്പെടുമായിരുന്നു.ഓരോരുത്തരും സ്വയം തിരുത്തുകയാണ് ആവശ്യം.സ്വയം തിരുത്തുന്നവർ ലോകത്തെ മുഴുവനും തിരുത്തുന്നു.സൂര്യൻ ജ്വലിച്ചു നിൽക്കുന്നതേയുള്ളൂ, ആരെയും തിരുത്തുന്നില്ല. പ്രകാശിക്കുന്നതുകൊണ്ട്, ലോകത്തിനു മുഴുവനും വെളിച്ചം നൽകുന്നു.നിങ്ങളെ തന്നെ രൂപാന്തരപ്പെടുത്തുക വഴി ലോകത്തിനു മുഴുവനും വെളിച്ചം നൽകുവാൻ നിങ്ങൾക്കും കഴിയുമെന്ന് രമണമഹർഷി എഴുതിയിട്ടുണ്ട്.ദൈവമേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ എന്ന് ഫ്രാൻസിസ് അസീസിയോടൊപ്പം നമുക്കും പ്രാർഥിക്കാം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!