സിനിമയെയും, പുസ്തകങ്ങളെയും സ്നേഹിക്കുന്ന അഞ്ചു ജിനു തൻറെ പ്രിയ ചിത്രത്തെക്കുറിച്ച് എഴുതുന്നു….
പ്രിയപ്പെട്ട ചിത്രം എന്ന് പറഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് മിഥുനം ആണ്. എന്നും മലയാളിയുടെ മനസ്സിനോട് ചേർന്നുനിൽക്കുന്ന ചിത്രം. ഇന്നും നമുക്ക് ഒരു മടുപ്പും ഇല്ലാതെ കാണാം മിഥുനം. 1993 ൽ റിലീസ് ചെയ്ത ചെയ്ത, പ്രിയദർശൻ സംവിധാനം ചെയ്ത മികച്ച മലയാള ചിത്രങ്ങളിൽ ഒന്ന്. ശ്രീനിവാസന്റെ മനോഹരമായ തിരക്കഥ….
വെറുംസാധാരണക്കാരനായ സേതുവിന് ജീവൻ കൊടുക്കുന്നത് മോഹൻലാലാണ്.എങ്ങനെയെങ്കിലും ജീവിതത്തിൽ പിടിച്ചു കയറാൻ ഒരു ബിസ്കറ്റ് ഫാക്ടറി തുടങ്ങാൻ ശ്രമിക്കുന്ന സേതുവിന് , അധികാര വർഗ്ഗത്തിൻറെ മുഷ്ടിയും നൂലാമാലകളും കാരണം നിരവധി പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി നേരിടേണ്ടി വരുന്നു.ഇതിനെല്ലാം ഇടയിൽ വേറെ നിവൃത്തി ഒന്നും ഇല്ലാതെ വരുമ്പോൾ സേതുവിന് കളി കൂട്ടുകാരിയും കാമുകിയുമായ സുലുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു വരേണ്ടി വരുന്നു. ഒത്തിരി സ്വപ്നങ്ങളും സ്നേഹവും പ്രതീക്ഷിച്ചു വരുന്ന സുലു വിനെ കാത്തിരുന്നത് പക്ഷേ അതൊന്നുമായിരുന്നില്ല.തമാശക്ക് ആണെങ്കിലും ,ചില ഭാര്യമാരെങ്കിലും ( പ്രത്യേകിച്ച് പ്രണയിച്ചു വിവാഹം കഴിച്ചവർ എങ്കിൽ)ഭർത്താവിൽ നിന്നും കേട്ടിട്ടുണ്ടാവും, നീയെന്താ മിഥുനത്തിലെ ഉർവശി ആവാൻ നോക്കുകയാണോ… പക്ഷേ എനിക്ക് സുലു വിനെ അന്നും ഇന്നും കുറ്റപ്പെടുത്താൻ സാധിച്ചിട്ടില്ലട്ടോ. ഏതു സാഹചര്യത്തിൽ ആണെങ്കിലും പ്രകടിപ്പിക്കാനും, പങ്കുവെക്കാനും പറ്റിയില്ലെങ്കിൽ പിന്നെ സ്നേഹം കൊണ്ട് എന്ത് കാര്യം ? ജീവിതകാലം മുഴുവൻ ഉറപ്പുള്ള ഒരു സുഹൃത്തായി വഴികാട്ടിയായി ഒപ്പം ഉണ്ടാകണം , അത് തന്നെയല്ലേ ഏത് പെണ്ണും ആണും പങ്കാളിയിൽ ആഗ്രഹിക്കുന്നത്? സുലുവിനെ ഇത്രയും മനോഹരമാക്കാൻ ഉർവശിക്ക് അല്ലാതെ മറ്റൊരു നടിക്കും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
എല്ലാ വഴികളും മുന്നിൽ കൊട്ടി അടയപ്പെടുമ്പോൾ , ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്റെ ധൈര്യത്തിൽ സേതു തൻറെ ബിസ്ക്കറ്റ് ഫാക്ടറിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു.കൈക്കൂലി കൊടുക്കാൻ കഴിവില്ലാത്ത ഒരു പാവം സാധാരണക്കാരൻ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളും സേതുവിലൂടെ നമ്മളും അറിയുന്നു. സേതു നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.അവസാനം പരസ്പരം എല്ലാം പറഞ്ഞും അറിഞ്ഞും പാതിവഴിയിൽ മുറിഞ്ഞുപോയ തങ്ങളുടെ മധുവിധു യാത്രയിലേക്ക് സുലുവും സേതുവും പോകുന്നു ,എല്ലാം ശരിയാവും എന്ന ശുഭ പ്രതീക്ഷയോടെ…..
ഇതിലെ ഓരോ കഥാപാത്രവും നമ്മൾ നമ്മുടെ ചുറ്റിലും എവിടെയൊക്കെയോ കണ്ടു മറന്നവരാണെന്ന് തോന്നും.ജഗതിയും ഇന്നോസെന്റും ചേർന്നുള്ള ഫ്രെയിമുകൾ എല്ലാം തന്നെ നമ്മളെ ഹാസ്യത്തിൻറെ വേറെ ലെവലിൽ എത്തിക്കും . ഹാസ്യവും സെൻറിമെൻസ് സും ഒരുപോലെ ഇഴുകിച്ചേർന്ന ഒരു നല്ല ചിത്രം…. മലയാളികളുടെ ഉള്ളിൽ എന്നും ഗൃഹാതുരത്വം
ഉണർത്തുന്ന 2 ഗാനങ്ങളുണ്ട് ഇതിൽ, ഞാറ്റുവേലക്കിളിയേ….., അല്ലിമലർ കാവിൽ പൂരം കാണാൻ….. എം ജി രാധാകൃഷ്ണന്റയും എസ് പി വെങ്കിടേഷ്ന്റയും കൈയൊപ്പ് പതിഞ്ഞവ…..
എവിടെയൊക്കെയോ നമുക്ക് നമ്മളിൽ തന്നെ സേതുവിനെയും സുലുവിനെയും കാണാൻ പറ്റും. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം..
സിനിമയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന അഞ്ചു ജിനു കുവൈറ്റിൽ AG Talkies ന്റെ ബാനറിൽ ഷോർട്ട് ഫിലിമുകളും ആൽബങ്ങളും നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു