വൈദ്യുത ബള്‍ബ് കണ്ടുപിടിച്ച് ലോകത്തിന്റെ വെട്ടമായിത്തീര്ന്ന എഡിസന്റെ പേരിലുള്ളത് ആയിരത്തിലധികം കണ്ടുപിടുത്തങ്ങളുടെ പേറ്റന്റാണ്. ലോകത്തെ ആത്മവിശ്വാസത്തിലൂടെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന എഡിസന്റെ ചരമവാർഷികദിനമാണിന്ന്
പല ജന്മങ്ങള്‍കൊണ്ടു കണ്ടുപിടിക്കേണ്ടത് ഒരു ജീവിതകാലം കൊണ്ട് കണ്ടുപിടിച്ച കണ്ടുപിടുത്തങ്ങളുടെ ഇതിഹാസം.
എന്തെല്ലാം എഡിസണ് കണ്ടുപിടിച്ചു എന്നതിനെക്കാള്‍ എന്തെല്ലാം അദ്ദേഹം കണ്ടുപിടിച്ചില്ല എന്നു പറയുന്നതാകും ശരി.
ടെലഗ്രാഫ്, ഫോണോഗ്രാഫ്, മൂവി ക്യാമറയുള്‍പ്പെടെ 84 വയസില്‍ മരിക്കുമ്പോള്‍ 1093 കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു എഡിസണ്.
വെളിച്ച വിപ്ളവം തന്നെയാണ് എഡിസനെക്കുറിച്ചോര്ക്കുമ്പോള് ലോകത്തിന് ആദ്യം ഓര്മ വരിക.
നിരവധി ആകസ്മികതകള്കൊണ്ടു കൂടുകൂട്ടിയതാണ് എഡിസന്റെ ജീവിതം. അതില്‍ കുറവുകളും ധാരാളം. ചെറുപ്പത്തിലേ കേള്‍വിക്കുറവുണ്ടായിരുന്നു.പിന്നീട് കാഴ്ച്ചയ്ക്കും മുറിവേറ്റു. സ്ക്കൂളിലെ വിദ്യാഭ്യാസത്തില്‍ പ്രശ്നമായപ്പോള്‍ വീട്ടിലേക്കുകൊണ്ടുവന്ന് പഠിപ്പിക്കുകയായിരുന്നു അമ്മ. ബുദ്ധിയും ജിജ്ഞാസയും വായനയുംകൊണ്ട് ചെറുപ്പത്തിലേ അതിശയിപ്പിച്ചിരുന്നു എഡിസന്. അനവധി വിഷയങ്ങളെക്കുറിച്ച് വായിച്ചും പഠിച്ചും സ്വന്തം നിലയിലുള്ളൊരു വിദ്യാഭ്യാസ പദ്ധതിയായിരുന്നു എഡിസന്റേത്. ജീവിതത്തിലുടനീളം ഇത്തരം സ്വാതന്ത്ര്യം അദ്ദേഹം അനുഭവിച്ചിരുന്നു. കുട്ടിക്കാലത്തു തന്നെ ഔദ്യോഗിക ജീവിതം തുടങ്ങിയെന്നു പറയാം. ന്യൂസ് പേപ്പര്‍ ബോയ് ആയിട്ടായിരുന്നു അത്. ഗ്രാന്റ് ഡ്രങ്ക് റെയില്‍ റോഡില്‍ യാത്രക്കാര്‍ക്ക് വര്‍ത്തമാനപ്പത്രം വിറ്റുകൊണ്ടു തുടങ്ങിയ ആ ജീവിതം പിന്നെ നീങ്ങിയത് സ്വന്തമായി ചെറുപത്രം തുടങ്ങിക്കൊണ്ടായിരുന്നു. ഗ്രാന്റ് ട്രങ്ക് ഹെറാള്‍ഡ് എന്നായിരുന്നു പേര്.
ടെലഗ്രാഫിനോട് കമ്പമായിരുന്ന എഡിസന് 15 വയസില്‍ തന്നെ ടെലഗ്രാഫ് ഓപ്പറേറ്ററായി. അഞ്ച് വര്‍ഷത്തോളം അതിന്റെ പിന്നാലെയായിരുന്നു. നിരന്തര പരീക്ഷണങ്ങളും അതിവിപുലമായ വായനയും തുടര്‍ന്ന് വൈദ്യുത ശാസ്ത്രത്തില്‍ നിപുണതയും. മഹാനായ കണ്ടുപിടുത്തക്കാരന്‍ മാത്രമല്ല ഏറ്റവും വിജയിയായ വ്യവസായിയുമായിരുന്നു എഡിസണ്. അതിനെക്കാള്‍ മഹാനായ മനുഷ്യനുമായിരുന്നു അദ്ദേഹം.
മനുഷ്യനെ കൊല്ലുന്ന ആയുധം കണ്ടുപിടിച്ചില്ലെന്നതില് ഞാന്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞതില്‍ എഡിസന്റെ എല്ലാ മനുഷ്യ സ്നേഹവുമുണ്ട്.
പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റിന്റേയും സ്ക്കൂള് ടീച്ചറുടേയും മകനായി അമേരിക്കയിലെ ഓഹിയോയില്‍ ജനിച്ച എഡിസന് 1931 ല്‍ മരിക്കുമ്പോള്‍ ലോകം ഏറ്റവും കൂടുതല്‍ അറിയുകയും ആദരിക്കുകയും ചെയ്യുന്ന അമേരിക്കക്കാരനായിരുന്നു അദ്ദേഹം.
ആധുനിക വൈദ്യുത ശാസ്ത്രത്തിന്റേയും സാങ്കതിക വിപ്ളവത്തിന്റേയും മുന്‍നിര നായകന് എന്ന മേല്‍വിലാസമാണ് ഇപ്പോഴും എഡിസനുള്ളത്.
More Stories
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി
ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ
മെറ്റയുടെ ത്രെഡ്സ് ട്വിറ്ററിന് പാരയാകുമോ? നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കള്‍; പുതുമകള്‍ എന്തെല്ലാം