ജീന ഷൈജു
കടന്നു പോയ ഋതുക്കൾക്കും, കൊഴിഞ്ഞു വീണ ഇലകൾക്കുമപ്പുറം, നമ്മുടെ ബാല്യം നമുക്കൊരോരുത്തർക്കും പ്രീയപ്പെട്ടതായിരുന്നു…
വരൂ.. അല്പനേരതെക്കെങ്കിലും കാലം നിറച്ചാർത്തണിയിച്ച ആ ഇടനാഴിയിലൂടെ ഒന്നു തിരിഞ്ഞു നടക്കാം..
അഞ്ചു ദിവസം കൊണ്ട് സസ്യമൃഗാദികlളെയും ആറാം ദിവസം മനുഷ്യനെയും സൃഷ്ട്ടിച്ച ശേഷം ദൈവം ഏഴാം ദിവസം വിശ്രമിച്ചത്രേ…
അതെ.. ഞായറാഴ്ച വിശ്രമദിവസം..
ഇനി ഓർമയുടെ വളക്കൂറുള്ള മണ്ണിലേക്ക് തൂമ്പയിറക്കട്ടെ
കുട്ടിക്കാലത്തെ ഒരു ഞായറാഴ്ചയിലേക്കൊന്നു ഊളിയിട്ടാലോ..
ഒരാഴ്ചത്തെ മുഴുവൻ പഠിപ്പിന്റെ ഭാണ്ഡവും മറവിയുടെ ശ്മാശാനത്തിൽ മണ്ണിട്ടു മൂടി ശനിയാഴ്ച വൈകുന്നേരത്തോടെ ആഘോഷത്തിന് മനസ്സിൽ തിരി തെളിയുകയായി. അന്ന് പല സീരിയൽ താരങ്ങളും എന്തിന് ഹനുമാനും.. ശ്രീകൃഷ്ണനും പോലും എന്നോടൊപ്പമായിരുന്നു ഭക്ഷണം കഴിക്കാറ്.കാരണം അന്ന് മാത്രമായിരുന്നു രാത്രിയിൽ ടി. വി കാണാൻ അനുവാദമുണ്ടായിരുന്നത്.
അങ്ങനെ ഇരിക്കെയാണ് താഴെവീട്ടിലെ ചേട്ടൻ ഗൾഫിന്നു വന്നത്.. പണിക്കത്തിയുടെ വീട്ടിലേ മുല്ലപ്പൂവ് ബ്രൂട്ട് നു മുന്നിൽ ഒന്നുമല്ല എന്ന് തെളിയിച്ചു തന്ന വ്യക്തിത്വം.അന്നൊക്കെ കളിക്കിടയിൽ മനപ്പൂർവം പന്ത് ഗൾഫ്‌കാരന്റെ ജനാലകയിലേക്ക് വലിച്ചെറിയും.. എന്തിനെന്നോ അതെടുക്കാനെന്ന വ്യാജേന അവരുടെ ജനാലക്കൽ ചെന്നിട്ടു വേണം വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മിട്ടായികൾ കൈ നീട്ടി മേടിക്കാൻ.
വന്ന രണ്ടാമത്തെ ദിവസം ഞങ്ങളുടെ പഞ്ചായത്തിലെ ആദ്യത്തെ VCD പ്ലയെർ ചേട്ടൻ പെട്ടി പൊട്ടിച്ചു പുറത്തെടുത്തു. അങ്ങനെ എന്റെ ശനിയാഴ്ച സന്ധ്യകൾ ഓല മെടഞ്ഞ തറ ടിക്കറ്റ്കൾ പതിയെ സ്വന്തമാക്കി തുടങ്ങിയെങ്കിലും.. പെണ്ണിന്റെ സിനിമ കോട്ടയിലെ സന്ധ്യവാസം ശരിയല്ലെന്ന് മനസ്സിലാക്കിയ അമ്മ എന്റെ ആ ആഗ്രഹത്തെ മണിച്ചിത്ര താഴിട്ട് പൂട്ടി..
പക്ഷെ കാരാഗൃഹത്തിൽ അടക്കപ്പെട്ട ശനി രാത്രികൾ സന്തോഷത്തോടെ ഞായർ പുലർച്ചയിൽ ഉയർത്തെഴുന്നേൽക്കപ്പെട്ടു..
എത്രയും താമസിച്ചു ഉറക്കമെഴുന്നേൽക്കുന്നോ അത്രയും കുറച്ചു അടുക്കളപ്പണി ചെയ്‌താൽ മതിയെന്നു മനസ്സിലാക്കി 7.15 am ഓടെ ആസനത്തിൽ മുത്തമിടുന്ന സൂര്യകിരണങ്ങളെ ശപിച്ചു കൊണ്ട് എഴുന്നേൽക്കും.. പല്ല്തേപ്പ് കുളി.. ജപം ഒക്കെ കഴിഞ്ഞ് എത്തുമ്പോൾ കരിഷ്മ ചേച്ചിയും, രേഖ ആന്റിയുമൊക്കെ കുട്ടി നിക്കറും.. കുഞ്ഞുടുപ്പും ഇട്ടു വന്നിട്ടുണ്ടാവും രംഗോലിയിൽ.. നായികയെ പ്രണയിച്ചു ചുംബിക്കുന്ന നായകനെ വെള്ളം തൊടാതെ വിഴുങ്ങികൊണ്ടിരുന്നവൾക്ക് തലക്കടി പിന്നെ പിന്നെ പതിവായി തുടങ്ങി.കുതിരപ്പുറത്തു സ്ലോ മോഷനിൽ വന്നിരുന്ന ചന്ദ്രകാന്തകയിലെ നായകനിൽ.. കിണറ്റിൽ ചാടിയിട്ട് സ്വന്തം കൈ പൊക്കി രക്ഷപെട്ടുകൊണ്ടിരുന്ന ശക്തിമാനിൽ ഒക്കെ ഭാവി വരനെ ആയിരുന്നു കണ്ടിരുന്നത് എന്ന് വികാരഭരിതയായി പറഞ്ഞോട്ടെ
അമ്മയുടെ ചീത്ത പറച്ചിൽ കേൾക്കാൻ വയ്യാതെ സഹികെട്ടു 9മണിയാകുമ്പോൾ പള്ളിക്കു യാത്രയാകും. എത്രയും താമസിച്ചു പോകുന്നോ അത്രയും പെട്ടന്ന് തിരിച്ചു വരാലോ.. കൗമാരത്തിന്റെ കൈപിടിച്ച് കണ്ണുകൾ പ്രണയം കൈ മാറിയിരുന്ന പള്ളി മുറ്റങ്ങൾ..ഒരായുസ്സ് മുഴുവൻ കൂടെ കൂട്ടാൻ ആലോചിച്ചു ഉറപ്പിച്ച രണ്ടു മണിക്കൂർ കുർബാനകൾ… കുട്ടിത്തം വറ്റാഞ്ഞത് കൊണ്ടായിരുന്നിരിക്കാം അന്നൊക്കെ പ്രണയം മുഴുവൻ ഖാലിദിക്കയുടെ കടയിലെ ബോണ്ടയോടും പുത്തൻ പണക്കാരനായ പഫ്സ് നോടും ആയിരുന്നു
സമയം 12.30 pm നു വേദപാഠം ക്ലാസ്സ് കഴിഞ്ഞു തിരിച്ചു 1 pm നു വരുമ്പോഴേക്കും “രഞ്ജിനി ” മടികൂടാതെ പാടിതുടങ്ങും.. ആനന്ദനശാന്റെ വീടിന്റെ മുന്നിൽ അവൾ “അനുരാഗിണി” ആയിരുന്നേൽ..തമ്പിച്ചായന്റെ വീടിന്റെ മുന്നിൽ എത്തുമ്പോഴേക്കും അവൾ “മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കിയിട്ടുണ്ടാവും “
പാടം കടന്നു ഇടവഴി കയറുമ്പോൾ മുളംകാടുകൾ ആനന്ദിച്ചു നൃത്തം വെക്കും കാരണം .. കാറ്റ് അവൾക്കായ് സമ്മാനിക്കുന്നത് ബീഫ് ഉലർത്തിയതിന്റെ അനർഗളം നിർഗളിക്കുന്ന സുഗന്ധമാണ്.. “എന്റെ സാറേ.. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല”
അങ്ങനെ ആന കരിമ്പും കാട്ടില് കയറിയ പോലെയുള്ള ഭക്ഷണം കഴിപ്പ് കഴിഞ്ഞ് ഉഷ ഫാൻ അഞ്ചിൽ ചലിപ്പിച്ചു അപ്പനു മാത്രം തീറെഴുതി കിട്ടിയ ചാറുകസേരയിൽ മലർന്നു കിടക്കുമ്പോൾ
“Still I Love you “
മലയാളിയെ കേൾവിക്കാരായി പ്രണയിക്കാൻ പഠിപ്പിച്ച ശബ്ദ രേഖയിലൂടെ ലാലേട്ടൻ..
എപ്പഴോ രാരീരം പാടി ഉറക്കിയ ഏതോ നായകന്റെ ഇശലുകൾക്ക് വിരാമമിട്ടുകൊണ്ട് അമ്മ ചായ കോപ്പയുമായി എത്തും. സമയം 3.45pm.. ലോകമവസാനിച്ചാലും 4മണിയുടെ സിനിമ വിട്ടുകളയാൻ മടിയില്ലാഞ്ഞതുകൊണ്ട് കാക്ക കുളി കുളിച്ചു കുളിമുറി ചുവരുകളെ ആർദ്രയാക്കിയിരുന്ന സായാഹ്നങ്ങളെ മറക്കാൻ കഴിയുന്നില്ല..
ഒരിക്കലും നന്നാകില്ല എന്ന് തീരുമാനിച്ചിറങ്ങിയ ആന്റിന എന്നും ടി. വി യിൽ കണ്ണീചകളെ കുത്തിത്തിരുകിയിരുന്നു. പിന്നെ എപ്പഴോ നന്നാകാൻ തീരുമാനിച്ച ഈ ആന്റിന കാരണം വേനൽകാലത്തു ആകാശദൂത് പോലെയുള്ള സിനിമകൾ വീട്ടിലെ നീരുറവകളെ പുഷ്ടിപ്പെടുത്തിയിരുന്നു ഒപ്പം സിനിമ അവസാനിക്കുമ്പോഴേക്കും നാളത്തെ സ്കൂളിൽ പോക്കിനെകുറിച്ചുള്ള പെരുമ്പറ മനസ്സിൽ തുടക്കമിട്ടിട്ടുണ്ടാവും.
ഈ സമയത്തു കണ്ണിൽ ഇരുട്ട് വല നെയ്തത് കൊണ്ടാവാം മൈതാനങ്ങൾക്ക് ഭീഷണിയായിരുന്ന റൊണാൾഡോയും.. സച്ചിനുമെല്ലാം ഓലപ്പന്തും, തെങ്ങിൻ മടലുമായി ക്രീസ് വിട്ടിരുന്നത്..
എന്ത് തന്നെ ആയിരുന്നാലും വീഡിയോ ഗെയിം നും വെബ് സീരീസ് കൾക്കുമപ്പുറം കാലത്തിന്റെ കരി പുരണ്ട, പഴമയുടെ കുപ്പായം ധരിച്ച ഞായറാഴ്ച ഓർമകൾക്ക് എന്നും പത്തരമാറ്റാണ്..
മുഴുവനായല്ലെങ്കിലും ഈ നല്ലൊർമകളെ പുതുതലമുറയിൽ ഒരു പരിധി വരെ ഊട്ടിയുറപ്പിക്കാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
ജീനാ ഷൈജു
കൊല്ലം കടക്കാമൺ സ്വദേശിനി ജീനാ ഷൈജു കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്നു ഒപ്പം കവിത, ഗാനരചന,കൂടാതെ സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുന്നു
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു