ലാൽ കെയെഴ്സ് കുവൈറ്റ് മീഡിയ കൺവീനറും ഡോക്യുമെൻററി സംവിധായകനുമായ പ്രശാന്ത് കൊയിലാണ്ടി തൻറെ പ്രിയ ചിത്രത്തെക്കുറിച്ച് എഴുതുന്നു
1987ലാണ് ‘തൂവാനത്തുമ്പികള്‍’ എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് സിനിമ പിറന്നത്. കുടുംബപ്രേക്ഷകര്‍ അത്രമേൽ ആഘോഷിച്ച ഒരു സിനിമയായിരുന്നു ഇത്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് പത്മരാജന്റെ തന്നെ ‘ഉദകപ്പോളകള്‍’ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങളെ ഒരുമിച്ചു ചേര്‍ത്താണ്.
സ്ത്രീ-പുരുഷ ബന്ധത്തിന്റെ വേറിട്ട കാഴ്ചാനുഭവങ്ങളാണ് തൂവാനത്തുമ്പികൾ സമ്മാനിക്കുന്നത്. ഒരു കാലത്ത്,മദ്ധ്യ വർഗ്ഗ മലയാളി മനസിന്റെ കാമനകൾ മാത്രം തലോടിയിരുന്ന മലയാള സിനിമകളിൽ, തൂവാനത്തുമ്പികൾ ഒരു വേറിട്ട കാഴ്ചയാണ്. തൂവാനത്തുമ്പികൾ ജയകൃഷ്ണന്റേതു മാത്രമല്ല, ക്ലാരയുടേതു കൂടിയാണ്. ജയകൃഷ്ണന്റെ സ്നേഹത്തിന്റെ അടിമയാവാൻ ആഗ്രഹിക്കാത്ത ക്ലാരയുടേത്. ഭ്രാന്തന്റെ കാലിലെ ചങ്ങലയുടെ ഒറ്റക്കണ്ണിയുമായി പ്രണയിച്ചു, അതിന്റെ നീറുന്ന മുറിവിനെ താലോലിക്കാൻ കൊതിക്കുന്ന
ക്ലാരയേക്കാളും വലിയ കാമുകി മലയാളത്തിൽ വേറെ കണ്ടെത്താൻ കഴിയില്ല. ഒരു പുതപ്പിനുള്ളിൽ ജയകൃഷ്ണന്റെ നെഞ്ചിലെ മുടിച്ചുരുളുകൾ എണ്ണിത്തീർക്കുന്നതിന് ഇടയിൽ തന്റെ കന്യകാത്വം ആദ്യമായി നഷ്ടപ്പെട്ടെന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞവൾ… ആണിനെപോലെ പെണ്ണും എല്ലാവിധ വികാരങ്ങളും ഉള്ള മനുഷ്യ ജീവിയാണെന്നു പറയാതെ പറഞ്ഞ ചിത്രം.
മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ കഥാകൃത്തായിരുന്നു പത്മരാജൻ. സാധാരണ മനുഷ്യരുടെ എല്ലാ വികാര തലങ്ങളും എഴുത്തിൽ പകർത്തി, പ്രേക്ഷകരെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ.
പത്മരാജൻ സിനിമകളിൽ പലപ്പോഴും നിറഞ്ഞു നിന്നത് ഗ്രാമത്തിലെയും നഗരത്തിലെയും ജീവിതത്തിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ ആണ്. പത്മരാജന്റെ പ്രണയ സങ്കല്പവും കൂട്ടുകാരനായ ഉണ്ണി മേനോന്റെ പ്രണയാനുഭവങ്ങളുമാണ് മണ്ണാറത്തൊടി ജയകൃഷ്ണന് രൂപം നൽകിയത്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
ഇത്തിരി വാശിയും അന്ധവിശ്വാസവും കൊച്ചു ദുശീലങ്ങളും ജയകൃഷ്ണനിലെ വ്യക്തിത്തത്തെ മനോഹരമായാണ് പത്മരാജൻ വരച്ചിടുന്നത്. മഴയും, മദ്യവും, പ്രണയവും, രതിയും, സൗഹൃദവും കൊണ്ടാടിയ മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന സമ്പന്ന ഫ്യൂഡൽ നായക കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിയുന്നു.
‘മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ? ..അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും… മറക്കുവായിരിക്കും അല്ലെ? പിന്നെ മറക്കാതെ…
പക്ഷെ എനിക്ക് മറക്കേണ്ട…. ‘
ലാൽ ഇത്ര മേൽ റൊമാന്റിക് ആയി മാറിയ ചലച്ചിത്ര മുഹൂർത്തങ്ങൾ അപൂർവ്വമാണ്.
മഴയെ ഇത്രമാത്രം തന്മയത്വത്തോടെ അവതരിപ്പിച്ച മറ്റൊരു ചിത്രം മലയാളത്തിൽ ഉണ്ടോ എന്നും സംശയമാണ്.
ജോൺസൻ മാഷ് മനോഹരമാക്കിയ പശ്ചാത്തല സംഗീതവും ശ്രീകുമാരൻ തമ്പിയുടെ വരികളും എക്കാലത്തെയും മികച്ച ഇന്ത്യൻ ചിത്രങ്ങൾ തെരഞ്ഞെടുത്തപ്പോൾ തൂവാനത്തുമ്പികൾ അതിൽ ഇടം പിടിക്കുന്നു.
ക്ലരക്ക് ജീവിതത്തിൽ ആദ്യമായിട്ട് മോഹം തോന്നിയിട്ടുള്ളത് ആരോടാവും?
“കോൺട്രാക്ടറോട് തന്നെ “…ആദ്യമായിട്ടും…. അവസാനമായിട്ടും…
പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാനത്തുമ്പികൾ. ഇന്നും ആ പ്രണയ മഴ മലയാളിയുടെ മനസ്സിൽ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്നു. ഒരു പക്ഷേ,ഇന്നത്തെ തലമുറ പോലും ആവേശത്തോടെ കാണുന്ന സിനിമയാണ് ഈ പ്രണയ ചിത്രം.
ലാലേട്ടൻ ജീവിയ്ക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി മലയാളികൾ കരുതുന്നതും അതുകൊണ്ടു തന്നെ.
ജയകൃഷ്ണനെ ഒരു ദ്വന്ദ്വ വ്യക്തിത്വമായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തില്‍ അയാള്‍ പിശുക്കനും ഫ്യൂഡല്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവനുമായ തറവാടിയാണ്. നഗരത്തിൽ, അയാൾ ധാരാളിയും തെമ്മാടിയുമായ യുവാവും. ഇത്തരം ദ്വന്ദ്വാത്മകതകളിലൂടെയാണ് ഇതിവൃത്തം പൂര്‍ത്തീകരിക്കപ്പെടുന്നത്.ഗ്രാമം,നഗരം എന്നീ പ്രമേയ ഇടങ്ങൾ ജയകൃഷ്ണനിലെ ദ്വാന്ദ്വാത്മകത പശ്ചാത്തലമാകുന്ന തിനായി ചിത്രത്തിൽ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു. മലയാളി മദ്ധ്യവര്‍ഗ്ഗ പുരുഷന്‍റെ ലൈംഗിക സദാചാര ധാരണകളും ചിത്രം പങ്കുവെയ്കുന്നു.
കഥ | തിരക്കഥ | സംഭാഷണം | സംവിധാനം : പത്മരാജൻ.
നിർമാണം | പി. സ്റ്റാൻലി. സംഗീതം | പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ഗാനരചന | ശ്രീകുമാരൻ തമ്പി.
പാടിയത് | യേശുദാസ്, ജി. വേണുഗോപാൽ, കെ. എസ്. ചിത്ര.
അഭിനേതാക്കൾ : മോഹൻലാൽ, സുമലത, പാർവതി, ബാബു നമ്പൂതിരി, ശ്രീനാഥ്, അശോകൻ, ജഗതി ശ്രീകുമാർ, സുകുമാരി, ശങ്കരാടി, എം. ജി. സോമൻ, സുലക്ഷണ, പൂജപ്പുര രാധാകൃഷ്ണൻ, ജയലളിത, ശാന്തകുമാരി, അലക്സ് മാത്യു.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു