ജീന ഷൈജു
കഴിഞ്ഞ ദിവസം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടിയോട് സമ്മാനമായി എന്താണ് വേണ്ടിയത് എന്ന് താൻ ചോദിച്ചപ്പോൾ മാത്രം “കോലുമിട്ടായി” എന്ന് മറുപടി പറഞ്ഞ ഒരു എട്ടുവയസ്സുകാരന്റെ നിഷ്‌ക്കളങ്കതയുടെ മുന്നിൽ തികച്ചും പകച്ചു പോയ ഒരു മാതാവിന്റെ കുറിപ്പ്……
നിഷ്കളങ്കതയുടെ പര്യായായമായ ബാല്യത്തിന്റെ യുഗത്തിലേക്ക് നിങ്ങൾ ഓരോരുത്തർക്കും സ്വാഗതം..
എൺപതുകളിലെയും.. തൊണ്ണൂറുകളിലെയും.. കുട്ടിത്തത്തിൽ നിന്നും കാതങ്ങൾ അകലെയാണ് ഇന്നത്തെ ബാല്യങ്ങളിൽ പലതും.. പണ്ട് ഒരു പ്രസംഗമത്സരത്തിലോ, കാവിലെ പാട്ടുമത്സരത്തിലോ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നേൽ സമ്മാനമായി കിട്ടിയിരുന്നത് ചില്ലു കോപ്പകളും, സോപ്പ് പെട്ടികളുമൊക്കെ ആയിരുന്നു. പക്ഷെ ആ കുഞ്ഞ് മനസ്സുകളിൽ ആ സോപ്പ് പെട്ടികൾക്ക് മാനം മുട്ടെ വലുപ്പമായിരുന്നു എന്ന് വേണം പറയാൻ.സ്റ്റാറ്റസ് നോക്കാത്ത മാതാപിതാക്കളാവാം അതിനു കാരണക്കാർ.
അന്നൊക്കെ അൻതിൽ അൻപതും മേടിച്ചിരുന്നേൽ സമ്മാനമായി കിട്ടിയിരുന്നത് രാജേന്ദ്രൻ ചേട്ടന്റെ പെട്ടിക്കടയിലെ കടലമിട്ടായി ആയിരുന്നു.ആ പഞ്ചായത്തിലെ ഏറ്റവും വലിയ പണക്കാരന്റെ വീട്ടിലെ കുട്ടിക്ക് ആവും അന്ന് ഒരു സൈക്കിൾ പോലും ഉണ്ടായിരുന്നത് എന്ന് ഇത്തരുണത്തിൽ സ്മരിക്കുന്നു.
ആവശ്യപ്പെട്ടാൽ ഉടൻ തന്നെ മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഞാനുൾപ്പെടുന്ന മാതാപിതാക്കൾ ഒരുവിധത്തിൽ പറഞ്ഞാൽ ഇന്നത്തെ തലമുറയുടെ ഒരു ശാപം തന്നെയാണ്. എല്ലാം കൈവെള്ളയിൽ സുലഭമായ സമൂഹത്തിൽ സ്വന്തം മക്കൾ ലജ്ജിതരായി പോകാതിരിക്കാനുള്ള ഓരോ മാതാപിതാക്കളുടെയും വ്യഗ്രത ആയി അതിനെ കാണുമ്പോഴും മൂല്യങ്ങളെ മനസ്സിലാക്കാത്ത തലമുറകളെയാണ് നാമോരോരുത്തരും വാർത്തെടുത്തു കൊണ്ടിരിക്കുന്നത് എന്നോർക്കേണ്ടിയിരിക്കുന്നു.
ആവശ്യപ്പെട്ട ഉടനെ കിട്ടിക്കൊണ്ടിരുന്ന ഇഷ്ട്ടങ്ങൾക്കൊടുവിൽ, മുന്നോട്ടുള്ള ആവശ്യങ്ങളിൽ ഏതെങ്കിലും ഒന്ന് കിട്ടാൻ കുറച്ചു താമസിച്ചിട്ടുണ്ടെൽ മാനസികമായി അതിനോട് പൊരുത്തപ്പെടാൻ കഴിയാതെ പുതിയതലമുറ വിഷാദ രോഗത്തിന്റെയും ആത്മാഹുതിയുടേയുമൊക്കെ അടിമകൾ ആയി മാറുന്നു. ഇതിനെയാണ് കാരണവന്മാർ വളർത്തു ദോഷം എന്ന് ഒരു പരിധി വരെ വിളിച്ചിരുന്നത്.
മാതാപിതാക്കളുടെ സ്റ്റാറ്റസിനു അനുസരിച്ചു കുഞ്ഞ് മനസുകളിലേക്ക് കുത്തിനിറക്കപ്പെടുന്ന വായിൽ കൊള്ളാത്ത ബ്രാൻഡ്സ്.. അത് നാലാളുടെ മുന്നിൽ മക്കളെ കൊണ്ട് പറയിക്കാനുള്ള അവരുടെ ബുദ്ധിമുട്ട്… അതാണ് ഇന്ന് സമൂഹത്തിൽ കണ്ടു വരുന്നത്.അടുത്തിടെ പ്രശസ്തി നേടിയ ഒരു ഷൂസിന്റെ പേര് കുഞ്ഞ് മക്കളെ നാവുടക്കാതെ പറയാൻ പഠിപ്പിക്കുന്ന മാതാപിതാക്കൾ നമുക്ക് ചുറ്റിനും കുറവല്ല എന്ന് എടുത്തു പറഞ്ഞോട്ടെ.
“പാടില്ല “എന്നല്ല..
“പരിധി വരെ ആവാം “-മുപ്പത്തിനായിരം രൂപയുടെ വാച്ചും മൂവായിരം രൂപയുടേതും ഒരേ സമയം തന്നെ കാണിക്കും..മൂവായിരമോ മൂന്നൂറോ ആണ് വീടിന്റെ വിസ്തീർണം എന്നല്ല അതിൽ താമസിക്കുന്നവരുടെ സന്തോഷമാണ് വലുത്, ബാഗ് അയ്യായിരത്തിന്റെയോ.. അഞ്ഞൂറിന്റെയോ എന്നതല്ല.. അതിൽ ഉൾക്കൊള്ളുന്നതെന്തോ അതിനാണ് മൂല്യം.
നിനക്ക് അഞ്ഞൂറ് രൂപയുടെ കളിപ്പാട്ടം വാങ്ങി തരുമ്പോഴും 50രൂപയുടെ പോലും കളിപ്പാട്ടം വാങ്ങാൻ കഴിയില്ലാത്ത ഒന്നാം സ്ഥാനക്കാർ നിന്റെ ചുറ്റിലുമുണ്ടെന്നു അവർക്കു പറഞ്ഞും കാട്ടിയും കൊടുക്കുക.. മനുഷ്യത്വമെന്ത് എന്ന് മക്കളെ പഠിപ്പിക്കുക.
അതുകൊണ്ട്, ജയസൂര്യ പറഞ്ഞപോലെ വീട്ടിൽ അതിഥികൾ വരുമ്പോൾ ടിവിയും മൊബൈലും മാറ്റി വെക്കുന്നതുൾപ്പടെ, അടിത്തറ മുതൽ മൂല്യങ്ങൾ മക്കളെ പഠിപ്പിക്കാം..മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ചികഞ്ഞു നോക്കാൻ നിൽക്കാതെ.. നന്മക്കും.. നേരിനുമായി പോരാടാൻ അവരെ പ്രാപ്തരാക്കാം…അങ്ങനെ മികവുറ്റ തലമുറയെ വാർത്തെടുക്കാം.
More Stories
Sin theta, Cos theta
മറ്റുള്ളവർ എന്ത് വിചാരിക്കും ???
Be Happy