ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ക്രെഡിറ്റ് സ്യൂസിന്റെ വാർഷിക ആഗോള സമ്പത്ത് റിപ്പോർട്ട് അനുസരിച്ച് കുവൈറ്റിൻ്റെ ശരാശരി പ്രതിശീർഷ സമ്പത്ത് ലക്ഷം ഡോളർ കവിഞ്ഞതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തു.
ആഗോള വിപണികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കിടയിലും കുവൈറ്റ് ഉൾപ്പെടെയുള്ള മിഡിലീസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചക്ക് സാക്ഷ്യംവഹിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സമ്പത്തിന്റെ മൂല്യം 2021ലുള്ള 300 ബില്യണ്‍ ഡോളറില്‍നിന്ന് 2026ഓടെ 400 ബില്യണ്‍ ഡോളറായി ഉയരുമെന്നുമാണ് പ്രതീക്ഷ.
നിലവിൽ കുവൈറ്റിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പകുതിയും സർക്കാർ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽനിന്നാണ്. എണ്ണ ശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈറ്റിൻ്റെ സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനം. 2016 മുതല്‍ കുവൈറ്റികളുടെ സമ്പത്ത് പ്രതിവര്‍ഷം മൂന്നു ശതമാനം എന്ന നിരക്കിലാണ് വളര്‍ച്ച കൈവരിക്കുന്നത്.
ഈ വളര്‍ച്ച 2026 വരെ നീളുമെന്നാണ് പ്രതീക്ഷ. കുവൈറ്റിൽ 100 മില്യണ്‍ ഡോളറിലധികം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനായി എണ്ണ ഉൽപാദനം ഉയർത്താനുള്ള പദ്ധതിയിലാണ് രാജ്യം . എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഭാവി തലമുറയുടെ കരുതൽ നിധിയിലേക്ക് വകയിരുത്തിയ ശേഷമാണ് കുവൈറ്റ് വരുമാനം കണക്കാക്കുന്നത്.
2022-2023 സാമ്പത്തികവർഷത്തിൽ 6.4 ബില്യൺ ദീനാർ അന്തിമ അക്കൗണ്ടിൽ മിച്ചം രേഖപ്പെടുത്തിയതായി ധനമന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് കുവൈത്ത് ഈ നേട്ടത്തിലെത്തിയത്. മുൻ സാമ്പത്തികവർഷം 4.3 ബില്യൺ ദീനാർ ആയിരുന്നു മിച്ചം. 2022-2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ യഥാർഥ വരുമാനം 54.7 ശതമാനം വർധിച്ച് 28.8 ബില്യൺ ദീനാറിൽ എത്തിയതായും ധനമന്ത്രാലയം അറിയിച്ചു.
സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾപ്രകാരം വിവിധ നിക്ഷേപങ്ങളിൽ ഈ വർഷം വർധന രേഖപ്പെടുത്തി. താമസക്കാരുടെ മൊത്തം നിക്ഷേപത്തില്‍ 1.98 ശതമാനമാണ് വർധന. സ്വകാര്യ മേഖലയുടെ നിക്ഷേപത്തിൽ 2.89 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ എണ്ണ ഉൽപാദനത്തിലെ വർധന വരുംവര്‍ഷങ്ങളില്‍ കുവൈത്ത് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് സൂചന. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വാണിജ്യ, നിക്ഷേപ കാര്യങ്ങളിലെ തടസ്സങ്ങൾ കുറക്കുന്നതിനും കൈക്കൊള്ളുന്ന നടപടികളും സാമ്പത്തിക മേഖലക്ക് ഉണർവേകും.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി