January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന

ഹെൽത്ത് ഡെസ്ക്

പല രോഗങ്ങളുടെയും മൂലകാരണം അമിതവണ്ണവും പൊണ്ണത്തടിയുമാണ്. ജീവനുതന്നെ അപകടമായേക്കാവുന്ന കാൻസർ പോലുള്ള രോഗങ്ങൾക്കും പൊണ്ണത്തടി കാരണമാകുന്നു. 4 മുതൽ 8 ശതമാനം കാൻസറുകൾക്കും കാരണം പൊണ്ണത്തടിയാണെന്ന് പഠനങ്ങൾ പറയുന്നു. ആർത്തവവിരാമത്തിനുശേഷമുള്ള സ്തനാർബുദം, മലാശയം, വൃക്ക, അന്നനാളം, കരള്‍, പിത്താശയം, എൻഡോമെട്രിയൽ, ഗോൾബ്ലാഡർ കാൻസറുകൾക്ക് പൊണ്ണത്തടിയും കാരണമാകുന്നു.

ലോകാരോഗ്യസംഘടന നടത്തിയ ഒരു പഠനം അനുസരിച്ച് 18 നും 40 നും ഇടയിൽ പ്രായമുള്ള അമിതഭാരം ഉള്ളവർക്ക് 18 വ്യത്യസ്തതരം കാൻസർ വരാനുള്ള സാധ്യത അധികമാണെന്നു കണ്ടു. സ്പെയിനിലെ കാറ്റലോണിയ എന്ന സ്ഥലത്തെ 2.6 ദശലക്ഷം പേരുടെ ആരോഗ്യരേഖകൾ പഠനത്തിനായി പരിശോധിച്ചു. 2009 ൽ 40 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്ന ഇവരെല്ലാം കാൻസർ ബാധിക്കാത്തവർ ആയിരുന്നു. ഒൻപതു വർഷത്തിനു ശേഷം 2018 ൽ ഇവരിൽ 2,25000 പേർക്ക് കാൻസർ ബാധിച്ചതായി കണ്ടു.

എങ്ങനെയാണ് രോഗസാധ്യത എന്നറിയാൻ പഠനത്തിൽ പങ്കെടുത്തവരുടെ ബോഡിമാസ് ഇൻഡക്സ് (BMI) തുടർച്ചയായി പരിശോധിച്ചു. ബിഎംഐ ഇരുത്തഞ്ചോ അതിനു മുകളിലോ ഉള്ളവർക്ക് 18 വ്യത്യസ്തതരം കാൻസർ ബാധിക്കാൻ സാധ്യത കൂടുതലാണെന്നു കണ്ടു.

ശരീരഭാരവുമായി ബന്ധപ്പെട്ട് വരാൻ സാധ്യതയുള്ള കാൻസറുകളിൽ രക്താർബുദം, നോൺ ഹോഡ്ജ്കിൻ ലിംഫോമ എന്നിവ ഉൾപ്പെടുന്നു. അതുപോലെ ഒരിക്കലും പുകവലിക്കാത്തവർക്ക് തല, കഴുത്ത്, ബ്ലാഡർ കാൻസറുകൾക്കും സാധ്യത ഉള്ളതായി പഠനം പറയുന്നു. അമിതഭാരവും പൊണ്ണത്തടിയും കാൻസർ സാധ്യത കൂട്ടുന്നു എന്ന കണ്ടെത്തൽ ഗൗരവമായി എടുക്കുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ലോകാരോഗ്യസംഘടനയുടെ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിലെ ഡോ. ഹെയ്ൻസ് ഫ്രെസ്‌ലിങ്ങ് പറയുന്നു.

ദീർഘകാലമായുള്ള അമിതഭാരവും പൊണ്ണത്തടിയും അതുപോലെ ചെറിയ പ്രായത്തിൽ തന്നെയുള്ള അമിതഭാരവും പൊണ്ണത്തടിയും കാൻസർ സാധ്യത കൂട്ടുന്നതായി നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ പറയുന്നു.

കുട്ടികളിലെ പൊണ്ണത്തടി തലച്ചോറിന്റെ ഘടനയെയും ബൗദ്ധിക പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും പഠനം പറയുന്നു. അമിതഭാരവും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന കാൻസറുകൾ ഇവയാണ്.

തലച്ചോറ്

തൈറോയ്ഡ്

അന്നനാളം

സ്തനം

കരൾ

ഉദരം

വൃക്ക

പിത്തസഞ്ചി

പാൻക്രിയാസ്

ബവൽ

അണ്ഡാശയം

പൊണ്ണത്തടി കാൻസറുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

പ്രധാന അവയവങ്ങളെ പൊതിഞ്ഞിട്ടുള്ള വിസറൽ ഫാറ്റ് മൂലം ഉണ്ടാകുന്ന ഇൻഫ്ലമേഷൻ, ഹോർമോണുകളായ ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയവയെ ബാധിക്കുന്നത് കാൻസർ സാധ്യത കൂട്ടും.

ഈസ്ട്രജന്റെ അളവ് കൂട്ടുന്നത് കോശങ്ങളുടെ ഉൽപാദനവും കൂട്ടും ഇത് മുഴകൾ (ട്യൂമർ) ഉണ്ടാകാൻ കാരണമാകും. സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് ഒരുപാട് കൂടുന്നത് ആർത്തവവിരാമശേഷമുള്ള സ്തനാർബുദം, എൻഡോമെട്രിയൽ, അണ്ഡാശയ കാൻസറുകൾക്ക് കാരണമാകും.

പൊണ്ണത്തടി അകറ്റാം

ശരീരഭാരം നിയന്ത്രിക്കുക എന്നതാണ് കാൻസർ സാധ്യത കുറയ്ക്കാനുള്ള പ്രധാന മാർഗം. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

∙ വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും. ആഴ്ചതോറും 150 മിനിറ്റ് മിതമായ എയ്റോബിക് ആക്റ്റിവിറ്റിയും 75 മിനിറ്റ് കഠിനവ്യായാമവും ചെയ്യാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദേശിക്കുന്നു.

∙ സമ്മർദം കുറയ്ക്കാം
സമ്മർദം ശരീരത്തെയും മനസ്സിനെയും ബാധിക്കും. കാലറി കൂടിയ ഭക്ഷണങ്ങളോടുള്ള ആർത്തിയും സമ്മർദം മൂലം ഉണ്ടാകാം. ഇത് പൊണ്ണത്തടിക്കു കാരണമാകും.

∙ ആരോഗ്യകരമായ ഭക്ഷണം
പ്ലേറ്റിന്റെ മൂന്നിൽ രണ്ടു ഭാഗം സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ കൊണ്ടു നിറയ്ക്കാം. മൂന്നിൽ ഒരു ഭാഗം ആനിമൽ പ്രോട്ടീൻ ഉൾപ്പെടുത്താം.

∙ ഉറക്കം
കടുത്ത ക്ഷീണവും തളർച്ചയും കൂടുതൽ ഭക്ഷണം കഴിക്കാനും അനാരോഗ്യ ഭക്ഷണം കഴിക്കാനും പ്രേരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ മതിയായ ഉറക്കവും വിശ്രമവും ലഭിക്കേണ്ടത് പ്രധാനമാണ്.

∙ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസെമിക് ഇൻഡക്സ് അഥവാ ജിഐ ആണ് വളരെ പെട്ടെന്ന് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ അത് കണക്കാക്കുന്നത്. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കാം. ഇത് ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!