ജോബി ബേബി
“നന്നായിയുണർന്നവരുണ്ടോ ലോകത്തിൽ
നന്നായുറങ്ങുന്നൊരുണ്ടോ”
എന്ന് കുഞ്ഞുണ്ണിമാഷ് ചോദിച്ചത് എത്ര യുക്തം.നന്നായുറങ്ങിയവരെ നന്നായിയുണരൂ എന്ന വസ്തുതയുണ്ടതിൽ.ഉണർവും ഉറക്കവും പരസ്പരാപേക്ഷിതങ്ങളാണ് എന്ന സൂചനയതിലുണ്ട്.ഒരർദ്ധമയക്കത്തിലാണ് മനുഷ്യരേറെയുമെന്ന് വളരെ തത്വചിന്താ പരമായി പറയുകയാണ് കവി.ഉറക്കം കുറവാണ്,മയങ്ങുകയാണ് ഭൂരിഭാഗം പേരും.മയക്കത്തിൽ ജോലി ചെയ്യുന്നത് പോലെ,മയക്കത്തിൽ കേൾക്കുമ്പോലെ വളരെ “പാസ്സീവ്”ആയി ജീവിക്കുന്നതിന് പിന്നിൽ ഈ ഉറക്കത്തിന്റെ അഭാവമായിരിക്കാം.മയക്കമായിരിക്കാം.ഗാഡനിദ്രയുടെ അഭാവം.
കൂടുതൽ ഉണർവ്വിനായി ശരീരം ചെയ്യുന്ന ഗാഢമായ ഒരു ധ്യാനമാണ് ഉറക്കം.ഫുലാനി എന്ന ദക്ഷിണാഫ്രിക്കക്കാരൻ കവി പറയുന്നു;മനുഷ്യനെ എല്ലാ ജീവജാലങ്ങളെക്കാളും മീതെയായി സൃഷ്ടിച്ചപ്പോൾ അവനിൽ കാണായ അഹങ്കാരത്തെ ഇല്ലായ്മചെയ്യാൻ പ്രായശ്ചിത്തമായി ദൈവം സൃഷ്ടിച്ചതാണ് ഉറക്കത്തെ എന്ന്.ഞാൻ ഞാനല്ലല്ലോ ഉറക്കത്തിൽ രാജാവും പരിചാരകരും വ്യത്യസ്തരല്ലല്ലോ ഉറക്കത്തിൽ ,പട്ടിയും പുലിയും തുല്യനിലയിലല്ലേ ഉറക്കത്തിൽ.ഉറക്കം ഒരുപക്ഷേ ഫുലാനി പറഞ്ഞതുപോലെ ഒരു പ്രായശ്ചിത്തമായിരിക്കാം.ദിവസവും അനുഷ്ഠിക്കുന്ന ഈ പ്രായശ്ചിത്തത്തിന്റെ അഭാവത്തിൽ മനുഷ്യനിൽ ക്രൗര്യസ്വഭാവം വർദ്ധിക്കുമായിരിക്കാം.ഉറക്കം ശരിയാകാത്തവർ കോപിക്കുമ്പോൾ അസ്വസ്‌തകരാവുമ്പോൾ ഉറക്കം മതിയാകാത്തത് കൊണ്ടുള്ള അതൃപ്തിയുടെ ആവിഷ്കാരം കൂടി അതിലുണ്ടാവാം.
“ഉറക്കെപ്പറഞ്ഞ”എന്ന പ്രയോഗത്തിലെ ഉറക്കമല്ല ‘ഉറക്ക’മെന്ന് പറഞ്ഞു കൂട.ഗാഡം എന്നാണ് രണ്ടിടത്തേയും ഉറക്കത്തിന്റെ അർത്ഥം.കൂടുതൽ ഗാഡമായ ജീവിതമല്ല ധ്യാനമോ ഉറക്കമോ എന്ന് പറഞ്ഞു കൂട.ബഹേന്ദ്ര്യങ്ങൾ മാത്രമല്ല അന്തരീകാവയവങ്ങളും ഉറങ്ങുന്നു ഉറക്കത്തിൽ.ദഹനം പോലും നടക്കുന്നില്ല ഉറക്കത്തിൽ.”പൂർണ്ണശ്രമക്ലമവിരാമം”ഒരു കൊച്ചു മരണം തന്നെ.അതത്ര ഗാഡമാകുന്നുവോ അത്രനല്ലതായിരിക്കും ഉണർവ്.ഉറക്കം തെളിയുമ്പോൾ കേൾക്കുന്നത് ഗാഡമായി കേൾക്കുന്നു നാം.ഉറക്കം ഉണരുമ്പോൾ നാം ഒന്നുകൂടെ ഗാഢമായി കാണുന്നു.രാവിലത്തെ കിളിയൊച്ചകൾക്ക് ഈ മാധുര്യം ഉറക്കം തന്നതാണ്.ഉണർന്ന പാടെ കാണുന്ന പ്രകൃതി ഇത്ര മനോഹരമായിരിക്കുന്നത് നാം കടന്നുപോകുന്ന ഉറക്കത്തിന്റെ ഫലം കൂടിയാണ്.
ഉറക്കം ഒരു മരുന്നാണ്.ഒന്ന് നന്നായിഉറങ്ങിയാൽ തീരാവുന്നതേയുള്ളൂ പല അസുഖങ്ങളും അസ്വസ്ഥതകളും വേദനകളും.പക്ഷേ ആ നല്ല ഉറക്കമെവിടെ?അതിനു മിതമായിട്ടാണെങ്കിലും ആത്മാർത്ഥമായിട്ട് ശരീരം കൊണ്ട് പ്രവർത്തിക്കണം.നല്ല ഉണർവോടെ മനസ്സുകൊണ്ട് പ്രവർത്തിക്കണം.മിതമായ ആഹാരം കഴിക്കണം.പുഴയിലോ കുളത്തിലോ നീരാടണം.നടക്കേണ്ടതെല്ലാം നന്നായി നടന്നാൽ അസ്സലായി നാമുറങ്ങും.നന്നായുറങ്ങിയാൽ നാം നന്നായിയുണരും.അത് നിങ്ങളുടെ പകൽ ജീവിതത്തിൽ ആനന്ദവും സൗന്ദര്യവും നിറയ്ക്കും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ