2017 ലെ പ്രഥമ തോപ്പിൽ ഭാസി അനുസ്മരണ നാടകമത്സരത്തിൽ മികച്ച രചയിതാവിനുള്ള അവാർഡ് നേടിയ സുബി ജോർജ്ജ് എഴുതുന്നു
എൻറെ ബാല്യകാലത്ത്, 1977-ൽ ശ്രീ. P. R. മാധവപ്പണിക്കർ എഴുതിയ “കൽക്കത്തേനിയം” എന്ന മലയാളം ശാസ്ത്രനോവൽ വായിച്ചപ്പോൾ, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരിക്കലും സംഭ്യവമാണെന്ന് കരുതുവാൻ നിർവ്വാഹമുണ്ടായിരുന്നില്ല. കാരണം കാതങ്ങൾക്കപ്പുറം ശൂന്യാകാശത്ത് ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്ന ഉൽക്കകളിൽ നിന്നും ധാതുക്കൾ ഖനനം ചെയ്തെടുക്കുന്നതിനെ കുറിച്ചുള്ള ഒരു കഥയാണ് ആ നോവലിലെ പ്രതിപാദ്യവിഷയം.
ഇനി വിഷയത്തിലേക്ക് കടക്കാം. നിരവധി ചലച്ചിത്രങ്ങൾ ഇഷ്ടപ്പെട്ടവയുടെ കൂട്ടത്തിൽ ഉണ്ടെങ്കിലും, ഏവരിലും വളരെ താത്പര്യമുണർത്തുന്ന ഒരു ശാസ്ത്രവിഷയം കൈകാര്യം ചെയ്തിരിക്കുന്ന ഒരു ചിത്രത്തെ പറ്റി തന്നെ ഇവിടെ പറയാം എന്ന് കരുതുന്നു.
2016-ൽ പുറത്തിറങ്ങിയ ഇംഗ്ളീഷ് ചലച്ചിത്രം “പാസ്സഞ്ചേഴ്‌സ് (Passengers)”; ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർ വിശ്വസിച്ചില്ലെങ്കിലും, ഭാവിയിൽ തീർച്ചയായും പ്രായോഗികമായ ഒരു സംഭവം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇന്ന് മനുഷ്യർ സൗരയൂഥത്തിനപ്പുറത്തേക്കും ഭൂമിക്കു തുല്യമായ വാസയോഗ്യമായ ഗ്രഹങ്ങൾ ഉണ്ടോ എന്ന ഗവേഷണത്തിൽ ആണല്ലോ. ഇതിനോടനുബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുന്ന വിവരം ശാസ്ത്രകുതുകികളായ ഏവർക്കും അറിയാം. സമീപഭാവിയിൽ തന്നെ മനുഷ്യർ ചൊവ്വയിൽ ഒരു കോളനി സ്ഥാപിക്കുവാനുള്ള സാധ്യതയും തള്ളിക്കളയുവാൻ പറ്റില്ല. നിരവധി പ്രകാശവർഷങ്ങൾ അകലെ ഉള്ള ഒരു ഗ്രഹത്തിൽ മനുഷ്യർ തങ്ങളുടെ കോളനി സ്ഥാപിക്കുകയും, ഭൂമിയിൽ നിന്നും ആ ഗ്രഹത്തിലേക്കുള്ള ഒരു യാത്രയുമാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യം, ഇവിടെ നിന്നും യാത്ര പുറപ്പെടുന്ന ഒരു യാത്രക്കാരൻ തിരിച്ച് എത്തിയാൽ, പല തലമുറകൾക്ക് ശേഷമുള്ള ഒരു ഭൂമിയിൽ ആയിരിക്കും അയാൾ എത്തുക എന്നതാണ്. ഈ ചലച്ചിത്രം ശാസ്ത്രത്തിന്റെ അനന്തസാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. വിദൂരഭാവിയിൽ സംഭവിക്കുവാൻ പോകുന്ന ഒരു കാര്യം ഭാവനയിൽ കണ്ട്, ചെറിയ കാര്യങ്ങളിൽ പോലും അതീവശ്രദ്ധ പുലർത്തി നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ ശില്പികളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. തീർച്ചയായും നിങ്ങൾക്കും ഈ ചിത്രം ഇഷ്ടപ്പെടും.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു