ഇഷ്ട ചിത്രത്തെക്കുറിച്ച് കുവൈറ്റ് കോൺഫറൻസ് ഓഫ് കെമിസ്ട്രിയുടെ സെക്രട്ടറിയും ശാസ്ത്ര ഗവേഷകനുമായ മഹേഷ് ശെൽവരാജൻ എഴുതുന്നു.
സാങ്കേതിക മികവുള്ള പല ചലച്ചിത്രങ്ങൾ ഉണ്ടെങ്കിലും പെട്ടെന്ന് മനസ്സിൽ വരുന്ന ഇഷ്ട ചിത്രമാണ് ആണ് പാണ്ടിപ്പട.
ഏത് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മുടെ മുന്നിൽ ഉണ്ട് എന്ന് ഹാസ്യാത്മകമായി കാണിച്ചു തരുന്നതാണ് ഈ സിനിമ. ജീവിത പിരിമുറുക്കങ്ങൾ നമ്മളുടെ മനശക്തിയെ തകർത്തു രോഗിയാക്കുന്നു. ചിരിയാണ് ഇതിനുള്ള ഏറ്റവും നല്ല മരുന്ന്. ഇപ്പോഴത്തെ ഈ പ്രതിസന്ധിയിൽ കിടന്ന് ഉഴലുന്ന നമുക്ക് ഈ ചിത്രം നല്ലൊരു ചിരിമരുന്ന് ആണ്.
റാഫി – മെക്കാർട്ടിൻ, ദിലീപ് ടീം പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം എന്ന സിനിമകൾക്ക് ശേഷം അണിയിച്ചൊരുക്കിയ സിനിമയാണ് പാണ്ടിപ്പട.
പല സംരംഭങ്ങളും ചെയ്തു പരാജയപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ഭുവൻ ചന്ദർ (ഭുവന ചന്ദ്രെന്റെ) മുന്നിൽ കച്ചി തുമ്പായി ഒരു 30 ഏക്കർ സ്ഥലം ചുളുവിലയ്ക്ക് വരുന്നു. ഇത് മറിച്ചു വില്കുന്നതിലൂടെ എല്ലാം ശരിയാക്കാം എന്ന് കരുതിയ ഭുവനചന്ദ്രന് നേരിടേണ്ടിവന്നത് ഒരുകൂട്ടം പ്രശ്നങ്ങൾ.
യാദൃശ്ചികമായി കണ്ടുമുട്ടിയ പഴയ കൂട്ടുകാരൻ ഭാസിയും (ഹരിശ്രീ അശോകൻ) കൂടെ കൂടുന്നു.
കൃഷി ആവശ്യത്തിനുള്ള വെള്ളം ഒഴുകുന്ന കനാൽ ഉള്ള സ്ഥലം ആയതുകൊണ്ട്, ആ നാട്ടിലെ പ്രമാണിമാരായ പാണ്ടിദുരയും (പ്രകാശ് രാജ്) കറുപ്പയ്യക്കും (രാജൻ പി ദേവ്) ഈ സ്ഥലം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആ സ്ഥലത്തിൻറെ കച്ചവടം അവർ സമ്മതിക്കുന്നില്ല. അവരെ എങ്ങനെയെങ്കിലും പ്രീതിപ്പെടുത്തി സ്ഥലം വിൽക്കാൻ വേണ്ടി ഭുവനചന്ദ്രൻ പാണ്ടിദുരയുടെ കൂടെ കൂടുന്നു. പാണ്ടിദുരയുടെ എതിരാളി ആയ കറുപ്പയ്യ യുടെ മകളുമായി (നവ്യാനായർ) പ്രണയത്തിൽ ആവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ഈ പ്രശ്നങ്ങളെ എല്ലാം ഇവർ പോസിറ്റീവ് ആയി തന്നെ നേരിടുന്നു.
പ്രകാശ് രാജ് എന്ന ഹൈ കാലിബർ നടന്റെ സീനുകൾ ഉൾപ്പെടെ എല്ലാ സീനിലും ഹാസ്യത്തിന്റെ മേമ്പൊടി തൂകാൻ റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് മറന്നിട്ടില്ല. കൊച്ചിൻ ഹനീഫയും സലിംകുമാറും കൂടെ കൂടുന്നതോടെ ഹാസ്യ മധുരം ഇരട്ടിക്കുന്നു.
നമുക്കും പിരിമുറുക്കങ്ങളെല്ലാം മാറ്റിവച്ച്, കൂട്ടായ പ്രവർത്തനത്തിലൂടെ ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാം.
മഹേഷ് ശെൽവരാജൻ
എറണാകുളം ഇടപ്പള്ളി സ്വദേശിയായ മഹേഷ് ശെൽവരാജൻ 13 വർഷമായി കുവൈറ്റിൽ ശാസ്ത്ര ഗവേഷണ രംഗത്ത് ജോലി ചെയ്യുന്നു.കുവൈറ്റ് കോൺഫറൻസ് ഓഫ് കെമിസ്ട്രിയുടെ സെക്രട്ടറിയും സയൻസ് ഇൻറർനാഷണൽ ഫോറം (SIF-Kuwait) ജോയിന്റ് സെക്രട്ടറിയുമായും ശാസ്ത്ര ഗവേഷകനുമായും പ്രവർത്തിക്കുന്നു.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു