ജീന ഷൈജു
“ഒരു വായനക്കാരൻ യഥാർത്ഥത്തിൽ അയാൾ മരിക്കുന്നതിന് മുന്നേ ആയിരം ജീവിതങ്ങൾ ജീവിക്കുന്നു “
പണ്ട്, വായിക്കാൻ എന്നെ പോലെയുള്ളവരെ പ്രേരിപ്പിച്ചിരുന്ന പക്തികളിൽ ഒന്ന്.
“വായിക്കൂ വളരൂ -എന്ന ആപ്തവാക്യത്തിന് അപ്പുറം വായനയിലൂടെ നല്ല തലമുറകൾ വാർത്തെടുക്കപ്പെടുന്നു. പച്ചക്കു പറഞ്ഞാൽ. നാനയും. വെള്ളിത്തിരയും, വനിതയും പിന്നെ മനോരമ വാരികകൾ ഒക്കെ ആണ് എന്നിലെ വായനക്കാരിയെ പുറത്ത് കൊണ്ട് വന്നത്.
പുസ്തകങ്ങൾ ഇല്ലാത്ത ഒരു മുറി ആത്മാവില്ലാത്ത ഒരു ശരീരം പോലെ ആണെന്ന് കേട്ടിട്ടുണ്ട്.. ഒരു വ്യക്തിയുടെ ശാരീരിക മാനസിക വൈകല്യങ്ങളെ ഒരു പരിധിവരെ ഉന്മൂലനം ചെയ്യാൻ വായനക്ക് കഴിയും എന്നത് പ്രശംസവഹമായ കാര്യം തന്നെയാണ്.
വർഷങ്ങൾക്ക് മുന്നേ എന്നിലെ ആകാംക്ഷ കൊണ്ട് ഒരിക്കൽ” ഡോക്ടറോട് ചോദിക്കാം” ബുക്കിനുള്ളിൽ വെച്ചു വായിക്കുമ്പോഴാണ് അങ്കത്തട്ടിലേക്കു അമ്മയുടെ രംഗപ്രവേശം..
“മോളെന്താ പഠിക്കുന്നത്”
എന്ന ചോദ്യത്തിന്
“ഹിസ്റ്ററി”
എന്ന് ആവേശത്തിൽ മറുപടി പറഞ്ഞ എന്നോട്
“ഉച്ചത്തിൽ വായിച്ചു പഠിക്കൂ”-എന്നമ്മ
പക്ഷെ ഉച്ചത്തിൽ വായിച്ചപ്പോഴാണ് മണ്മറഞ്ഞു പോയ സിന്ധു നദീതട സംസ്കാരങ്ങൾക്കിടയിൽ
“ഗുഹ്യഭാഗങ്ങളിലെ വിയർപ്പുമണം അകറ്റാൻ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക” എന്നത് കൂടി കൂട്ടി വായിച്ചു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്.
അന്ന് കിട്ടിയ അടികൾ ഇന്നും തുടകളിൽ ചുവരുകളിലെ മായാത്ത ചിത്രങ്ങൾ പോലെ ബാക്കിയാണ്.അങ്ങനെ അന്ന് മുതൽ മുറി അടച്ചുള്ള എന്റെ പഠനം പുറം ലോകത്തേക്ക് സ്ഥാനഭ്രംശം ചെയ്യപ്പെട്ടു എന്ന് ഞാൻ ഇത്തരുണത്തിൽ സ്മരിച്ചു കൊള്ളട്ടെ.
വായന ഇല്ലാത്തതിനാൽ നഷ്ട്ടമാകുന്ന പുതിയ ചിന്തകൾ..വേറിട്ട അനുഭവങ്ങൾ..സാമൂഹിക മാധ്യമങ്ങളുടെ, ദൃശ്യ വിരുന്നുകളുടെ കടന്നുകയറ്റം ഒരു പരിധിവരെ വായനക്കാരെ തുറങ്കലിൽ അടക്കുന്നു. എന്തിനേറെ പറയണം ഒരു സിനിമയുടെ സംവിധായകൻ ആരാണെന്ന് വായിച്ചെടുക്കാനുള്ള ക്ഷമ പോലും ഒട്ടു മിക്ക സമൂഹത്തിനു ഇല്ലാ എന്ന് വേണം പറയാൻ.
അതിനാൽ
വായിച്ചു വളരൂ.. പുസ്തക താളുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.. കാരണം ചിന്തകൾക്ക് ചിറകു മുളച്ചു അവ മാനം മുട്ടെ പറന്നുയരട്ടെ.
More Stories
Sin theta, Cos theta
മറ്റുള്ളവർ എന്ത് വിചാരിക്കും ???
Be Happy