Times of Kuwait-Cnxn.tv
ലണ്ടൻ: ബ്രിട്ടണിൽ കണ്ടെത്തിയ വ്യാപനനിരക്ക് കൂടിയ വൈറസിന്റെ വകഭേദത്തിനു ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്നു ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക്. ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കോവിഡ് രോഗികളിൽ തിരിച്ചറിഞ്ഞതായും ഇവർക്ക് കഴിഞ്ഞയാഴ്ചകളിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ബ്രിട്ടനിലെത്തിയ വ്യക്തികളുമായി സന്പർക്കമുണ്ടായതായും മാറ്റ് ഹാൻകോക്ക് മാധ്യമങ്ങളോടു പറഞ്ഞു.
ലണ്ടനിലും വടക്കു പടിഞ്ഞാറൻ മേഖലയിലുമായാണ് പുതിയ വകഭേദത്തിലുള്ള വൈറസ് ബാധിതരെ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ രണ്ടുപേരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ വിലക്കേർപ്പെടുത്തി. സമീപ ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയവരോട് ക്വാറന്ൈറനിൽ പോകാൻ നിർദേശം നൽകി.
വകഭേദം വന്ന വൈറസിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോഴത്തെ കോവിഡ്19 നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുണ്ടെന്നാണ് പഠനം. ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധനവിന് പിന്നിൽ പുതിയ വൈറസായിരിക്കുമെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യവകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം (വിയുഐ202012/01 ) കുട്ടികൾക്കിടയിലും പടർന്നു പിടിക്കുന്നതായി സംശയമുണ്ട്. പ്രായം കുറഞ്ഞവരിലൂടെയായിരിക്കാം വൈറസ് അതിവേഗം ഇംഗ്ലണ്ടിൽ വ്യാപിച്ചതെന്നാണ് ഗവേഷകരുടെ അനുമാനം. വ്യാപനശേഷി കൂടിയ വൈറസ് വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങൾ യുകെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ കണ്ടെത്തിയ കൊറോണ വൈറസ് മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ താരതമ്യേന കുറവാണ് ബാധിച്ചിരുന്നത്. ശ്വാസകോശത്തിനു പുറത്തെ എസിഇ2 ആവരണം വഴിയാണ് കൊറോണ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചിരുന്നത്. കുട്ടികളിൽ എസിഇ2 ആവരണം കുറവാണ് അതിനാൽ സാർസ് കോവ് 2 വൈറസുകൾ കുട്ടികളെ ബാധിക്കുന്നത് കുറവായിരുന്നു. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കുന്നതായി ഇംപീരിയൽ കോളജ് ലണ്ടനിലെ പ്രഫസർ വെൻഡി ബർക്കലെ പറഞ്ഞു.
വൈറസ് കുട്ടികളിൽ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വൈറസ് പ്രവേശിക്കുന്ന എസിഇ2 അടിസ്ഥാനമാക്കിയാണ് വാക്സിൻ നിർമിച്ചിരിക്കുന്നതെന്നും മികച്ച ഫലം പ്രതീക്ഷിക്കാമെന്നും ഫൈസർ വാക്സിൻ സഹനിർമാതാക്കളായ ബയോണ്‍ടെക്കിന്റെ സിഇഒ ഉഗർ സഹിൻ പറഞ്ഞു.
ഇതിനിടെ, യുകെയിൽ അഞ്ചു ലക്ഷം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്സൻ തിങ്കാളാഴ്ച വൈകുന്നേരം അറിയിച്ചു. വൈറസ് വ്യാപന ഭീതിയെത്തുടർന്ന് ഫ്രാൻസ് അതിർത്തികൾ അടച്ചതോടെ ബ്രിട്ടനിലേക്കുള്ള 1,500 ചരക്കുലോറികൾ കുടുങ്ങിക്കിടക്കുകയാണ്. അയൽരാജ്യങ്ങൾ അതിർത്തി അടയ്ക്കുകയും വിമാനയാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ രാജ്യം ഭക്ഷ്യക്ഷാമം നേരിടാൻ സാധ്യതയുണ്ട്.
എന്നാൽ, ഇതു മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. യുകെ അതിർത്തി അംഗരാജ്യങ്ങൾ തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ