Times of Kuwait
തിരുവനന്തപുരം: വിവാദങ്ങളെയെല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മിന്നും വിജയം. സ്വര്‍ണക്കടത്തും ലൈഫ് മിഷനും ഉള്‍പ്പടെ കേസുകളും വിവാദങ്ങളും ചര്‍ച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുളള മേല്‍ക്കൈ നഷ്മാകാതിരുന്നത് മുന്നണിക്കും സര്‍ക്കാരിനും ആത്മവിശ്വാസമായി. മുന്‍സിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനം നടത്താനായത് മാത്രമാണ് യു ഡി എഫിന് ആശ്വാസമായത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇടതുമുന്നണിക്കും യു ഡി എഫിനും. അതിനാല്‍ തന്നെ ഫലം സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
രാജ്യം ഉറ്റുനോക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പിയെ തറപറ്റിച്ചത് എല്‍ ഡി എഫിന് നേട്ടമായി. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയതും സഭാതര്‍ക്കത്തിലെ തന്ത്രപൂര്‍വമായ നിലപാടും ഇടതുമുന്നണിക്ക് കോട്ടയത്ത് സഹായകമായി. പ്രാദേശിക വിഷയങ്ങളേക്കാള്‍ വിവാദങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ ആക്രമിച്ച തന്ത്രം പിഴച്ചോയെന്ന് പ്രതിപക്ഷത്തിന് പരിശോധിക്കേണ്ടി വരും. ലൈഫ് മിഷന് പിരിച്ചുവിടുമെന്ന യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രസ്താവനയും തിരിച്ചടിച്ചു.
ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും എല്‍ ഡി എഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുന്‍സിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 518 എണ്ണത്തിലും എല്‍ ഡി എഫ് മുന്നിട്ടു നില്‍ക്കുകയാണ്. യു ഡി എഫിന് 366, എന്‍ ഡി എ 24, മറ്റുളളവര്‍ 32 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില. ബ്ലോക്ക് പഞ്ചായത്തില്‍ 152ല്‍ എല്‍ ഡി എഫ് 108 ഇടത്തും യു ഡി എഫ് 44 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ ഡി എഫ് ലീഡ് ചെയ്യുമ്ബോള്‍ നാലിടത്ത് മാത്രമാണ് യു ഡി എഫിന് ലീഡ് ചെയ്യാനാവുന്നത്.
മുന്‍സിപ്പാലിറ്റികളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ആകെയുളള 86 എണ്ണത്തില്‍ 45 ഇടത്ത് യു ഡി എഫ് മുന്നിട്ടുനില്‍ക്കുന്നു. 35 ഇടത്ത് എല്‍ ഡി എഫും ലീഡ് ചെയ്യുകയാണ്. ബി ജെ പിക്ക് ഇത്തവണ താരതമ്യേന മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഒരു സീറ്റ് മാത്രമാണ് ബി ജെ പിക്ക് അധികം നേടാനായത്. പാലക്കാട് മുന്‍സിപ്പാലിറ്റി നിലനിര്‍ത്താനായി. സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്റെ പരാജയം ബി ജെ പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുളളത്.
പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകള്‍ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കിഴക്കമ്ബലത്തിന് പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി