സ്കൂൾ കോളേജ് ദിനങ്ങളിലെ പ്രഭാതങ്ങൾ തുടങ്ങിയിരുന്നതു് ബസ്സ് കാത്തുനിൽപ്പുകേന്ദ്രങ്ങളിൽ നിന്നുമായിരുന്നു. സമയക്രമം അനുസരിച്ചും അല്ലാതെയും വന്നിരുന്ന ബസ്സുകൾ അതുവരെ ഇല്ലാതിരുന്ന വേഗത്തിൽ പാഞ്ഞുപോകുന്നതു് കണ്ടു്, നടന്നെത്താൻ പറ്റാത്ത ദൂരത്തിൽ ചെന്നെത്താൻ സാധിക്കുമോ എന്നു് ആധികയറും. അങ്ങനെ സ്റ്റുഡൻസ് ടിക്കറ്റ് യാത്രികർ എന്ന പേരിൽ അറിയപ്പെടുന്നവർ യാതൊരു എത്തുംപിടിയും ഇല്ലാതെ ഇതികർത്തവ്യതാമൂഢരായി
ഒരു നിൽപ്പുണ്ട്!!!
അവർ കുട്ടികളെ കയറ്റാനുള്ള വൈമുഖ്യം കാണിച്ചിരുന്നതു് ഒരുപക്ഷേ ലാഭനഷ്ടങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ആയിരുന്നിരിക്കാം. ബസ്സ് നിർത്തുമ്പോൾ തിക്കിത്തിരക്കി ബാഗിനുള്ളിലെ പുസ്തകചുമടുമായി ബസ്സിനുള്ളിലേക്ക് തിടുക്കത്തിൽ കയറും. മനസ്സലിവ് തോന്നി, ഇരിക്കുന്നവർ ബാഗുകൾ മടിയിൽ വെച്ച് സഹായിക്കും.
വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന അർഹമായ ഇളവ്, തുച്ഛമായ ചില്ലറകളായി കാക്കിവേഷധാരിക്കു നേരെ നീട്ടുമ്പോൾ, കക്ഷത്തിലെ തുകൽസഞ്ചിയിലെ ചില്ലറകളുടെ മണികിലുക്കം ഉച്ചസ്ഥായിയിൽ ആകും.
പിന്നീടു് മുഖത്തു വിരിയുന്ന ഭാവവ്യത്യാസങ്ങൾക്കൊപ്പം കണ്ണുരുട്ടെന്ന നാടൻപേരിലറിയപ്പെടുന്ന നേത്രഗോളങ്ങളുടെ വികസന പ്രക്രിയ കണ്ടില്ലെന്നു് നടിക്കും. മാത്രമല്ല ദിനവും തുടർന്നുകൊണ്ടിരുന്നതിനാൽ വലിയ പ്രത്യേകതയൊന്നും തോന്നാറില്ലായിരുന്നു.
ഇരിപ്പിടം ഒഴിഞ്ഞാലും ഇരിക്കാതെ, അതിനു് മുകളിൽ പിടിപ്പിച്ചിരിക്കുന്ന കമ്പിയിൽ പിടുത്തമിട്ട് യഥാസ്ഥാനത്ത് എത്തുംവരെ നിൽക്കും. വണ്ടിയെങ്ങാനും സഡൻബ്രേക്ക് ഇട്ടാലോ തീർന്നു കഥ!! ഉയർന്നുവരുന്ന സുനാമിത്തിരകൾ പോലെ പിമ്പൻമാർ മുൻപന്മാരാകും. സംവരണ ഇരിപ്പിടങ്ങളിൽ ആസനസ്ഥനായവരെ കണ്ടു്, ഉള്ളിൽ നിന്നു് തികട്ടിവരുന്ന പൊട്ടിച്ചിരി അമർത്തി അവിടെത്തന്നെ വയ്ക്കും.
കാരണം വികലാംഗരുടെ സീറ്റിൽ ആരോഗ്യദൃഢഗാത്രരും, വനിതകളുടെ സീറ്റിൽ പുരുഷകേസരികളും.
ബസ്സിലെ കിളികൾക്ക് മാത്രം അവകാശപ്പെട്ട ഫുട്ബോർഡ് എന്നു് എഴുതിവെച്ചിരിക്കുന്നിടത്ത് കുറഞ്ഞത് രണ്ടു പേരെങ്കിലും ഉണ്ടാകും. ബസിന്റെ വാതിൽ അടഞ്ഞു കഴിഞ്ഞാൽ സുരക്ഷിതരായി എന്ന വിശ്വാസം അവരെ മിക്കപ്പോഴും രക്ഷിച്ചിരുന്നു.
എന്തൊക്കെ പറഞ്ഞാലും കുഞ്ഞുങ്ങളുമായി കയറുന്ന അമ്മമാർക്ക് എത്ര തിരക്കുള്ള ബസ് ആണെങ്കിൽ പോലും പ്രത്യേക പരിഗണന നൽകി ഇരിപ്പിടം നൽകിയിരുന്നു.
ഒരു ചരടിൽ ബന്ധിച്ചിരിക്കുന്ന മണിയടിച്ച്, “ആൾ ഇറങ്ങാനുണ്ടോ, കയറിക്കോ റൈറ്റ്, റൈറ്റ്”
ഡ്രൈവറെ നിയന്ത്രിച്ചിരുന്ന നിത്യോപയോഗ വാക്കുകളുടെ ഉറവിടമായ മുൻപിൻ വാതിലുകളിലെ കിളികളുടെ കലപില ശബ്ദം ബസ് യാത്രയെ എന്നും മുഖരിതമാക്കിയിരുന്നു.
കാക്കിവേഷധാരി ” ടിക്കറ്റ് ടിക്കറ്റ്” എന്നു് പറയുന്നതിനൊപ്പം “ദാ മുൻപിൽ ഫുട്ബോൾ കളിക്കാൻ സ്ഥലം കിടക്കുന്നു. അവിടെത്തന്നെ നിൽക്കാതെ മുന്നോട്ടു് നീങ്ങി നിൽക്കൂ” എന്നു് പ്രത്യേക ശൈലിയിൽ ഒരു പറച്ചിലുണ്ട്. ഒരിഞ്ച് സ്ഥലം ഇല്ലാത്ത ബസ്സിനുള്ളിൽ കാൽപന്ത് കളിക്കാനുള്ള സ്ഥലം ഉണ്ടെന്നു പറഞ്ഞ് യാത്ര ചെയ്യിക്കാനുള്ള കഴിവിനെക്കുറിച്ച് പറയാതെ വയ്യ.
ബസിന്റെ വേഗത്തിനൊപ്പം തലോടി പോകുന്ന നനുത്ത കാറ്റും, സ്പീക്കറിലൂടെ ഒഴുകിവരുന്ന ഗാനങ്ങളും പുറംകാഴ്ചകളുടെ മനോഹാരിതയും അതിൽ അലിഞ്ഞു ചേർന്നുള്ള യാത്രകളും മനസ്സിനെ സുഗന്ധപൂരിതമാക്കിയിരുന്നു. അവയൊക്കെ ഓർമകളായി എങ്കിലും ആ സുഗന്ധം നിത്യമായി നിലനിൽക്കുന്നു.
ഗതാഗതക്കുരുക്കിനിടയിലൂടെ
വളഞ്ഞു പുളഞ്ഞു പോകുന്ന ഇരുചക്രവാഹനങ്ങളും, തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മുച്ചക്രവാഹനങ്ങളും. അതിൽ ചിലതിൽ “എന്നെ ചുംബിക്കരുത്” എന്ന മുന്നറിയിപ്പും. മുന്നറിയിപ്പുകൾ പലപ്പോഴും പാലിക്കാൻ സാധിക്കാതെ വരികയും, ആദ്യം ആര്, ആരേ ചുംബിച്ചു എന്നതിൻ്റെ പേരിൽ വാക്കു തർക്കങ്ങളും, കയ്യേറ്റവും. അതെല്ലാം തന്നെ രമ്യതയിൽ പരിഹരിച്ച് പിന്നീടു് യാത്ര തുടരും.
ശീതീകരണ സംവിധാനമുള്ള ഏതു വാഹനത്തിന് തരാനാകും ഇതുപോലെ പറഞ്ഞാലും എഴുതിയാലും തീരാത്ത വാക്കുകൾക്കതീതമായ അനുഭവവേദ്യമായ യാത്രകൾ.
കൊഴിഞ്ഞുപോയ സ്കൂൾകോളേജ്
കാലഘട്ടത്തെക്കുറിച്ച് ആർക്കും നഷ്ടങ്ങളുടെ കഥകൾ മാത്രമേ പറയാൻ ഉണ്ടാകൂ. പഠനം ഭാരമാണെന്നു ചിന്തിച്ചിരുന്ന, നഷ്ടഭൂതമായ അന്നാളുകൾ ജീവിതത്തിലെ വസന്തകാലമായിരുന്നുവെന്നു് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാടു് ദൂരേക്ക് കാലം കണ്ണുകൾകെട്ടി കൊണ്ടു് പോയിരിക്കുന്നു.
അതിരുകളില്ലാത്ത ആകാശത്തിനു താഴെ, മുഖാവരണങ്ങൾക്കുള്ളിലെ ചിരി മാഞ്ഞമുഖങ്ങൾക്കും, അകലമുള്ള കാലത്തിനും മുൻപേ, അധികം ദൂരെയല്ലാത്ത ഒരു നല്ലകാലമുണ്ടായിരുന്നുവെന്നു് വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തിൽ എത്തിനിൽക്കുമ്പോൾ ലോകത്തെവിടെയും കാണാൻ കഴിയാത്ത ജീവിതത്തിലെ ഒരേടാണ് കൈമോശം വന്നിരിക്കുന്നത്.
എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, പ്രതിരോധ കുത്തിവെപ്പ് യഥാസമയം സ്വീകരിക്കുകയും ചെയ്യുക. എല്ലാ പ്രിയപ്പെട്ടവരും മനോബലം കൈവിടാതെ സുരക്ഷിതരായിരിക്കുക. മഹാമാരിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
നിറഞ്ഞ സ്നേഹത്തോടെ
റീന സാറ.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു