ജോബി ബേബി
“വചനം ജഢമായി മനുഷ്യരുടെ ഇടയിൽ കൂടാരം അടിച്ചു”(യോഹന്നാൻ1:14).എന്നാണ് വി.യോഹന്നാൻ ഈ സംഭവത്തെ വിവരിക്കുന്നത്.കൂടാരം അടിച്ചു കഴിയുന്നവർ സ്വന്തമായി ഭൂമിയും പാർപ്പിടവും ഇല്ലാത്തവരാണ്.നമ്മുടെ കാലത്തു,നമ്മുടെ നാട്ടിൽ ചെങ്ങറയിലും അരിപ്പയിലും ഒക്കെയുള്ള ഭൂസമരങ്ങളിലെ കൊച്ചുകൂടാരങ്ങളിൽ “കൂടാരമടിച്ചു”വചനമായ യേശുവിനെ കണ്ടെത്തുമ്പോഴാണ് ക്രിസ്തുമസ് അർത്ഥവത്തായ ആഘോഷമാകുന്നത്.ക്രിസ്തുമസ് കാലത്തു യാത്ര ചെയ്യുമ്പോൾ വലിയ വീടുകളുടേയും പള്ളികളുടെയും സ്ഥാപനങ്ങളുടെയും ഒക്കെ മുറ്റത്തു ചെലവേറിയ പുൽക്കൂടുകൾ ഒരുക്കിവെച്ചിരിക്കുന്നത് എന്നെ അലോരസപ്പെടുത്തിയിട്ടുണ്ട്.രണ്ടായിരത്തി ഇരുപത് വർഷങ്ങൾക്കപ്പുറം ആരും വീടോ സത്രമോ ഒന്നും തുറന്നു കൊടുക്കാത്തതിനാൽ പുൽക്കൂട്ടിൽ പിറവിയെടുക്കേണ്ടി വന്ന മനുഷ്യ പുത്രനായ യേശുവിനു ഇപ്പോഴും നമ്മുടെ വീടുകൾക്കും പള്ളികൾക്കും പുറത്തുള്ള പുൽക്കൂടുകളിലാണല്ലോ ഇടം എന്നുള്ളത് നാം ചിന്തിക്കേണ്ട കാര്യമാണ്.ഇനിയെങ്കിലും നമുക്ക് നമ്മുടെ ഹൃദയങ്ങൾക്കുള്ളിലും വീടുകൾക്കുള്ളിലും പള്ളിക്കകത്തും യേശുക്രിസ്തുവിനു ഇടം നൽകാം.
പുറത്തെ പുൽക്കൂടുകളിൽ വെയ്ക്കുന്ന ജീവനില്ലാത്ത രൂപങ്ങളിൽ യേശുവിനെ തേടാതെ,ജീവിക്കാൻ വെമ്പുന്ന പട്ടിണിക്കാരിലും പതിതരിലും പ്രാന്തസ്ഥിതരിലും യഥാർത്ഥ മനുഷ്യപുത്രനെത്തേടി കണ്ടെത്താം.ഇതാ ഞാൻ വാതിൽക്കൽ വന്ന് മുട്ടിവിളിക്കുന്നെവെന്നു നിലവിളിക്കുന്ന യേശുവിനെ വാതിൽ തുറന്ന് അകത്തേക്കാനായിക്കം.ജാതി,മത,വർണ്ണ,വർഗ്ഗ,ലിംഗ ഭേദം മൂലം നാം നമ്മുടെ ജീവിതത്തിൽ നിന്ന് പുറത്താക്കുന്നവരെ ആശ്ലേഷിച്ചു അകത്തു പ്രവേശിപ്പിക്കാനുള്ള അഹ്വാനമാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നത്.പി.സുരേന്ദ്രന്റെ “ക്രൈസ്തവം”എന്ന കഥയിൽ റാഫേൽ അച്ചൻ വി.കുർബാനയിൽ യേശുക്രിസ്തുവിന്റെ തിരുശരീരം മുറിച്ചു വിശ്വാസികൾക്ക് പങ്കുവയ്ക്കുന്ന ഒരു ചിത്രമുണ്ട്.”ക്യു”വിൽ ഏറ്റവുമവസാനം നിന്നിരുന്ന മുഷിഞ്ഞ വേഷധാരിയായി വന്ന അപരിചിതനായ പാവപ്പെട്ടവന് തന്റെ ഊഴം എത്തിയപ്പോഴേക്കും കുർബാന അപ്പത്തിന്റെ അംശങ്ങൾ തീർന്നുപോയിരുന്നു.സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലുള്ളവർ നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളിൽ പിന്തള്ളപ്പെടുന്നില്ലേ?അവർക്ക് ഇടവും വിഭവങ്ങളും ലഭ്യമാകുമ്പോഴാണ് ക്രിസ്തുമസ് യഥാർത്ഥ ആത്മീയ അനുഭവമാകുന്നത്.അവസാനത്തവനെ ഒന്നാമനാക്കുവാനാണ് വചനം ജഡമായത് .ഗാന്ധിജിയുടെ ഭാഷയിൽ പറഞ്ഞാൽ “അന്ത്യോദയത്തിൽ”കൂടി “സർവോദയം”സാധ്യമാകുന്നതാണ് ക്രിസ്തുമസ്.
More Stories
സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ ഹാഷിഷും സെൽഫോണുകളും കത്തികളും പിടിച്ചെടുത്തു
ക്രിസ്തുമസിന്റെ പ്രാർത്ഥന
ക്രിസ്തുമസ്: പുണ്യം പൂക്കും പുൽക്കൂട്