നിതിൻ ജോസ് കലയന്താനി ✒️✒️✒️
( സ്പോർട്സ് റിപ്പോർട്ടർ, സി എൻ എക്സ് എൻ. ടിവി)
ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ 23 ദിനങ്ങൾ പിന്നിടുമ്പോൾ മത്സരങ്ങൾ അത്യന്തം ആവേശകരമായ രീതിയിലാണ് പുരോഗമിക്കുന്നത്.. അവസാനം വരെ നാടകീയത നിറഞ്ഞ പോരാട്ടങ്ങൾ ഈ സീസണിന്റെ മാറ്റേറ്റുന്നു.
മിന്നിത്തിളങ്ങി മുംബൈയും ഡൽഹിയും, ഒളിമങ്ങി ചെന്നൈയും പഞ്ചാബും
ഏഴ് മത്സരങ്ങളിൽ അഞ്ചു മത്സരങ്ങൾ ജയിച്ച് മുംബൈയും ഡൽഹിയും ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുമ്പോൾ ഒരേ കളി വീതം കളി കുറച്ചു കളിച്ച കൊൽക്കത്തയും ബാംഗ്ലൂരും നാലു ജയവുമായി തൊട്ടു പിന്നാലെയുണ്ട്. ഹൈദ്രബാദും രാജ്സ്ഥാനും മൂന്നു മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടു മത്സരങ്ങൾ മാത്രം ജയിച്ചു ചെന്നൈ പതിവിന് വിപരീതമായി മോശം പ്രകടനവുമായി 7 സ്ഥാനത്തും ജയിക്കാമായിരുന്ന മത്സരങ്ങൾ ഞെട്ടിക്കുന്ന തോൽവികൾ ഏറ്റുവാങ്ങി പഞ്ചാബ് ഒരു വിജയവുമായി അവസാന സ്ഥാനത്തും നിൽക്കുന്നു.
പരിക്ക് വലയ്‌ക്കുമ്പോൾ
ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റു മിച്ചൽ മാർഷിനെ നഷ്ടപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദിന് കൂനിന്മേൽ കുരു ആയി മെയിൻ ഫാസ്റ്റ് ബൗളറായ ഭുവനേശ്വർ കുമാറിന്റെ ഇടുപ്പിനേറ്റ പരിക്ക്. ഭുവനേശ്വറിനു ഈ ഐപിഎൽ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയുടെ വെറ്ററൻ സ്പിന്നർ അമിത് മിശ്രക്കും വിരലിനേറ്റ പരിക്കുമൂലം ഐപിഎല്ലിൽ ഇനി കളിക്കാനാകില്ല.അശ്വിൻ പരിക്ക് മാറി തിരിച്ചെത്തിയത് അവർക്ക് ആശ്വാസമായപ്പോൾ അവരുടെ മിന്നും താരം റിഷാബ് പന്തിനു പരിക്കേറ്റ് ഒരാഴ്ച കളിക്കാനാകില്ല എന്നത് വീണ്ടും അവരെ കുഴയ്ക്കുന്നു.. പന്തിന്റെ പരിക്ക് കാരണം കീപ്പറായി അലക്സ് കാരെയെ ഉൾപെടുത്താൻ ഫോമിൽ ഉള്ള ഹെറ്റ്മെരെയും പുറത്തിരുത്തെണ്ട അവസ്ഥയിൽ ആണ് അവർ..
ഓറഞ്ച് & പർപ്പിൾ ക്യാപ്
ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ മുന്പിൽ നിൽക്കുമ്പോൾ സഹ ഓപ്പണർ ആയ മയാങ്കും ചെന്നൈയുടെ സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ ഡ്യൂപ്ലിസിയും തൊട്ടുപുറകിൽ തന്നെയുണ്ട്.. ആദ്യ രണ്ടു മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണു പിന്നീട് തിളങ്ങാൻ കഴിയാതെ വന്നപ്പോൾ മറ്റൊരു മലയാളി താരം ദേവദത്ത് പടിക്കൽ ബാംഗ്ലൂരിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുമുണ്ട്. ആദ്യ മത്സരങ്ങളിലെ മോശം പ്രകടനങ്ങൾക്ക് ശേഷം വിരാട് കോഹ്‌ലിയും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
പർപ്പിൾ ക്യാപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഡൽഹിയുടെ റബാഡ മുൻപിൽ നിൽക്കുമ്പോൾ ബുംറയും ബോൾട്ടും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട് ആദ്യ മൂന്നു സ്ഥാനങ്ങളിൽ സ്പിന്നേഴ്സ് ഇല്ലെങ്കിലും റാഷിദ് ഖാനും ചാഹലും തൊട്ടു പിറകെ തന്നെയുണ്ട്..
ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ..
ഏഴു മത്സരങ്ങൾ കഴിയുമ്പോൾ 2 മത്സരത്തിൽ കുറവ് കളിച്ച താരങ്ങൾ മറ്റു ടീമുകളിലേക്ക് ട്രാൻസ്ഫർ ആകാമെന്നിരിക്കെ ഗെയ്ലും ക്രിസ് ലിന്നും രഹാനെയും അടക്കമുള്ള പ്രമുഖർ വേറെ ടീമിന്റെ കുപ്പായം അണിയുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും…
പ്ലേ ഓഫിൽ ഇടം നേടാൻ വേണ്ടി എല്ലാ ടീമുകളും കച്ച കെട്ടുമ്പോൾ ഇനി വരാനിരിക്കുന്ന മത്സരങ്ങൾ തീ പാറുമെന്നുറപ്പ്.
More Stories
2034 ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി കോഹ്ലി