സ്പോർട്സ് ഡെസ്ക്
സാവോ പോളോ : ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറ്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നു.
എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെ നിറഞ്ഞുനിൽക്കെ ബ്രസീൽ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി. ആദ്യം 1958ൽ, പിന്നെ 1962ൽ, ഒടുവിൽ 1970ൽ. എന്നാൽ 1962ൽ പരുക്കിനെത്തുടർന്ന് പെലെ ലോകകപ്പിനിടയിൽ പിൻമാറി. ആകെ നാലു ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്. ഫുട്ബോൾ ലോകകപ്പിൽ ഒരുപിടി റെക്കോർഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.
∙ ഷൂ പോളിഷുകാരനിൽനിന്ന് ഫുട്ബോളറിലേക്ക്
1940 ഒക്ടോബർ 23നു ട്രെസ് കോറസ്യൂസ് നഗരത്തിൽ ജനിച്ച എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ഏറ്റവുമധികം ഗോൾ നേട്ടവുമായി നാലു ലോക കപ്പ് കളിച്ചു. മൂന്നു കപ്പ് വിജയത്തിന്റെ ലോക റെക്കോർഡോടെ കാൽപന്തുകളിയെ സ്വർഗസീമയിലെത്തിച്ച് വിളംബരം ചെയ്തു: ‘‘ഫുട്ബോൾ, എത്ര സുന്ദരമായ കളി!’’
ഏഴാം വയസ്സു മുതൽ കാൽപന്തുകൊണ്ട് ഇന്ദ്രജാലങ്ങൾ കാണിച്ചു വളർന്നു. ആ ഇന്ദ്രജാലങ്ങൾ പിൽക്കാലത്തെ ഫുട്ബോൾ ഇതിഹാസങ്ങളാവുകയായിരുന്നു! ഇടത്തരം പ്രഫഷനൽ ഫുട്ബോളറായിരുന്ന ഡോൺടിഞ്ഞോ എന്ന ജോവ റിമോസ് ദൊ നാസിമെന്റോയുടെ പുത്രനായി പിറന്നു എന്നതായിരുന്നു പെലെയുടെ ഭാഗ്യം. നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്കു ജീവിതം തേടി നടന്ന ഡോൺടിഞ്ഞോ ഒടുവിൽ ബൌറുവിൽ അഭയം കണ്ടെത്തിയപ്പോൾ അവിടെ സെപ്റ്റംബർ ഏഴ് എന്ന തെരുവീഥിയിൽ ‘ഡിക്കോ’ എന്ന ഓമനപ്പേരോടെ ആ കറുത്ത ബാലൻ ആദ്യത്തെ പന്തുതട്ടി. പക്ഷേ, പിതാവ് പരുക്കുമൂലം കളി നിർത്തിയപ്പോൾ നിരത്തോരത്തും റയിൽവേ സ്റ്റേഷനിലും ഷൂ പോളിഷുകാരനായി ജീവിതത്തിലേക്കിറങ്ങുവാനായിരുന്നു പെലെയുടെ ആദ്യവിധി; ഇടതുകയ്യിൽ പന്ത്, വലതു കയ്യിൽ ഷൂ പോളിഷ് കിറ്റ്! എന്നിട്ടും തെരുവോരങ്ങളിലെ നഗ്നപാദ ടീമുകളിൽ കളി തുടർന്നപ്പോൾ കൂട്ടുകാർ അവനു മറ്റൊരു പേരു നൽകി: പെലെ. പാദമെന്നോ അഴുക്ക് എന്നോ അല്ലെങ്കിൽ മണ്ണ് എന്നോ അവർ അർഥമാക്കി. ബൌറു മേയർ സ്പോൺസർ ചെയ്ത ബോയ്സ് ടൂർണമെന്റിൽ പതിനൊന്നാം വയസ്സിൽ പെലെ എന്ന ഗോളടിയന്ത്രം പിറക്കുകയായിരുന്നു!
ഭാവിയിൽ 1281 ഗോള്‍കൊണ്ടു വല നിറയ്ക്കുവാനുള്ള ഭാഗധേയം ആ ബാലനെ കാത്തിരുന്നു. പിതാവിന്റെ സുഹൃത്തും 1934ൽ ബ്രസീൽ ലോകകപ്പ് ടീമംഗവുമായിരുന്ന വാർഡർ ഡി ബ്രിട്ടോ ആ പതിനൊന്നുകാരനിൽ ലോക ഫുട്ബോളിലെ മുടിചൂടാമന്നനെ ദീർഘദർശനം ചെയ്തപ്പോൾ ചരിത്രനിമിഷങ്ങളുടെ പിറവിയായി. ട്രൗസറും ബനിയനും മാത്രം ധരിച്ചു ശീലിച്ച പെലെ ആദ്യമായി ഫുൾപാന്റും ഷർട്ടും ഷൂസും ധരിച്ചതു പതിനഞ്ചാം വയസ്സിൽ സാന്റോസ് ക്ലബ്വിലെത്തുമ്പോൾ! പിന്നീട് പരിശീലനത്തിന്റെ നാളുകൾ, അംഗീകാരത്തിന്റെ മുദ്രകൾ. ആദ്യം ജൂനിയർ, അമച്വർ ടീമുകളിൽ. തുടർന്ന് ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ കളിക്കാരനായി സാന്റോസിന്റെ ഫുൾടീമിൽ. പതിനാറാം വയസ്സിൽ പ്രഫഷനൽ ടീമിൽ സ്ഥിരാംഗം, പതിനേഴാം വയസ്സിൽ ദേശീയ ടീമിലെ പത്താം നമ്പർ ജഴ്സി സ്വന്തം. പത്താം നമ്പർ ജഴ്സി എന്നതു പെലെയുടെ മാത്രം ജഴ്സി എന്ന ലോകത്തിന്റെ അംഗീകാരത്തിന്റെ ആദ്യ നാളുകളായിരുന്നു അതെല്ലാം. ഫുട്ബോളിൽ പത്താം നമ്പർ കളിക്കാർ അതോടെ സ്വർണത്തിളക്കവുമായി പെലെയുടെ പ്രതിനിധികളായി!
∙ നേട്ടങ്ങൾ
ലോകകപ്പ് വിജയം: 1958, 1962, 1970
കോപ അമേരിക്ക ടോപ് സ്കോറർ: 1959
ലോകകപ്പ് ആകെ മൽസരങ്ങൾ: 14
വിജയം: 12,സമനില: 1, പരാജയം: 1
ലോകകപ്പ് ഗോൾ: സ്വീഡൻ ലോകകപ്പ് (1958) – 6, ചിലെ(1962) – 1 ഇംഗ്ലണ്ട് (1966) – 1 , മെക്സിക്കോ (1970) – 4 , ആകെ 12
∙ ബഹുമതികൾ
ഫിഫ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫ ഓർഡർ ഓഫ് മെറിറ്റ്: 2004
ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ: 1973
ഫിഫ ലോകകപ്പ് മികച്ച കളിക്കാരൻ: 1970
ഫിഫ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം