Times of Kuwait
സുഖവും, ദുഃഖവും ഇടകലർന്ന പിന്നിട്ട ജീവിതവഴിലേക്ക്
ഓർമയിലൂടെ ഒരു യാത്ര
ഓർമ്മത്താളുകൾ
റീനാ സാറാ വർഗീസ് എഴുതുന്നു…
പ്രവാസമാകുന്ന അത്യുഷ്ണത്തിൽ നിന്നു് ജന്മനാടിന്റെ കുളിർത്തെന്നലിലേയ്ക്കു പറന്നിറങ്ങാനുള്ള,ഓരോ പ്രവാസിയുടേയും രക്തത്തിൽ അന്തർലീനമായി കിടക്കുന്ന രൂഢമൂലമായ ഗൃഹാതുരതയെക്കുറിച്ച് എത്രമാത്രം പറഞ്ഞാലും,എഴുതിയാലും മതി വരില്ല.
ചുറുചുറുക്കാർന്ന യൗവനത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ,ഭാസുര ഭാവിക്കു് പ്രവാസം എന്ന മേൽവിലാസം എടുത്തണിഞ്ഞവരാണു് ഭൂരിഭാഗവും.അന്നുമുതൽ പിന്നെയങ്ങോട്ട് ആയുസ്സിന്റെ നീളം അളക്കാതെ,ആരോഗ്യം വകവയ്ക്കാതെ ക്ലേശവും,പിരിമുറുക്കവുമായി ദിനം ഓരോന്നും കൊഴിഞ്ഞു വീഴുന്നു
അതിന്റെ ഇടവേളകളിൽ കുറച്ചുനാളത്തേക്കു
സ്വസ്തതയോടെ ഇവയെല്ലാം ഇറക്കിവച്ച് ആശ്വാസം കൊള്ളാൻ ഒരിടം.അതു് ജീവനിശ്വാസങ്ങൾക്കൊപ്പം ആത്മാവിൽ അലിഞ്ഞുചേർന്ന ഹരിതഭൂവിലെ സ്വന്തഗൃഹം അല്ലാതെ മറ്റെവിടെ!!!!
അവധി അനുമതി ലഭിച്ചതിനു ശേഷമുള്ള ഓരോ ദിനാന്ത്യത്തിനും ഇത്രയേറെ ദൈർഘ്യമോയെന്നു് തോന്നിപ്പിക്കും വിധമുള്ള കാത്തിരിപ്പ്.പകലോൻ പകവീട്ടി എരിഞ്ഞടങ്ങുന്ന സന്ധ്യകൾക്കൊപ്പം,ഹൃദയവും അനിയന്ത്രിതമായ ആകാംക്ഷയുടെ പെരുമ്പറ കൊട്ടുമ്പോൾ ദിനങ്ങളെ പഴിചാരി,ഇടയ്ക്കിടെ വിമാന ടിക്കറ്റ് എടുത്തുനോക്കി സംതൃപ്തിയടയും.
വാങ്ങിവച്ചിരിക്കുന്ന സാധനങ്ങൾ പലയാവൃത്തി സൂക്ഷ്മപരിശോധന നടത്തി “എന്തോ കുറവില്ലേ”,”പടിഞ്ഞാറ്റയിലേ വല്യമ്മ കഴിഞ്ഞപ്രാവശ്യം പ്രത്യേകം പറഞ്ഞുവിട്ടിരുന്ന ഷാംപൂ, സോപ്പ്,താഴത്തെ വീട്ടിലെ കുഞ്ഞമ്മയ്ക്കു ഫോറിൻ സാരി,വല്യച്ഛനു മൊബൈൽ,അയ്യോ! മറന്നു”
ഇത്തരം ആത്മഗതങ്ങൾ പിന്നീടങ്ങോട്ടുള്ള ദിനസരികളിൽ നിറയുന്നു.
സാധനങ്ങൾ വാങ്ങാൻ കടയിലേക്കുള്ള ഓരോ പോക്കിലും കോടാലിത്തൈലം,ടൈഗർ ബാം,പെർഫ്യൂം,പിസ്ത എന്നീ ആസ്ഥാന വസ്തുക്കൾക്കൊപ്പം പെരുക്കപ്പട്ടിക പോലെ പെട്ടിയിലെ സാധനബാഹുല്യത്തിന്റെ
പുറകിലെ നിഗൂഢ രഹസ്യവും, പേഴ്സാകുന്ന പണസഞ്ചിയിൽ എവിടെയെങ്കിലും ചോർച്ചയുണ്ടോയെന്നുള്ള തോന്നലും,ഇന്നും ഉത്തരം കിട്ടാത്ത പ്രഹേളിക.
കെട്ടിവച്ചിരിക്കുന്ന ലഗേജിൽ സ്വന്തം പേരെഴുതി, ഇറങ്ങേണ്ട വിമാനത്താവളത്തിന്റെ പേരും മുകൾഭാഗത്ത് ഒട്ടിച്ചു, കൈയിൽ വഹിക്കുന്ന ബാഗ് അടക്കം വിമാനക്കമ്പനി അനുശാസിക്കുന്ന തൂക്കത്തിന് അനുസൃതമാണോയെന്നു്, തൂക്കം നോക്കുന്ന സാമഗ്രിയിൽ കുറഞ്ഞത് രണ്ടു് പ്രാവശ്യമെങ്കിലും നോക്കിയിട്ടും വിശ്വാസം പോരാഞ്ഞ് അതിൽ കൂടുതൽ തവണ തൂക്കം നോക്കി നെടുവീർപ്പിടും..
“ഈശ്വരാ”..വാങ്ങിവയ്ച്ചിരിക്കുന്ന സാധനസാമഗ്രികളത്രയും ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു വേണ്ടപ്പെട്ടവർക്കു കൊടുക്കാൻ സാധിക്കണേ എന്നു് മനമുരുകി ഒരു പ്രാർത്ഥനയുണ്ടു്!!
യാത്രാദിനം ആഗതമായാൽ എത്രയും പെട്ടെന്നു വിമാനത്താവളത്തിലെത്തി ലഗേജിന്റെ ഭാരത്തിൽ വ്യതിയാനമുണ്ടോ എന്നറിയും വരെ നെഞ്ചിടിപ്പു ചുറ്റുമുള്ളവർ കേൾക്കുന്നുണ്ടോയെന്നു് പോലും ഒരുവേള സംശയിക്കും.
കൃത്യമായ തൂക്കത്തിൽ ടാഗ്ഹാരമണിഞ്ഞ,ലഗേജ് കൺവെയറിൽ കൂടി,മെല്ലെ ഒഴുകിപ്പോകുന്നതു് കാണുമ്പോൾ ഉളവാകുന്നതു് അനിർവചനീയമായ ആത്മനിർവൃതി..
ഓരോ ആകാശപ്രയാണവും, പുതുമനിറഞ്ഞതും, ആനന്ദദായകവുമായി ഉള്ളിലേക്ക് ആവാഹിക്കപ്പെടുകയാണു്.
പ്രവേശനാനുമതി പത്രം ലഭിച്ചുകഴിഞ്ഞാൽ പുറത്തെ ചില്ലു ജാലകത്തിനപ്പുറം,യാത്ര ചെയ്യാനുള്ള വിമാനത്തിന്റെയടക്കം തൊട്ടപ്പുറത്തു കിടക്കുന്ന എല്ലാ വിമാനങ്ങളുടേയും തലഭാഗം മുതൽ വാലറ്റം വരെയുള്ള നിറവും,ഭംഗിയും, ഏതൊക്കെ രാജ്യങ്ങളിലേക്കുള്ളവ എന്നതൊക്കെ അളന്നുക്കുറിച്ചു,വിവിധ സ്ഥലങ്ങളിലുള്ള പരിചിതരല്ലാത്ത സഹയാത്രികരോടു ചിരപരിചിതരെപ്പോലെ കുശലാന്വേഷണങ്ങൾ നടത്തി വിമാനത്തിലേക്കു പ്രവേശിക്കാനായി കാത്തിരിക്കുമ്പോൾ,എത്രയും പെട്ടെന്നു നാട് അണഞ്ഞാൽ മതിയെന്ന തൃഷ്ണയേറും.
ചെറുപെട്ടികളുമായി,പ്രത്യേക രീതിയിൽ
യൂണിഫോം ധരിച്ചു,ലോകത്തിന്റെ പല ഭാഗങ്ങളിൽ നമ്മേ എത്തിക്കുന്ന വൈമാനികർക്കൊപ്പം,കാബിൻ ക്രൂവെന്ന യാത്രാവിമാന ആതിഥേയരും നടന്നുനീങ്ങുന്നതു വീണ്ടും സന്തോഷം ഇരട്ടിയാക്കും!!!
വിമാനത്തിന്റ ഉള്ളിലേക്കു പ്രവേശിക്കാനായി അനുമതിപത്രവും,പാസ്പോർട്ടുമായി,പ്രവേശന കവാടത്തിനു മുന്നിൽ തൊഴുകൈയുമായി പുഞ്ചിരിച്ചു നിൽക്കുന്ന, എയർഹോസ്റ്റസുമാരുടെ ആംഗലേയഭാഷയിലെ ആശംസകളുടെ വായ്മൊഴികൾ ഏറ്റുവാങ്ങി, ഓരോരുത്തരും തങ്ങൾക്കായി അനുവദിച്ചിരിക്കുന്ന ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു നീങ്ങും.
മുകളിൽ സ്ഥാപിച്ചിട്ടുള്ള ചെറുഅറകളിൽ കയ്യിലിരിക്കുന്ന ബാഗു സുരക്ഷിതമായി വെച്ചു്, താന്താങ്ങളുടെ ഇരിപ്പിടത്തിൽ സീറ്റ് ബെൽറ്റ് ധരിച്ച് ആസനസ്ഥരായാൽ പിന്നെ പറന്നുയരാനുള്ള കാത്തിരിപ്പാണു്…
ഭൂമിയിൽനിന്ന് ഉയരുന്നതിനു മുന്നോടിയായി,അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നാൽ അകത്തു സജ്ജീകരിച്ചിരിക്കുന്ന സംവിധാനങ്ങളെ പറ്റിയും,അവ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും വിമാന ആതിഥേയരിൽ ഒരാൾ യാത്രികരേ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞാൽ റൺവേയിൽ കൂടി പതിയെ നീങ്ങി,ഞൊടിയിടയിൽ അതിവേഗം ഉന്നതങ്ങളിലേക്ക്..
അംബരചുംബി സൗധങ്ങൾ തീപ്പെട്ടിക്കൂടുകൾ പോലെയും, ഉറുമ്പുകൾ നിരനിരയായി പോകുകയാണോയെന്നു് തോന്നുമാറ് റോഡുകളിൽക്കൂടി പോകുന്ന ശകടങ്ങളും, കണ്ണുകളിൽ നിന്നും അകന്നകന്നു് എവിടെയോ മറയും.പിന്നെ ചിറകുവിരിച്ചു ഗഗനപഥത്തിലെ പഞ്ഞിക്കെട്ടുകൾക്കിടയിലേക്ക് …
വിമാനം നിലത്തുനിന്ന് ഉയരുന്ന സമയം, മർദ്ദവ്യത്യാസം മൂലം ചെവി വേദനയാൽ പുളയുന്ന കൊച്ചുകുഞ്ഞുങ്ങളുടെ ഉള്ളു നീറ്റുന്ന കൂട്ടക്കരച്ചിലുകൾ,ധൂമപടലങ്ങൾ വകഞ്ഞുമാറ്റി നീങ്ങുന്നതിനൊപ്പം എപ്പോഴോ അലിഞ്ഞില്ലാതെയാകും.
നോക്കൂ….മേഘശകലങ്ങൾ പല രൂപങ്ങളിൽ ഭ്രമിപ്പിച്ച്,
ചിലപ്പോൾ കൈയിലേക്കു വാരിയെടുക്കാൻ തോന്നും.
മഞ്ഞുപാളികൾ അടർന്നുവീണതുപോലെ, ചിത്രകാരന്റെ ക്യാൻവാസിൽ പതിഞ്ഞ മനോഹര ചിത്രമായി, ഏതോ ഉദ്യാനത്തിൽ കുടമുല്ലകൾ വിരിഞ്ഞുനിൽക്കുന്നതു പോലെ,സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളായി,പടങ്ങളിൽ കണ്ടുമറന്ന സ്വർഗ്ഗലോകം പോലെ,ശുഭ്രവസ്ത്രധാരികളായ മാലാഖമാർ ഇറങ്ങി വരുന്നതു പോലെ,സായന്തന സൂര്യൻ ചായില്യം അണിയിച്ച ഗഗന വീഥികൾ അഗ്നിജ്വാല ആളിപ്പടർന്നതുപോലെയും
അനുപമമായ മായിക സൗന്ദര്യത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ദൃശ്യവിസ്മയങ്ങളാൽ മനംകവർന്ന് എവിടേയ്ക്കോ കൊണ്ടുപോകും!!!.
ഒരിക്കൽ അതുല്യമായ ഇക്കാഴ്ചകൾ മതിമറന്ന് ആസ്വദിച്ചിരിക്കുമ്പോൾ, സഡൻ ബ്രേക്ക് ഇട്ടതുപോലെ, വിമാനം കുലുങ്ങി,ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന എയർഹോസ്റ്റസുമാരുടെ ട്രോളി അടക്കം താഴേക്കു പതിച്ചു. രണ്ടു സീറ്റുകൾക്കു അപ്പുറം സിസേറിയൻ കഴിഞ്ഞിട്ട് അധികം ആകാത്ത ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മടിയിൽ വെച്ച് കുലുക്കത്തിന്റെ ശക്തിയിൽ വേദന സഹിക്കവയ്യാതെ ഉറക്കെ കരയുന്നു..
” എല്ലാ യാത്രക്കാരും സീറ്റു ബെൽറ്റ് ധരിച്ചു,സംഭ്രമിക്കാതെ യഥാസ്ഥാനങ്ങളിൽ സുരക്ഷിതരായിരിക്കൂ”വൈമാനികർ നിരന്തരം
സന്ദേശം തന്നിട്ടും, ഇടനെഞ്ചിൽ ഒരു വെള്ളിടി വെട്ടി എന്നുള്ളതു് വാസ്തവം. തല മുൻപിലെ സീറ്റിൽ ചെന്നിടിച്ചു എന്നതല്ലാതെ കാര്യമായി ഒന്നും സംഭവിച്ചില്ല…
നാട്ടിലെ ചില റോഡുകളിൽ മാത്രമല്ല,ആകാശത്തും ഇത്തരം എയർഗട്ടറുകളെന്ന ആകാശച്ചുഴികൾ ഉണ്ടന്ന് അന്നാദ്യമായി കിട്ടിയ പുതിയ
അറിവു്.ഭയം അങ്കുരിപ്പിച്ച ഈ അവിസ്മരണീയമായ അനുഭവം,പിന്നീടുള്ള എല്ലാ ആകാശയാത്രകളിലും
മനസ്സിലേക്ക് ഓടിയെത്തും.
ടോയ്ലറ്റ് ഫ്ലഷ് ചെയ്തതിനു ശേഷമുണ്ടാകുന്ന കാതടപ്പിക്കുന്ന ശബ്ദം കേട്ട് “ഏതോ സ്വിച്ചിൽ പിടിച്ച് അമർത്തി,ഇനിയെങ്ങാനും വല്ല കുഴപ്പവും ഉണ്ടാകുമോ,ഇതെങ്ങാനും താഴേക്കു പതിക്കുമോ” പരിഭ്രാന്തിയോടെ ഓടിവന്നു മന്ത്രിച്ചു, ഹൃദയമിടിപ്പു കൂട്ടിയ സുഹൃത്ത് ആദ്യ വിമാനയാത്രയിലെ ചിരിയോർമ്മ.
ഹരിതവർണാഭയിലേക്കു പറന്നിറങ്ങുമ്പോൾ,അതു് വെറുമൊരു ഇടവും,വികാരവും മാത്രമല്ല, ഇരുണ്ടും, വെളുത്തും ദിനങ്ങളായും, ആഴ്ചകളായും മാസങ്ങളായും, ആണ്ടുകളായും കൊഴിഞ്ഞുപോയ നാളുകൾക്കൊപ്പം എണ്ണിയെണ്ണി കാത്തിരുന്ന പ്രിയനിമിഷങ്ങളും കൂടിയാണു്.
“എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
അഴകുമാരോഗ്യവും സ്വസ്ഥതയും
അവിടത്തില്‍ മൊട്ടിട്ടു നിന്നീടുന്നു. “മലയാളത്തിന്റെ കാവ്യ ഗന്ധർവ്വൻ മഹാകവി ചങ്ങമ്പുഴയുടെ വരികൾ എത്രയോ അന്വർത്ഥം..
താഴെ നിന്നു് ആ മനോഹാരിത ഹൃദയത്തെ തൊടുമ്പോൾ, പറഞ്ഞറിയിക്കാനാകാത്തയെന്തോ ഒന്നു സന്തോഷാധിക്യത്താൽ തൊണ്ടയിൽ തടയും. അതിനെ എന്തു പേരിട്ടു വിളിക്കണമെന്ന് ഇന്നും അറിയില്ല.
ഊഷരഭൂമിയിൽ നനുത്തമഴ പെയ്തിറങ്ങി ഉർവരമായി വ്യഥകൾ ഇറക്കിവച്ചു്,നാം നാമായിത്തീരുന്ന ഇടം.പിറന്ന മണ്ണ്,എന്റെ നാടെന്ന വികാരം ആകാശവിതാനത്തിലൂടെ ഹരിതഭൂവിലേക്കു,പറന്നിറങ്ങുന്ന
ഓരോ പ്രവാസിയേയും അനുഭവിപ്പിക്കുന്നു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി