ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയ്ക്ക് കുവൈറ്റിൽ ആവേശകരമായ വരവേൽപ്പ്. സച്ചിൻ ടെണ്ടുൽക്കറും മഹേന്ദ്ര സിംഗ് ധോണിയും ഉൾപ്പെടെയുള്ള താരങ്ങൾ കയ്യിലെത്തിയ ട്രോഫി അടുത്ത് കണ്ടതിന്റെ സന്തോഷത്തിലാണ് കുവൈറ്റിലെ ക്രിക്കറ്റ് പ്രേമികൾ. വെള്ളിയാഴ്ച സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ആയിര കണക്കിന് പേരാണ് ലോക കിരീടം കാണാനായി എത്തിയത്.
വൈകീട്ട് അഞ്ചു മുതലാണ് പ്രദർശനവും ഫോട്ടോ എടുക്കാനുള്ള അവസരവും ഒരുക്കിയത്. ഇതിനുമുമ്പേ തന്നെ നീണ്ട വരി ആരംഭിച്ചിരുന്നു. രാത്രി ഏറെ വൈകിയും പ്രദർശനം തുടർന്നു. ഒരു മണിയോടെയാണ് അവസാനിപ്പിച്ചത്.ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വലിയ നിര ട്രോഫി കാണാനെത്തി.
ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായി ക്രിക്കറ്റ് ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോക കിരീടം കുവൈത്തിൽ എത്തിയത്. വ്യാഴാഴ്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈത്ത് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ അബ്ബാസ് ഫർമാൻ, ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖാജ തുടങ്ങിയവർ ചേർന്നാണ് ട്രോഫി കുവൈത്തിൽ അവതരിപ്പിച്ചത്.
കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ടീം അംഗങ്ങൾ, ഐ.സി.സി പ്രതിനിധികൾ, പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഭാരവാഹികൾ എന്നിവർ രണ്ടു ദിവസവും ട്രോഫിയെ അനുഗമിച്ചു.ലോകത്തെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം.പ്രദർശനം കഴിഞ്ഞ് സെപ്റ്റംബർ നാലിന് ട്രോഫി ഇന്ത്യയിൽ എത്തും.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ