Times of Kuwait
സിഡ്നി : ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും ഇന്ത്യ 2-0നു സ്വന്തമാക്കി. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ഓസീസിനോടേറ്റ പരാജയത്തിനും ഇന്ത്യ കണക്കുതീര്‍ത്തു. അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. ഡാനിയേല്‍ സാംസിന്റെ ഓവറിലെ രണ്ടാമത്തെയും നാലാമത്തെയും പന്തില്‍ സിക്സര്‍ പറത്തി ഹാര്‍ദിക് ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.
195 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. ശിഖര്‍ ധവാന്റെ (52) അതിവേഗ ഫിഫ്റ്റി ഇന്ത്യയുടെ റണ്‍ചേസിന് തിരികൊളുത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (42*), ക്യാപ്റ്റന്‍ വിരാട് കോലി (40), കെഎല്‍ രാഹുല്‍ (30) എന്നിവരുടെ അതിവേഗ ഇന്നിംഗ്സുകള്‍ ആറു വിക്കറ്റുകളും രണ്ടു പന്തും ബാക്കിനില്‍ക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 36 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറും നേടിയ ധവാനാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. 22 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്നു. 12 റണ്‍സോടെ ശ്രേയസ് അയ്യര്‍ പുറത്താവാതെ നിന്നു. സഞ്ജു സാംസണിന് 15 റണ്‍സെടുക്കാനേ ആയുള്ളൂ.
നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. 58 റണ്‍സെടുത്ത മാത്യു വെയ്ഡ് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറര്‍. സ്റ്റീവ് സ്മിത്ത് (46), ഹെന്റിക്കസ് (26) തുടങ്ങിയവരും തിളങ്ങി. ഇന്ത്യക്കായി നടരാജന് 2 വിക്കറ്റ് വീഴ്ത്തി. തുടക്കം മുതല്‍ തന്നെ ആക്രമണാത്മക ബാറ്റിംഗ് ആണ് ഓസീസ് കാഴ്ച വെച്ചത്. ഫിഞ്ചിനു പകരം മാത്യു വെയ്ഡ് ആയിരുന്നു ക്യാപ്റ്റന്‍. വെയ്ഡ് തന്നെയാണ് ഡാര്‍സി ഷോര്‍ട്ടിനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ആദ്യ പന്ത് മുതല്‍ ആക്രമണം ആരംഭിച്ച വെയ്ഡ് ശരവേഗത്തിലാണ് സ്കോര്‍ ചെയ്തത്. ചില മിസ്ഹിറ്റുകള് ഫീല്‍ഡറുടെ കൈകളിലെത്താതെ ബൗണ്ടറി തൊട്ടത് താരത്തിന്റെ ഭാഗ്യവും വിളിച്ചോതി. ഡാര്‍സി ഷോര്‍ട്ടിനെ (9) ശ്രേയാസ് അയ്യരുടെ കൈകളിലെത്തിച്ച നടരാജന് ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 47 റണ്‍സാണ് ഷോര്‍ട്ട്-വെയ്ഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 25 പന്തുകളില്‍ വെയ്ഡ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ വെയ്ഡ് (58) മടങ്ങി. താരം റണ്ണൗട്ടാവുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ മാക്സ്വല്‍-സ്റ്റീവ് സ്മിത്ത് സഖ്യവും സ്കോറിംഗ് റേറ്റ് താഴാതിരിക്കാന്‍ ശ്രദ്ധിച്ചു. 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ആക്രമിച്ച് കളിച്ച മാക്സ്വല്‍ (22) ശര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പിടിച്ചാണ് പുറത്തായി. നാലാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്ത്-മോയിസസ് ഹെന്റിക്കസ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ഉയര്‍ത്തിയത്. സ്മിത്തിനെ (46) ഹര്‍ദ്ദിക്കിന്റെ കൈകളില്‍ എത്തിച്ച ചഹാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറില്‍ ഹെന്റിക്കസിനെ (26) നടരാജന് രാഹുലിന്റെ കൈകളില്‍ എത്തിച്ചു. മാര്‍ക്കസ് സ്റ്റോയിനിസ് (16), ഡാനിയല്‍ സാംസ് (8) എന്നിവര്‍ പുറത്താവാതെ നിന്നു.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം