നടൻ ടി.പി. മാധവൻ അന്തരിച്ചു. 88 വയസ്സായിരുന്നു. രണ്ടു ദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനാപുരം ഗാന്ധി ഭവനിലാണ് താമസിച്ചിരുന്നത്. മലയാള സിനിമയിലും ടെലിവിഷനിലുമായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ച നടനാണ് ടി.പി. മാധവൻ. താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയാണ്.
തിരുക്കോട് പരമേശ്വരൻ മാധവൻ എന്നാണ് യഥാർഥ പേര്. രാഗം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്. പിന്നീട് സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, നാടോടിക്കാറ്റ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , താണ്ഡവം, നരസിംഹം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു.മാൽഗുഡി ഡേയ്സ് ആണ് അവസാന സിനിമ, 2016 മുതലാണ് സിനിമയിൽ നിന്ന് വിരമിച്ചത്.
1935 നവംബർ 7ന് എൻ.പി. പിള്ളയുടെയും സരസ്വതിയുടെയും മൂത്ത മകനാണ്. നാരായണൻ , രാധാമണി എന്നിവരാണ് സഹോദരങ്ങൾ. സ്കൂൾ പഠന കാലം മുതൽ തന്നെ നാടകാഭിനയം തുടങ്ങിയിരുന്നു. ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ നേടിയതിനു ശേഷം കുറച്ചു കാലം കൽക്കട്ടയിൽ മാധ്യമപ്രവർത്തകനായി തുടർന്നു. കേരള കൗമുദിയുടെ ബ്യൂറോ ചീഫായും ജോലി ചെയ്തിരുന്നു. പിന്നീട് പത്രപ്രവർത്തനം ഉപേക്ഷിച്ച് പരസ്യക്കമ്പനിയിലേക്ക് ചേക്കേറി. നടൻ മധുവുമായുള്ള പരിചയമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ആദ്യം വില്ലൻ വേഷങ്ങളായിരുന്നുവെങ്കിലും പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങൾ അദ്ദേഹത്തെത്തേടിയെത്തി. 600ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1994 മുതൽ 97 വരെ അമ്മയുടെ ജനറൽ സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. 2015ൽ ഉണ്ടായ പക്ഷാഘാതമാണ് അദ്ദേഹത്തെ തളർത്തിയത്. അതിനു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതം ആരംഭിച്ചത്.
ദയ, കബനി, ചേച്ചിയമ്മ, മൂന്നുമണി, പട്ട്സാരി, എണെ മാനസപുത്രി, കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ തുടങ്ങി നിരവധി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയിലേക്ക് കടന്നതിനു പിന്നാലെ വിവാഹമോചിതനായി. സുജയാണ് മുൻ‍്യഭാര്യ. ദേവിക , രാജകൃഷ്ണ മേനോൻ എന്നിവരാണ് മക്കൾ.
More Stories
കുമരനല്ലൂർ സ്വദേശിയായ കുവൈറ്റ് പ്രവാസി യുവാവ് നാട്ടിൽ നിര്യാതനായി
ഈ മണ്ഡല കാലത്തെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ” ശബരിഗിരി നാദം ” പ്രകാശനം ചെയ്തു
കൊല്ലം സ്വദേശിനി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു