ജോബി ബേബി
ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി നിരപരാധിയായിരുന്നു എന്ന വിവരം പുറത്തുവരുമ്പോള്‍ അതു വലിയ ഞെട്ടല്‍ ഉളവാക്കുന്നില്ല. അദ്ദേഹം നീതിമാനായിരുന്നു എന്നത് സാധാരണ പൗരന്മാര് മുതല്‍ ഐക്യരാഷ്ട്രസംഘടനവരെ എന്നേ തിരിച്ചറിഞ്ഞതാണ്.ആ മരണത്തില്‍ ഐക്യരാഷ്ട്ര സഭവരെ ദുഃഖവും ഞടുക്കവും രേഖപ്പെടുത്തിയിരുന്നു.
ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ എന്ന കരിനിയമം ചുമത്തി 2020 ഒക്ടോബര്‍ 20-നായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റുചെയ്യപ്പെട്ടത്. ഒമ്പതുമാസം വിചാരണ തടവുകാരനായിരുന്ന അദ്ദേഹം 2021 ജൂലൈ അഞ്ചിന് ജൂഡീഷ്യല്‍ കസ്റ്റഡില്‍ വച്ചാണ് മരണമടഞ്ഞത്. മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍നിന്നും പിടിച്ചെടുത്ത രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
നെറ്റ്വയര് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ലാപ്ടോപ്പ് ഹാക്ക് ചെയ്ത് അതിലേക്ക് വ്യാജ ഇ-മെയിലുകള്‍ നിക്ഷേപിക്കുകയായിരുന്നു. ആ ഇ-മെയിലുകളാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. അമേരിക്കയിലെ ബോസ്റ്റണിലുള്ള ആഴ്സണല്‍ കണ്‍സള്‍ട്ടിംഗ് എന്ന പ്രശസ്ത സ്ഥാപനത്തിലെ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കോടതിയില്‍നിന്നും ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകര്‍ വാങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിന്റെ കോപ്പിയാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയത്.
ജാര്‍ഖണ്ഡിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഖനിമാഫിയകളുടെയും കണ്ണിലെ കരടായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് നടത്തിയ നിയമപരമായ പോരാട്ടങ്ങള്‍ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അകാരണമായി ജയിലില്‍ അടക്കപ്പെട്ട ആദിവാസി യുവാക്കളെ നിയമപരമായ മാര്‍ഗങ്ങളിലൂടെ പുറത്തിറക്കുകകൂടി ചെയ്തപ്പോള്‍ അദ്ദേഹത്തോടുള്ള ശത്രുത വര്‍ധിക്കുകയായിരുന്നു.
ആദിവാസികളെ ഒരു കുടക്കീഴില് അണിനിരത്തുന്നതിന്റെ പിന്നില്‍ ഫാ. സ്റ്റാന്‍ സ്വാമിയാണെന്ന് അവര്‍ക്ക് നിശ്ചയം ഉണ്ടായിരുന്നു. ആദിവാസികളുടെ മുന്നേറ്റം തങ്ങള്‍ക്കു ഭീഷണിയാകുമെന്ന തിരിച്ചറിവാണ് ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ തിരിയാന്‍ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാര്‍ക്കുള്ള മുന്നറിപ്പുകൂടിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്.
ആഴ്സണലിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ഉയര്‍ത്തിയിട്ടുപോലും ഗവണ്മെന്റോ അന്വേഷണ ഏജന്‍സികളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഒരു വിദേശ ഏജന്‍സിയുടെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടിന് വിശ്വാസ്യത ഇല്ലെന്നായിരിക്കും ബന്ധപ്പെട്ടവര്‍ പ്രതികരിക്കാന്‍ സാധ്യത എന്നാണ് ഇതു സംബന്ധിച്ച നിരീക്ഷകരുടെ വിലയിരുത്തല്‍. തങ്ങളുടെ കണ്ടെത്തലുകള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ മറ്റേതൊരു ഏജന്‍സിക്കും കഴിയുമെന്ന കാര്യവും ആഴ്സണല്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അമേരിക്കന്‍ കോടതികള്ക്കുവേണ്ടി ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന സ്ഥാപനമാണ് ആഴ്സണല്‍.
ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരെ ഉണ്ടായ നീതിനിഷേധങ്ങള്‍ക്ക് ഒരു തിരക്കഥയുടെ എല്ലാ സൂചനകളുമുണ്ട്. രാജ്യത്തെ പരമോന്നത ബഹുമതികള്‍ നല്കി ആദരിക്കപ്പെടേണ്ട ഒരു നിസ്വാര്ത്ഥമതിക്ക് ഇത്രയും കൊടുംക്രൂരതകള്‍ നേരിടേണ്ടിവന്നു എന്നത് നീതിബോധമുള്ള ആരെയും എന്നും വേദനിപ്പിച്ചുകൊണ്ടിരിക്കും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ