January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസിന്റെ പ്രാർത്ഥന

ജോബി ബേബി

ഇസ്രയേലിലെ ന്യായാധിപന്മാരിൽ അവസാന കണ്ണിയും വലിയ പ്രവാചകന്മാരുടെ നിരയിൽ ആദ്യ കണ്ണിയുമായിരുന്നു സാമുവൽ.അമ്മയായ ഹന്നാ ദേവാലയത്തിൽ നടത്തിയ വിലാപ പ്രാർഥനയ്ക്കു ദൈവം നൽകിയ സമ്മാനമായിരുന്നു സാമുവൽ.സാമുവൽ അന്ത്യമൊഴിയിൽ പറയുന്ന ശ്രദ്ധേയ കാര്യങ്ങളിൽ ഒന്ന് ഇപ്രകാരമാണ്:“നിങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നില്ല എന്ന പാപം കർത്താവിന് എതിരേ ചെയ്യുവാൻ എനിക്ക് ഇടവരാതിരിക്കട്ടെ’’ (സാമുവൽ 12:23).ക്രിസ്മസ് കാലത്ത് നമ്മുടെ എല്ലാ സഹോദരങ്ങൾക്കും വേണ്ടി ചെയ്യുവാൻ കഴിയുന്ന വലിയ നന്മകളിൽ ഒന്ന്, അവക്കു വേണ്ടി പ്രാർഥിക്കുക എന്നതാണ്.പ്രാർഥനയുടെ അർഥം അവർക്കു നന്മ വരണമെന്നും അവർ അനുഗ്രഹിക്കപ്പെടണമെന്നും നാം നിരന്തരം ആഗ്രഹിക്കുക എന്നാണ്.നിന്റെ ആഗ്രഹങ്ങൾ നിന്റെ പ്രാർഥനകളാണെന്ന് വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നുണ്ട്.

ദാനധർമം ചെയ്യുമ്പോൾ, അത് രഹസ്യമായിരിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നുണ്ട്. നമുക്ക് രഹസ്യമായി നമ്മുടെ മിത്രങ്ങൾക്കും ശത്രുക്കൾക്കും വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം പ്രാർഥനയാണ്. ദൈവമല്ലാതെ മറ്റാരും ഈ ക്രിസ്മസ് സമ്മാനത്തെപ്പറ്റി അറിയുകയില്ല.നമ്മിൽ കുറച്ചു പേരെങ്കിലും ക്രിസ്തുവിനെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കാൻ വ്യഗ്രതയുള്ളവരാണ്.മഹാന്മാരായ ചില വ്യക്തികളുടെ മാതൃക നാം സ്വീകരിക്കുക. ചോദിച്ചാൽ മാത്രം ക്രിസ്തുവിനെപ്പറ്റി പറയുക; എന്നാൽ ക്രിസ്തുവിനെപ്പറ്റി നിങ്ങളോടു ചോദിക്കത്തക്ക വിധം നിങ്ങൾ ജീവിക്കുക, പ്രസംഗത്തിന് അത്യാവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസി പറഞ്ഞതിന്റെ പൊരുൾ ഇതാണ്. പ്രസംഗം കുറച്ചും പ്രാർഥന കൂട്ടിയും, ഇതു രണ്ടിനേക്കാളും ജീവിതത്തിന്‍റെ മേന്മ വർധിപ്പിച്ചും നാം ജീവിക്കുക.പുരോഹിതനും രാജാവും പ്രവാചകനുമായിരുന്ന സാമുവൽ ക്രിസ്തുവിന്‍റെ പ്രതീകമാണ്. അദ്ദേഹം സ്വന്തം ജനത്തിനു വേണ്ടി ചെയ്ത വലിയ കാര്യം പ്രാർഥനയാണ്. പരിശുദ്ധ കന്യകാമറിയം നമുക്കുവേണ്ടി എപ്പോഴും ചെയ്യണമെന്നു നാം അമ്മയോട് ആവശ്യപ്പെടുന്ന കാര്യം, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർഥനയുടെ രണ്ടാം ഭാഗത്തുണ്ട്.“എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ”.

യഥാർഥ ഭക്തന്റെ ഹൃദയ വിചാരങ്ങൾ സങ്കീർത്തനങ്ങളിൽ നമുക്കു കാണാം.ജറുസലേമിനു വേണ്ടി പ്രാർഥിക്കാതിരിക്കുവാൻ സങ്കീർത്തകനു കഴിയുന്നില്ല. “ജറുസലമേ നിന്നെ ഞാൻ മറക്കുന്നുവെങ്കിൽ എന്‍റെ വലതുകരം എന്നെ മറക്കട്ടെ!ജറുസലേമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാൾ വിലമതിക്കുന്നില്ലെങ്കിൽ എന്‍റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ”(സങ്കീർത്തനം 137:5-6). നമ്മുടെ ഏറ്റവും വലിയ സന്തോഷത്തെക്കാൾ നാം സ്നേഹിക്കണ്ട വ്യക്തികൾ നമ്മുടെ ജീവിതത്തിലുണ്ട്. അവരെ മറന്നു കൊണ്ടാണ് നമ്മുടെ സന്തോഷങ്ങളുടെ പിന്നാലെ നാം പായുന്നത്.മധ്യപൂർവ ദേശത്തെ വലിയ സമ്പന്നനായിരുന്ന ജോബ് എന്ന കുടുംബനാഥൻ മക്കൾക്കു വേണ്ടി മറക്കാതെ പ്രാർഥിച്ചത് എങ്ങനെ എന്നു ശ്രദ്ധിക്കൂ: “ജോബ് പുത്രന്മാരെ വിളിച്ചു വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് ഓരോ പുത്രനു വേണ്ടിയും ദഹനബലിയർപ്പിക്കുകയും ചെയ്യുമായിരുന്നു” (ജോബ് 1:5). നമ്മുടെ പ്രാർഥനയിൽ ഇല്ലാത്തവർ നമ്മുടെ സ്നേഹത്തിലുമില്ല,നമ്മിലെ സഹോദര സ്നേഹത്തിന്റെ മാപിനിയാണ് അവർക്കു വേണ്ടിയുള്ള പ്രാർഥന.നാം പ്രാർഥന നിർത്തുമ്പോൾ, അവരോടുള്ള യഥാർഥ സ്നേഹവും അസ്തമിക്കും.ഈ ക്രിസ്മസിന് സഹോദരങ്ങൾക്കുള്ള സമ്മാനം പ്രാർഥനയാവട്ടെ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!