സ്പോർട്സ് ഡെസ്ക്
ദോഹ : ലുസൈല്‍ സ്റ്റേഡിയത്തിലെ അവസാന യുദ്ധത്തിന് വിസില്‍ മുഴങ്ങാന്‍ ഇനി നിമിഷങ്ങളുടെ മാത്രം കാത്തിരിപ്പ്.
അടുത്ത നാലുവര്‍ഷം ലോക ഫുട്ബാളിലെ രാജാക്കന്മാരുടെ സിംഹാസനത്തില്‍ ഫ്രാന്‍സിന്റെ തുടര്‍വാഴ്ചയാണോ അര്‍ജന്റീനയുടെ 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആരോഹണമാണോ എന്നറിയാനുള്ള കാത്തിരിപ്പ്.
ആരു ജയിച്ചാലും ഈ ഫൈനല്‍ ചരിത്രത്തില്‍ ഇടം പിടിക്കും. അര്‍ജന്റീനയാണെങ്കില്‍ മറഡോണ യുഗത്തിന് ശേഷമുള്ള അവരുടെ ആദ്യ കിരീടം. ഇക്കാലഘട്ടത്തിന്റെ ഫുട്ബാള്‍ മിശിഹ ലയണല്‍ മെസിക്ക് കിരീടത്തില്‍ മുത്തമിട്ട് ലോകകപ്പിനോട് വിടപറയാനുള്ള സുവര്‍ണാവസരം. മറുവശത്ത് ഫ്രാന്‍സിന് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുന്ന മൂന്നാമത്തെ മാത്രം ടീമാകാനുള്ള അവസരം. 1962ല്‍ ബ്രസീലാണ് അവസാനമായി കിരീടം നിലനിറുത്തിയ ടീം.
തോറ്റുതുടങ്ങി ഫൈനലിലേക്ക് എത്തിയവരാണ് അര്‍ജന്റീനക്കാര്‍. ആദ്യ മത്സരത്തില്‍ സൗദി അറേബ്യ 2-1ന് അട്ടിമറിച്ച ഇടത്തുനിന്ന് ഫീനിക്സ് പക്ഷിയേപ്പോലെയാണ് മെസിയും സംഘവും പറന്നുയര്‍ന്നത്. ഗ്രൂപ്പ് റൗണ്ടില്‍ മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരെ 2-0ത്തിന്റെ വിജയങ്ങള്‍. പ്രീ ക്വാര്‍ട്ടറില്‍ ആസ്ട്രേലിയയെ മറികടന്നത് 2-1ന്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെതിരെ 2-0ത്തിന് ലീഡ് ചെയ്തശേഷം 2-2ന് സമനില വഴങ്ങി എക്സ്ട്രാ ടൈമിലേക്കും പോയി. ഷൂട്ടൗട്ടില്‍ ആദ്യ രണ്ട് ഡച്ച് കിക്കുകള്‍ തടുത്തിട്ട എമിലിയാനോയുടെ മികവില്‍ 4-3ന് ജയം. സെമിയില്‍ അതിസുന്ദരമായ പ്രകടനം പുറത്തെടുത്ത് ക്രൊയേഷ്യയെ കീഴടക്കിയത് മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക്.
ഗ്രൂപ്പ് ഡിയില്‍ മത്സരിച്ച ഫ്രാന്‍സ് ആസ്ട്രേലിയയെ 4-1ന് തകര്‍ത്താണ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഡെന്മാര്ക്കിനെ 2-1ന് തോല്‍പ്പിച്ചതോടെ ഗ്രൂപ്പില്‍ ഒന്നാമന്മാരായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിന്റെ ആവേശത്തില്‍ ടുണീഷ്യയ്ക്കെതിരെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനിറങ്ങി 1-0ത്തിന് തോറ്റു. എന്നാല്‍ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ പഴയ ഫ്രാന്‍സായി. പ്രീ ക്വാര്‍ട്ടറില്‍ 3-1ന് പോളണ്ടിനെ പൊളിച്ചടുക്കിയ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ടിനെ കീഴടക്കിയത് 2-1നായിരുന്നു. സെമിയില്‍ മൊറോക്കോയുടെ കടുത്ത വെല്ലുവിളി 2-0ത്തിന് അതിജീവിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
മെസിയും എംബാപ്പെയും തമ്മില്‍
ഈ ലോകകപ്പ് ഫൈനല്‍ ഒരേ ക്ളബില്‍ ഒരുമിച്ചു കളിക്കുന്ന രണ്ട് ലോകോത്തര താരങ്ങളുടെ ഏറ്റുമുട്ടല്‍ കൂടിയാണ്; ലയണല്‍ മെസിയുടെയും കിലിയന്‍ എംബാപ്പെയുടേയും. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലെ മുന്നേറ്റനിരയിലെ കുന്തമുനകളാണ് ഇരുവരും. ലോകകപ്പില്‍ അഞ്ചുഗോളുകള്‍ വീതം നേടി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നിലാണ് മെസിയും എംബാപ്പെയും.മെസി മൂന്നുഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്ത് നേരിയ മുന്‍തൂക്കം കാത്തുസൂക്ഷിക്കുന്നു. എംബാപ്പെ രണ്ട് അസിസ്റ്റുകള്‍ നടത്തി. ഫൈനലില്‍ ഗോളടിക്കുന്നവര്‍ ഗോള്‍ഡന്‍ ബൂട്ട് നേടും.
മെസി എന്ന ഇതിഹാസം ലോകകപ്പ് നേട്ടം എന്ന പൂര്‍ണതയ്ക്കായി ശ്രമിക്കുമ്ബോള്‍ സുഹൃത്ത് എന്ന നിലയില്‍ അത് എംബാപ്പെയെ വേദനിപ്പിക്കുന്നുണ്ടാവാം.പക്ഷേ രാജ്യത്തിന്റെ കുപ്പായത്തില്‍ കളിക്കാനിറങ്ങുമ്ബോള്‍ മറ്റൊരു ചിന്തകള്‍ക്കും മനസില്‍ ഇടമുണ്ടാവില്ല.
ലോകകപ്പ് ഫൈനലില്‍ ആദ്യമായാണ് ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടുന്നത്.
അര്‍ജന്റീന ഫൈനലില്‍ എത്തുന്നത് ആറാം തവണ.
തവണയാണ് കിരീടം നേടാനായത്. (1978,1986 )
ഫ്രാന്‍സ് ഫൈനലിലെത്തുന്നത് നാലാം തവണ
തവണ അവര്‍ കിരീടം നേടിയിട്ടുണ്ട്.(1998,2018).2006ല്‍ മാത്രമാണ് ഫൈനലില്‍ തോറ്റത്.
ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍ ഇതിന് മുമ്ബ് 12 മത്സരങ്ങളില്‍ ഏറ്റുമുട്ടി.ആറു വിജയങ്ങള്‍ അര്‍ജന്റീനയ്ക്ക്. മൂന്ന് വിജയങ്ങള്‍ ഫ്രാന്‍സിന്. മൂന്ന് സമനിലകള്‍.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം