ജോബി ബേബി
പട്ടിണി കിടന്ന് വലയുന്ന കുട്ടികളും അവർക്ക് ഉറങ്ങാനുള്ള മരുന്ന് കൊടുക്കാൻ ഗതികേട് കൊണ്ട് നിർബന്ധിതരാകുന്ന മാതാപിതാക്കളും.മക്കളെ വിറ്റും അവയവങ്ങൾ ദാനം ചെയ്യ്തും ഒരു നേരത്തെ ഭക്ഷണത്തിനു വക കണ്ടെത്താൻ വഴി തേടുന്ന കുടുംബങ്ങൾ..ഈ കാഴ്ച ഒരു പാട് വർഷം പഴക്കമുള്ളതല്ല..ഈ 21ആം നൂറ്റാണ്ടിൽ നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിലാണ് കണ്ണുനനയിക്കുന്നഈ കാഴ്ചകൾ.അതിജീവനത്തിന്റെ നൊമ്പരവഴിയിൽ കാലിടറുന്ന അഫ്ഗാൻ ജനതയുടെ ഇന്നത്തെ മുഖമാണിത് ലോകത്തിന് കാട്ടുന്നത്.
ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് സ്ഥിരമായി പോകുന്ന ടാക്സി ഡ്രൈവർ ആയ അഫ്ഗാൻകാരൻ മുസ്തഫയുമായി(പേരുകൾ യാഥാർത്ഥമല്ല)ഏറെ നേരം സംസാരിക്കാൻ ഇടയായി.നമ്മുടെ നാടിനെ കേരളത്തെ, ഇന്ത്യയെ അധികമായി സ്നേഹിക്കുന്ന അദ്ദേഹം നമ്മെ ഒരുപാട് ഇഷ്ടപ്പെടുന്നു.കാരണം നാം അനുഭവിക്കുന്ന സ്വാതന്ത്യം…സന്തോഷം എല്ലാം.അദ്ദേഹം ഓരോ നിമിഷവും ടെൻഷനിലാണ് അത് അദ്ദേഹത്തിന്റെ വാക്കിൽ,മുഖത്തു പ്രകടമാണ്.കാരണം അദ്ദേഹത്തിന് തന്റെ നാടായ അഫ്ഗാനിൽ ഇപ്പോൾ നടക്കുന്ന അവസ്ഥകളെക്കുറിച്ചു ഓർത്തു വിഷമത്തിലാണ്.തന്റെ കുടുബം എത്രത്തോളം സുരക്ഷിതമാണ് ഓരോ നിമിഷമെന്ന് അറിയില്ല.താൻ ഇവിടെ ജോലി ചെയ്യുന്നത് കൊണ്ട് കുടുംബം സുരക്ഷിതമായിരിക്കുന്നു.അദ്ദേഹം പറഞ്ഞ അഫ്ഗാന്റെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നതാണ്.
“ഞങ്ങളുടെ കുട്ടികൾ വിശപ്പും ദാഹവും കാരണം കരയുകയാണ്.വിശപ്പ് കാരണം കുഞ്ഞുങ്ങൾ ഉറങ്ങുന്നില്ല.അതിനാൽ മരുന്ന് കടകളിൽ പോയി ഉറങ്ങുന്നതിനാവശ്യമായ ഉറക്കഗുളികൾ വാങ്ങി അവർക്ക് നൽകി അവരെ മയക്കത്തിലേക്ക് തള്ളിവിടുകയാണ്”- അഫ്ഗാനിസ്ഥാനിലെ അബ്ദുൽ വഹാബ് എന്ന ഒരു അച്ഛന്റെ ഹൃദയം പൊട്ടിയ വാക്കുകളാണിത്.ഇത് ഒരു ജനതയുടെ മുഴുവൻ നൊമ്പരമാണ്.താലിബാൻ ഭരണത്തിന്റെ കീഴിൽ തങ്ങളുടെ സ്വാതന്ത്യവും അഭിമാനവും അടിയറവു വയ്ക്കേണ്ടിവന്ന ഒരു പറ്റം ആളുകളുടെ നൊമ്പരം.അഫ്ഗാനിസ്ഥാനിലെ ആളുകൾ ഇന്ന് പട്ടിണിയിലും തൊഴിലില്ലായ്മയിലും ഈ ശൈത്യകാലത്തു ലോകത്തിനുമുൻപിൽ അഭിമാന ക്ഷതത്തിൽ വലയുകയാണ്. താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷമുള്ള രണ്ടാം ശൈത്യമാണ് ഇപ്പോൾ.വിദേശഫണ്ട് മരവിപ്പിച്ചതിന്റെ ഫലമായുള്ള ദുരന്തമാണ് ഇപ്പോൾ അരങ്ങേറുന്നതെന്ന് യു ൻ വ്യക്തമാക്കി.കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന അഫ്ഗാനിസ്ഥാനിലെ പുരുഷന്മാർക്ക് താലിബാന്റെ ഭരണത്തോടെ ജീവിതം താറുമാറായി.അനേകം പേർക്ക് തൊഴിൽ നഷ്ടമായി,പട്ടിണിമൂലം വിശന്ന് കരയുന്ന കുട്ടികളേയും കുഞ്ഞുങ്ങളുടെയും മുന്നിൽ നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ കുടുംബനാഥന്മാർക്ക് സാധിക്കുന്നുള്ളൂ.
രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിനു പുറത്തായിട്ടാണ് അബ്ദുൽ വഹാബ് താമസിക്കുന്നത്.ലോകത്തിലെ വാർത്താ ഏജൻസിയായ ബി ബി സി ഈ സ്ഥലം സന്ദർശിക്കുമ്പോൾ അവിടെ കൂടിയിരുന്ന ഭൂരിഭാഗം ആളുകളും പട്ടിണി മൂലം തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാരകമായ രീതിയിൽ വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ ഉറക്കത്തിനായി നൽകുന്നതായി കണ്ടെത്തി.അവരിൽ പലരുടേയും അടുത്ത് നിന്നും തെളിവെന്നോണം മരുന്നുകളുടെ സ്ട്രിപ്പുകളും പാക്കറ്റുകളും കണ്ടെത്തി എന്നുള്ള വാർത്ത പുറംലോകം അറിഞ്ഞിരുന്നു.
ഗുലാം ഹസ്രത്ത് എന്ന വ്യക്തിയ്ക്ക് ആറു കുട്ടികളാണ് ഉള്ളത്.ഇളയ കുട്ടിയ്ക്ക് ഒരു വയസാണ്.ആ കുഞ്ഞിനുപോലും ഈ ഉറക്കഗുളികകൾ നൽകുന്നു എന്ന് കണ്ടെത്തുമ്പോൾ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ കടന്ന് പോകുന്ന അവസ്ഥ എത്രമാത്രം ഭീകരമാണ്.പോഷകാഹാരത്തിന്റെ കുറവ് മിക്ക കുട്ടികളിലും കാണാം.ജനിച്ചപ്പോൾ ഉണ്ടായിരുന്ന ആരോഗ്യം എല്ലാം ശോഷിച്ചു എല്ലും തോലുമായി കുട്ടികൾ നടക്കുന്ന അവസ്ഥ.
അമർ എന്ന അഫ്ഗാൻ യുവാവിന്റെ കഥ ഞെട്ടിക്കുന്നതാണ്.”ഒരു വഴിയും ഇല്ലായിരുന്നു. ഒരു പ്രാദേശിക ആശുപത്രിയിൽ വൃക്ക വിൽക്കാൻ കഴിയുമെന്ന് ഞാൻ കേട്ടിരുന്നു. ഞാൻ അവിടെച്ചെന്നു ആഗ്രഹം അറിയിച്ചു.ഏതാനും ആഴ്ചകൾക്ക് ശേഷം അവർ എന്നെ വിളിച്ചു. ഞാൻ വൃക്ക വിറ്റു.ആദ്യം എനിക്ക് ഭയമായിരുന്നു.എങ്കിലും മറ്റ് മാർഗ്ഗമില്ലായിരുന്നു.ഈ യുവാവ് തന്റെ അവയവം വിൽക്കാൻ കാരണവും കുടുംബത്തെ അലട്ടിയ കൊടുംപട്ടിണി തന്നെയായിരുന്നു.
ഒരു അമ്മയുടെ വിലാപം അക്ഷരാർത്ഥത്തിൽ കണ്ണ് നനയിച്ചു,ഇതേ കഥകളാണ് മറ്റ് അമ്മമാർക്കും സ്ത്രീകൾക്കും പറയാനുണ്ടായിരുന്നത്.”രണ്ട് വയസ്സുള്ള മകളെ വിൽക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്,ഞങ്ങൾ കടം വാങ്ങിയവർ, തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ മകളെ തരൂ എന്ന് പറഞ്ഞു ഞങ്ങളെ ദിനവും പീഡിപ്പിക്കുന്നു.ഞങ്ങളുടെ അവസ്ഥയെക്കുറിച്ചു എനിക്ക് വളരെ ലജ്ജ തൊന്നുന്നു.ചിലപ്പോൾ ഞങ്ങൾക്ക് ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ് നല്ലതെന്ന് തോന്നും”.പലപ്പോഴും ഇത്തരത്തിലുള്ള ക്രൂരതകൾക്ക് മുന്നിൽ നിസ്സഹായരായി നോക്കിനിൽക്കാനേ അവർക്ക് സാധിക്കുന്നുള്ളൂ.
കുഞ്ഞു പെൺകുട്ടികളെ വിൽക്കുന്ന അപ്പന്മാർ,വില്പനച്ചരക്കായി മാറുന്ന പെൺകുട്ടികൾ,പലപ്പോഴും പ്രായമായ പലർക്കും വേണ്ടി ചെറുപ്രായത്തിലേ, ശൈശവത്തിലെ പറഞ്ഞുവയ്ക്കപ്പെടുന്ന പെൺകുട്ടികൾ,അവയവങ്ങൾ വിൽക്കുന്ന മുതിർന്നവർ.ഇവർ ഇന്നത്തെ അഫ്ഗാന്റെ നേർരൂപമാണ്.എല്ലായിടത്തും വിശപ്പിന്റെ വിളി മാത്രം.അതിനെ അതിജീവിക്കാനുള്ള ഓട്ടത്തിന്റെ ഇടയിലാണ് അഫ്ഗാൻ ജനത.ഒരു നേരത്തെ ആഹാരം അതും സുഭിക്ഷമായതല്ല,അത്യാവശ്യം ജീവൻ നിലനിർത്താൻ വേണ്ടിയുള്ളത് മാത്രം…അതാണ് അവരുടെ ലക്ഷ്യം.അഫ്ഗാൻ ജനത നടക്കുന്നത് കനൽവഴികളികളിലൂടെയാണ് പെൺകുഞ്ഞുങ്ങളുടെ, അമ്മമാരുടെ,പട്ടിണിയുടെ,മാനഹാനിയുടെ കനൽവഴിയിലൂടെ ഉള്ള യാത്ര.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ