ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ജീവകാരുണ്യ പ്രവർത്തനരംഗത്ത് സമർപ്പിത സാമൂഹ്യസേവനം ചെയ്യുന്ന ‘സാന്ത്വനം കുവൈറ്റ്’ ഇരുപത്തി മൂന്ന് പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 08 വ്യാഴാഴ്ച്ച വൈകുന്നേരം 4:30 നു അബ്ബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടക്കുന്ന പൊതുയോഗത്തിൽ സംഘടനാംഗങ്ങളും അഭ്യുദയ കാംക്ഷികളും, ഒപ്പം കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
2023 ലെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ച് വിലയിരുത്തുന്നതോടൊപ്പം, അംഗങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ മുൻ നിർത്തി നിർദ്ധന രോഗികൾക്ക് വേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ചയും പൊതുയോഗത്തിന്റെ ഭാഗമായുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പോയ വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീറായ സ്മരണിക 2023, ഈ യോഗത്തിൽ വച്ച് പ്രകാശനം ചെയ്യും.
കഴിഞ്ഞ 23 വർഷങ്ങളിൽ 17 കോടിയിലേറെ രൂപ ചികിത്സാ, ദുരിതാശ്വാസ സഹായങ്ങളായി, രോഗദുരിതങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക്, ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈറ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ 1850 ഓളം അംഗങ്ങളാണു സാന്ത്വനത്തിന്റെ ഭാഗമായുള്ളത്.
2023 പ്രവർത്തന വർഷത്തിൽ മാത്രം 1555 ഓളം രോഗികൾക്കായി ഒന്നര കോടിയിലധികം രൂപയുടെ ചികിത്സാ സഹായ പദ്ധതികളാണു സാന്ത്വനം നടപ്പിലാക്കിയത്. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർദ്ധനരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ് രോഗികളും, നിർദ്ധന വിദ്ധ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായവും, ഒപ്പം നാട്ടിൽ നടപ്പാക്കുന്ന പ്രത്യേക വാർഷിക സാമൂഹ്യക്ഷേമപദ്ധതികളും ഉൾപ്പെടുന്നു.
എല്ലാ വർഷവും നടപ്പാക്കി വരുന്ന പ്രത്യേക സഹായ പദ്ധതിയിൽ, കോവിഡും മറ്റു രോഗങ്ങളും മൂലം രക്ഷിതാക്കൾ നഷ്ടമായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനു 20 ലക്ഷത്തോളം രൂപയുടെ സഹായം നൽകുവാൻ കഴിഞ്ഞ വർഷം സാന്ത്വനത്തിനു കഴിഞ്ഞു. കൂടാതെ കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, എല്ലാ ജില്ലകളിലുമുള്ള വിവിധ സന്നദ്ധ സേവന സംഘടനകൾ തുടങ്ങിയവയ്ക്കുള്ള സഹായങ്ങളും നൽകുകയുണ്ടായി.
കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സമാശ്വാസമായി, ഒരു ഫിസിയോത്തെറാപ്പി സെന്റർ നിർമ്മിച്ച്, പ്രവർത്തന സജ്ജമാക്കി സൗജന്യ സേവനം ഉറപ്പാക്കുന്ന,
50 ലക്ഷം രൂപ ചിലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ഒപ്പം ഈ വർഷത്തെ പ്രത്യേക സഹായ പദ്ധതിയായി സാന്ത്വനം നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള ഇടുക്കി പശുപ്പാറയിലെ പാലിയേറ്റീവ് കെയർ & കമ്മ്യൂണിറ്റി സെന്ററിന്റെ നിർമ്മാണം ഉടനെത്തന്നെ ആരംഭിക്കും.
വ്യാഴാഴ്ച്ച നടക്കുന്ന, സാന്ത്വനം കുവൈറ്റിന്റെ 23 ആം വാർഷിക പൊതുയോഗത്തിലേക്ക് കുവൈറ്റിലെ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം, സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ മനുഷ്യസ്നേഹികളും പങ്കാളികളാകുവാനും സാന്ത്വനം പ്രവർത്തകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 66961480 (ജ്യോതിദാസ്), 99164260 (ജിതിൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.