ന്യൂസ് ബ്യൂറോ , കൊച്ചി
എടപ്പാൾ: വിട വാങ്ങിയ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി നാട്. ഇന്നു പുലർച്ചെ 12.30ഓടെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്നു പുലർച്ചെ മൂന്നരയോടെ മൃതദേഹം എടപ്പാൾ നടുവട്ടത്തെ വീട്ടിലെത്തിച്ചു. പ്രിയ ചിത്രകാരനെ അവസാനമായി ഒരു നോക്കു കാണാൻ ഒട്ടേറെപ്പേരാണ് നടുവട്ടത്തെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിൽ സാഹിത്യകാരന്മാരും പഴയ സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടുന്നു. ഉച്ചയ്ക്കു 12 വരെ നടുവട്ടത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും. പിന്നീട് തൃശൂർ സാഹിത്യ അക്കാദമി ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. മൂന്നരയ്ക്കു ശേഷം വീണ്ടും തിരിച്ചു വീട്ടിലേക്ക്. നാലരയോടെ നടുവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്ക്കാര ചടങ്ങുകൾക്ക് തുടക്കമാവുക.
ഇന്ത്യയിലെ മികച്ച രേഖാചിത്രകാരൻ കൂടിയായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി 1925 സെപ്‌റ്റംബർ 13ന് പൊന്നാനിയിലെ കരുവാട്ടു മനയ്ക്കൽ കെ.എം.പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനിച്ചു. മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ കെ.സി.എസ്.പണിക്കർ, റോയ് ചൗധരി തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960ൽ മാതൃഭൂമിയിൽ ചിത്രകാരനായി ചേർന്നു. 1981 മുതൽ കലാകൗമുദിയിലും തുടർന്ന് മലയാളം വാരികയിലും ജോലി ചെയ്തു. മാതൃഭൂമിയിൽ വന്ന ‘നാണിയമ്മയും ലോകവും’ എന്ന പേരിലുള്ള പോക്കറ്റ് കാർട്ടൂൺ പരമ്പര പ്രസിദ്ധമാണ്. തകഴിയുടെ ‘ഏണിപ്പടികൾ’, എംടിയുടെ ‘രണ്ടാമൂഴം’, തിക്കോടിയന്റെ ‘ചുവന്ന കടൽ’, വികെഎന്നിന്റെ ‘പിതാമഹൻ’, കെ.സുരേന്ദ്രന്റെ ‘ഗുരു’, പുനത്തിൽ കുഞ്ഞബ്‌ദുല്ലയുടെ ‘സ്മാരകശിലകൾ’ എന്നീ നോവലുകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2001 മുതൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ ‘രേഖകൾ’ എന്നപേരിൽ പുസ്തകമാക്കി പിന്നീട് മനോരമ ബുക്സ് പുറത്തിറക്കി. ഒരു ചിത്രകാരൻ തന്റെ ഓർമകൾ എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന അപൂർവ ജീവിതരേഖയായിരുന്നു ഇത്.
രേഖാചിത്രങ്ങൾ, പെയിന്റിങ് എന്നിവയ്‌ക്കു പുറമേ ശിൽപകലയിലും പ്രശസ്‌തനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ സ്വാധീനം. കലാമണ്ഡലത്തിനുവേണ്ടി ഫൈബർ ഗ്ലാസിൽ ചെയ്‌ത കഥകളി ശിൽപങ്ങളും ചെമ്പുഫലകങ്ങളിൽ മഹാഭാരതവും രാമായണവും പുനരവതരിപ്പിച്ചുകൊണ്ടുള്ള പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി.
കൊല്ലത്ത് ടി.കെ.ദിവാകരൻ സ്‌മാരകത്തിൽ സിമന്റിൽ ചെയ്‌ത ‘റിലീഫ്’ ശിൽപം, വടകരയിലും കൊല്ലത്തുമുള്ള കോപ്പർ മ്യൂറലുകൾ, തിരുവനന്തപുരം ലാറ്റക്‌സ് ഭവനിലെ ‘അമ്മയും കുഞ്ഞുങ്ങളും’ എന്ന കോൺക്രീറ്റ് ശിൽപം, എറണാകുളം ഹൈക്കോടതിയിൽ തടിയിൽ ചെയ്‌ത ‘നീതി’ ശിൽപം എന്നിവ പ്രസിദ്ധങ്ങളാണ്. ചലച്ചിത്രകാരന്മാരായ അരവിന്ദൻ, പത്മരാജൻ എന്നിവരോടൊപ്പം സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡൽ ആർട്ടിസ്‌റ്റ് വില്ലേജിന്റെയും എറണാകുളം കേരള കലാപീഠത്തിന്റെയും സ്‌ഥാപക അംഗങ്ങളിൽ ഒരാളാണ്.
More Stories
ഈ മണ്ഡല കാലത്തെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ” ശബരിഗിരി നാദം ” പ്രകാശനം ചെയ്തു
ഓൾ കേരളാ പ്രസിദ്ധീകരണത്തിന് ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസ് -ശിലാസ്ഥാപനം നടത്തി
നടൻ ടി.പി. മാധവൻ അന്തരിച്ചു.