September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാരഥി കുവൈത്ത് ഓണാഘോഷവും ഗുരുദേവ ജയന്തിയും വിപുലമായി ആഘോഷിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ശ്രീ നാരായണഗുരുദേവന്റെ  169-)മത് ജയന്തിയും ഓണാഘോഷവും  2023 സെപ്റ്റംബർ 1 ന് ഖൈത്താൻ കാർമൽ സ്കൂളിൽ വെച്ച് നടത്തി.  രാവിലെ 9 ന് ആരംഭിച്ച ചടങ്ങുകൾ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ഉത്ഘാടനം ചെയ്തു.  മതേതരത്വവും ദേശീയതയും ഉയർത്തിപ്പിടിക്കേണ്ട ആവശ്യകതയെപ്പറ്റി തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറയുകയും ഏവർക്കും ഓണാശംസ നേരുകയും ചെയ്തു. ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ഗുരുധർമപ്രചാരകയായ
ആശ പ്രദീപിന്റെ (ഗുരുനാരായണ സേവാ നികേതൻ, കോട്ടയം )
“പലമത സാരവുമേകം” എന്ന ഗുരുദർശനത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നടന്നു. പ്രോഗ്രാം കൺവീനർ ജിതേഷ് എം പി സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി പ്രസിഡന്റ് അജി കെ ആർ ഗുരുദേവ ജയന്തിയുടെ പ്രസക്തിയെക്കുറിച്ചും സാരഥി സെന്റർ ഫോർ എക്സലൻസ് (SCFE) കൈവരിച്ചു കൊണ്ടിരിക്കുന്ന ഉന്നതവിജയത്തെ പറ്റിയും പരാമർശിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ആശാ പ്രദീപിനും അഭിറാം അജിക്കും പ്രശസ്‌തി ഫലകം നൽകി ആദരിച്ചു.

മാവേലിയും ചെണ്ടമേളവും അത്തച്ചമയവും താലപൊലിയും ഓണാഘോഷങ്ങൾക്ക് പൊലിമയേകി. SCFE ഒരുക്കിയ ചന്ദ്രയാൻ 3 മാതൃകയും ഓണപ്പൂക്കളവും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. ഗുരുദർശന വേദിയുടെ നേതൃത്വത്തിൽ ഗുരുപൂജയും ഗുരുപുഷ്‌പാഞ്‌ജലിയും ഒരുക്കിയിരുന്നു.

രാവിലെ 11 മണി മുതൽ തുടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയിൽ ആയിരത്തിലധികം പേർ പങ്കു ചേർന്നു. സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതികൾ അവതരിപ്പിച്ച ഓണത്തനിമ നിറഞ്ഞ കലാ പരിപാടികൾ സദസിൽ അരങ്ങേറി. തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, കൊയ്ത്തുപാട്ട്, കൈകൊട്ടിക്കളി, കേരളനടനം, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ഗുരുദേവ ഭക്തിഗാനം, ഗുരുദേവ ഭജനാമൃതം, ചണ്ഡാലഭിക്ഷുകി നാടകാവിഷ്കാരം, സെമി ക്ലാസ്സിക്കൽ ഡാൻസ്, സൂഫി ഡാൻസ് , ഫ്യൂഷൻ ഡാൻസ്, വയലിൻ ഗിറ്റാർ ഫ്യൂഷൻ എന്നിവ കാണികൾക്കായി വിരുന്നൊരുക്കി.

സാരഥി കുവൈത്തിന്റെ അംഗത്വത്തിനു ഇനി മുതൽ ഓൺലൈൻ ആയും അപേക്ഷ സമർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ആണെന്ന് ഭാരവാഹികൾ അറിയിച്ചു. സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, രക്ഷാധികാരി സുരേഷ് കൊച്ചത്, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ്, വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

ചടങ്ങിൽ കുവൈറ്റിലെ  സാമൂഹിക സാംസ്‌കാരിക, മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സാരഥി ട്രഷറർ ദിനു കമാൽ ചടങ്ങിന്റെ ഭാഗമായ ഓരോരുത്തർക്കും നന്ദി അറിയിച്ചു.

error: Content is protected !!