November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തടിയലമാരയിലെ സാക്ഷ്യപത്രങ്ങൾ ഓർമ്മപ്പെടുത്തിയത്

റീന സാറാ വർഗീസ്

ഇന്നത്തെ പോലെ അന്നു് തിരിച്ചറിവുണ്ടായിരുന്നെങ്കിൽ എവിടെയെത്തുമായിരുന്നുവെന്ന് പരിഭവം പറഞ്ഞ ഒരുവളെ ഓർക്കുന്നു. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലെ കഴിവുകൊണ്ട് അദ്ധ്യാപക ശ്രദ്ധ നേടിയവൾ. നിരത്തിയിട്ടിരുന്ന ബഞ്ചുകളിലെ മുൻനിരക്കാരി.

താണ്ടാൻ, ഉയരങ്ങൾ ഏറെയുണ്ടായിരുന്നിട്ടും വ്യതിരിക്തമായ ചുറ്റുപാടുകളുടെ സ്വാധീനം മൂലം, പക്വമായി ചിന്തിക്കാനുള്ള കഴിവും നാളെ എന്താകും എന്നുള്ള മുൻധാരണയും ഇല്ലാതെ പോയതിൽ നിന്നാണ് പരാജയം തുടങ്ങിയതെന്ന് അവൾ ആവർത്തിച്ചു. ഭൂതകാലത്ത് തീക്ഷ്ണമായിരുന്ന അവളുടെ വാക്കുകളിലെ ഊർജ്ജം വർത്തമാനത്തിൽ എവിടെയോ നഷ്ടമായതു പോലെ.

സംസാരത്തിനിടയിൽ നിരാശയോടെ അവൾ പറഞ്ഞത് ഇങ്ങനെ: “കാലാകാലങ്ങളായി തുടരുന്ന, തത്ത ചൊല്ലും പോലെയുള്ള പഠനം. അതുകൊണ്ട് ഞാൻ എന്തു നേടി?”

ഇരുത്തി ചിന്തിപ്പിച്ച വാക്കുകൾ!

എല്ലാ വിഷയങ്ങളും കാച്ചിക്കുറുക്കി, ഉന്നതവിജയം കൈവരിച്ചിരുന്ന അതിസമർത്ഥയായ പഠിതാവിനെ കാണും വരെ, ഉറച്ചു വിശ്വസിച്ചിരുന്നത് ഉന്നതികളിൽ എത്തിച്ചേർന്നിരിക്കും എന്നുതന്നെയാണ്.

എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി, ഉന്നതവിദ്യാഭ്യാസങ്ങളുടെ സാക്ഷ്യപത്രങ്ങൾ തടിയാലമാരയിൽ വെളിച്ചം കാണാതെ
അരികുപൊളിഞ്ഞ്, തൻ്റെ ജീവിതം പോലെ നിറംമങ്ങിയെന്ന് തെല്ലു വ്യസനത്തോടെയാണ് അവൾ പറഞ്ഞത്.

വെറും ശരാശരിക്കാരും പഠനത്തിൽ താഴ്ന്ന നിലവാരം പുലർത്തിയിരുന്ന വരും, പുറകിലെ ബെഞ്ചുകളിൽ ഇരുന്ന് ജീവിതമാണോ പഠിച്ചതെന്ന സംശയം ബാക്കിയാക്കി ഉദ്ദേശിക്കാത്ത അത്ര ഉയരങ്ങൾ കീഴടക്കിയിരിക്കുന്നു.
അവളുടെ പഠനത്തെ അവരുടേതുമായി തുലനം ചെയ്യുമ്പോൾ എന്തുകൊണ്ടും അവൾക്കായിരുന്നു മുന്നിലെത്താൻ യോഗ്യത.

വർത്തമാനത്തിൽ, വിദ്യാഭ്യാസം എന്നത് പാഠപുസ്തകങ്ങൾ മുഴുവൻ ഹൃദിസ്ഥമാക്കി, ‘പഠനം’ എന്ന മൂന്നക്ഷരത്തിന്റെ കേവലം പകർത്തെഴുത്ത് മാത്രമായി ഒതുങ്ങി. തദ്വാര വല്ലാത്തൊരു ചങ്ങലപ്പൂട്ടിൽ കുട്ടികൾ നിർബന്ധിതമായി ബന്ധിതരായി എന്നു പറയുന്നതിൽ അതിശയോക്തി തോന്നുന്നില്ല. ഉയർന്ന മാർക്കുകൾ ലഭിച്ചില്ലെങ്കിൽ നാളെ എങ്ങനെ ജീവിക്കും എന്നതിനെ ചൊല്ലി കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെയും മാനസികസമ്മർദ്ദം ഏറിവരുന്ന സാഹചര്യങ്ങൾ തുലോം കുറവല്ല എന്നതും ദൗർഭാഗ്യകരമായ മറ്റൊരു നഗ്നസത്യവും പരസ്യമായ രഹസ്യവും കൂടിയാണ്.

ഉയർന്ന ശ്രേണിയിൽ എത്തിയവരുടെ കരഘോഷങ്ങൾ കണ്ട്, ഇപ്പുറത്ത് പരാജിതൻ ശിരസ്സ് കുമ്പിട്ട് നിൽപ്പുണ്ടാവും ജീവിക്കണോ അതോ മരിക്കണോ എന്നു് നിശ്ചയമില്ലാതെ. തലങ്ങും വിലങ്ങും ശാപവാക്കുകളേറ്റു മനസ്സുകൊണ്ട് മൃതപ്രായരായവർ!

പാഠ്യേതര വിഷയങ്ങളിൽ കഴിവുകൾ ഉണ്ടായിട്ടും തിരിച്ചറിയപ്പെടാതെ എത്രയോ പേർ കൺമുന്നിലും അല്ലാതെയും നാം ഉൾപ്പെടുന്നയീ സമൂഹത്തിൽ അറിയപ്പെടാതെ ജീവിക്കുന്നുണ്ട്. വിജയം സമം “വൈറ്റ് കോളർ ജോബ്” എന്നതാണെന്ന് ധരിപ്പിച്ചു വശായി അടുത്ത തലമുറയെ വാർത്തെടുക്കുന്ന യാന്ത്രിക പ്രക്രിയാകരുത് വിദ്യാഭ്യാസം. വിദ്യ അഭ്യസിച്ച് പുറത്തിറങ്ങുമ്പോൾ ശരികളും തെറ്റുകളും തിരിച്ചറിഞ്ഞ് പഠിക്കേണ്ടതായ ഒട്ടനവധി കാര്യങ്ങൾക്കൂടി ഉൾപ്പെടുന്നതാവണം പുരോഗമനോന്മുഖമായ വിദ്യാഭ്യാസം.

എല്ലാ അർത്ഥത്തിലും താൻ വസിക്കുന്ന സമൂഹത്തോടു പ്രതിബദ്ധതയും പ്രതിപത്തിയും ഉള്ളവരായി ജീവിതത്തിലെ നിമ്നോന്നതങ്ങൾ അറിഞ്ഞ്,
സ്വാർത്ഥത വെടിഞ്ഞ് വിദ്യ അഭ്യസിപ്പിക്കുക എന്നതു്
വിദ്യാലയങ്ങളിലെ പഠനമുറികൾ നിന്നു് സംജാതമാകേണ്ടിയിരിക്കുന്നു എന്നതു് സമകാലിക വാർത്തകൾ ആവർത്തിച്ച് സൂചിപ്പിക്കുന്നുണ്ട്.

അച്ചടിച്ചു വെച്ചവ, പരീക്ഷകളിൽ പകർന്നാടുമ്പോൾ ജീവിതം എന്തെന്നറിയാതെ ഏതോ ഒഴുക്കിനൊത്ത് എവിടെയോ ചെന്ന് നിൽക്കുന്നു കുട്ടികൾ. മഹത്ത്വരമായ ശ്രേണികളിൽ അവർ വിരാജിക്കുന്നുവെന്നതിൽ മേനിനടിക്കാം. പക്ഷേ, അവക്കെല്ലാം അപ്പുറം പ്രവചനങ്ങൾക്കതീതരായി അപകടകരമാം വിധം നിന്ദാഭരിതരായ ഒരു തലമുറ ഉണ്ടാകാൻ പാടില്ല. ഇച്ഛാശക്തിയോടെ നന്മകൊണ്ട് തിന്മയെ ജയിച്ച്, നാടിനും വീടിനും വിളങ്ങേണ്ടുന്നവരാകണം നമ്മുടെ കുട്ടികൾ.

error: Content is protected !!