ജീനാ ഷൈജു
വെയിലായ വെയിലെല്ലാം കൊണ്ട്, തണൽ തന്ന വടവൃക്ഷമാണ് അച്ഛൻ “
“കുഞ്ഞ് അമ്മയുടെ വയറ്റിൽ പിറക്കുന്ന മുന്നേ അച്ഛന്റെ മനസ്സിലാണത്രേ ജനിക്കുന്നത് “
ഒൻപതു മാസം ചുമന്നതിന്റെയും, നൊന്ത് പെറ്റതിന്റെയുമൊക്കെ കഥ പറയുമ്പോൾ.. ഓർക്കുക ഒൻപതാമത്തെ മാസം പുറത്ത് വന്നു ലോകം കാണുന്ന മുന്നേ നമ്മളെ ഓരോരുത്തരെയും ലോകമായി കണ്ടു മനസ്സിൽ കുടിയിരുത്തിയ ഒരാൾ.. ഒരാൾ മാത്രം.. അതാണ് അച്ഛൻ.
കൂട്ടുകുടുംബത്തിൽ നിന്നു അണുകുടുംബത്തിലേക്കു പറിച്ചു മാറ്റപ്പെട്ട കുടുംബ ബന്ധങ്ങൾ മിക്കപ്പോഴും അച്ഛന്മാരുടെ ചുമലിൽ ചുമതലകളുടെ ഭാണ്ഡങ്ങൾ കൂട്ടി വെക്കുന്നു. പ്രത്യേകിച്ച് ജോലി സംബന്ധമായി പ്രവാസമനുഭവിക്കേണ്ടി വരുന്നവരിലാണ് ഈ സംഘർഷം കൂടുതൽ അലയടിക്കുന്നത്. സ്വന്തം വീട്ടിൽ കുടിച്ച ഗ്ലാസ് കഴുകി വെക്കാഞ്ഞവരിൽ പലരും ഇന്ന് ഭാര്യ ജോലിക്കു പോകുമ്പോൾ അടുക്കള പണി മുതൽ കുഞ്ഞുങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ വരെ വൃത്തിയാക്കേണ്ടുന്ന നിസ്സഹായാവസ്ഥ.എന്നിരുന്നാലും ആ നിസ്സഹായവസ്ഥയെ ജീവിതാവസ്ഥയാക്കി മാറ്റുന്ന നന്മയാണച്ചൻ.
വാത്സല്യം എന്നും അമ്മയുടെ കുത്തകയാണെങ്കിൽ ഗൗരവത്തിൽ പൊതിഞ്ഞ സ്നേഹം അച്ഛന്റെ തറവാട്ടു സ്വത്താണ്. എങ്ങനെഎന്ന് നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് നിങ്ങളെ ബാല്യത്തിന്റെ തീരത്തേക്ക് കൂട്ടിക്കൊണ്ട് പോകേണ്ടിയിരിക്കുന്നു, അച്ഛൻ…കഴിച്ച ചോറിന്റെയും.. വേണ്ടാ എന്ന് നടിച്ച വറുത്തമീനിന്റെയും ബാക്കി കഴിക്കാൻ കാത്തിരുന്ന ഒരു ആറാം ക്ലാസ്സ്കാരിയിലേക്ക്…
“നിങ്ങളാണ് കടയപ്പം മേടിച്ചു കൊടുത്തു ഈ പെണ്ണിനെ നശിപ്പിക്കുന്നത്” എന്ന് അമ്മ പറയുമ്പോഴും, മീൻചട്ടി ചാരം കൊണ്ട് കഴുകാൻ അമ്മ വിളിക്കുമ്പോഴും ഒക്കെ മുട്ടാത്തർക്കങ്ങൾ പറഞ്ഞു എന്നെ രക്ഷിച്ചിരുന്ന ഒരച്ഛൻ… അതെ ഞാൻ എന്റെ അച്ഛന്റെ രാജകുമാരിയാണ്.
തലമുറകൾക്ക് വേണ്ടി തന്റെ ആഗ്രഹങ്ങളെ ബാക്കിയാക്കി വെക്കുന്ന അപൂർവ ത്യാഗദീപം…
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരച്ഛനായി പിറക്കണം…ബാധ്യതകളും അവകാശങ്ങളും നെഞ്ചിലേറ്റുന്ന.. പറയാതെ പറയുന്ന സ്നേഹവും.. കാട്ടാതെ കാട്ടുന്ന വാത്സല്യവും നെഞ്ചിലേറ്റുന്ന നന്മമരമായ ഒരച്ഛൻ.
ജീനാ ഷൈജു
കൊല്ലം കടക്കാമൺ സ്വദേശിനി ജീനാ ഷൈജു കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്നു ഒപ്പം കവിത, ഗാനരചന,കൂടാതെ സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുന്നു
More Stories
Sin theta, Cos theta
മറ്റുള്ളവർ എന്ത് വിചാരിക്കും ???
Be Happy