November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് ലോകകപ്പ് സെമിയിൽ

സ്പോർട്സ് ഡെസ്ക്

ദോഹ : ഒരു ഗോൾ പിന്നിൽ നിൽക്കെ സമനില ഗോൾ നേടാനുള്ള അവസരം കളഞ്ഞുകുളിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി പാഴാക്കിയ ക്വാർട്ടർ പോരാട്ടത്തിൽ, ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. പൊരുതിക്കളിച്ച ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് വീഴ്ത്തിയത്. ഫ്രാൻസിനായി ഔറേലിയൻ ചൗമേനി (17–ാം മിനിറ്റ്), ഒളിവർ ജിറൂദ് (78–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ 54–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ നേടി. ഒരു ലോകകപ്പിൽ കിരീടം നേടിയശേഷം തൊട്ടടുത്ത ലോകകപ്പിലും സെമിയിലെത്തുന്ന ആദ്യ ടീമാണ് ഫ്രാൻസ്.

ഡിസംബർ 14ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം.

പെനൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്കിലും, ഇംഗ്ലണ്ടിന് ലഭിച്ച രണ്ടാം പെനൽറ്റി പുറത്തേക്കടിച്ചു കളഞ്ഞ ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിലെ ദുരന്തനായകൻ. 82–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില നേടാൻ സുവർണാവസരമൊരുക്കി തുടർച്ചയായ രണ്ടാം പെനൽറ്റി ലഭിച്ചത്. പകരക്കാരനായി ഇറങ്ങിയ മേസൺ മൗണ്ടിനെ ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസ് സ്വന്തം ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി.

ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിന്റെ ആദ്യ വിജയമാണിത്. മുൻപ് രണ്ടു തവണ കണ്ടുമുട്ടിയപ്പോഴും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പ് വേദികളിൽ ആദ്യപകുതിയിൽ പിന്നിലായ ശേഷം ഒരിക്കൽപ്പോലും ജയിക്കാനായിട്ടില്ലെന്ന ചരിത്രം ആവർത്തിച്ച് ഇംഗ്ലണ്ട് പുറത്തായപ്പോൾ, ആദ്യപകുതിയിൽ ലീഡ് ചെയ്ത 25 മത്സരങ്ങളിൽ 24ഉം ജയിച്ച ചരിത്രം ആവർത്തിച്ച് ഫ്രാൻസ് സെമിയിലേക്ക്. ഇതോടെ, ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ക്വാർട്ടറിൽ പുറത്താകുന്ന ടീമെന്ന റെക്കോർഡും ഇംഗ്ലണ്ടിനായി. ഏഴാം തവണയാണ് അവർ ലോകകപ്പ് ക്വാർട്ടറിൽ തോറ്റു പുറത്താകുന്നത്.

∙ ഗോളുകൾ വന്ന വഴി

ഫ്രാൻസ് ഒന്നാം ഗോൾ: ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് അവരുടെ ബോക്സിലേക്ക് ഫ്രാൻസ് നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. ഇംഗ്ലണ്ടിന്റെ പകുതിയിൽ പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറിയ കിലിയൻ എംബപെ ഡെക്ലാൻ റൈസിന്റെ വെല്ലുവിളി മറികടന്ന് പന്ത് വലതുവിങ്ങിൽ അന്റോയ്ൻ ഗ്രീസ്മനു മറിച്ചു. പന്തു പിടിച്ചെടുത്ത് ഗ്രീസ്മൻ അത് ബോക്സിനു പുറത്ത് നടുവിൽ ചൗമേനിക്കു നൽകി. ഒന്നുരണ്ടു ചുവടുവച്ച് ബോക്സിനു പുറത്തുനിന്ന് ചൗമേനി പായിച്ച ലോങ് റേഞ്ചർ ജൂഡ് ബെല്ലിങ്ങാമിന്റെ കാലുകൾക്കിടയിലൂടെ ഇംഗ്ലണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്. സ്കോർ 1–0.

ഇംഗ്ലണ്ട് സമനില ഗോൾ: 17–ാം മിനിറ്റിൽ ഫ്രാൻസിനെതിരെ ഗോൾ വഴങ്ങിയതു മുതൽ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തിയ ഇംഗ്ലണ്ടിന് അതിന്റെ പ്രതിഫലം ലഭിച്ചത് രണ്ടാം പകുതിയിൽ. ജൂഡ് ബെലിങ്ങാമിനു പന്തു കൈമാറി ഫ്രഞ്ച് ബോക്സിലേക്ക് ആക്രമിച്ചു മുന്നേറിയ ഇംഗ്ലിഷ് താരം ബുകായോ സാകയെ, ബോക്സിനുള്ളിലേക്കു കടന്നതിനു പിന്നാലെ ഔറേലിയൻ ചൗമേനി വീഴ്ത്തി. ഒരു നിമിഷം പോലും വൈകിക്കാതെ റഫറി പെനൽറ്റി സ്പോട്ടിലേക്കു വിരൽചൂണ്ടി. കിക്കെടുക്കാനെത്തിയ ഹാരി കെയ്ൻ അനായാസം ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ഫ്രാൻസിനൊപ്പം. ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കിക്ക് കാത്തുനിൽക്കെ മുന്നോട്ടുവന്ന കെയ്ൻ, പന്ത് ഒന്നുകൂടി ഉറപ്പിച്ചുവച്ച ശേഷമാണ് ഷോട്ടുതിർത്തത്. സ്കോർ 1–1. ഇതോടെ, ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളിൽ കെയ്ൻ സാക്ഷാൽ വെയ്ൻ റൂണിക്കൊപ്പമെത്തി.

ഫ്രാൻസ് രണ്ടാം ഗോൾ: സമനില ഗോൾ നേടിയതോടെ വർധിത വീര്യം പ്രകടിപ്പിച്ച ഇംഗ്ലണ്ട് അടുത്ത ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഫ്രാൻസ് അപ്രതീക്ഷിതമായി ലീഡു നേടിയത്. 77–ാം മിനിറ്റിൽ ഒസ്മാൻ ഡെംബലെയിൽനിന്ന് ലഭിച്ച പന്തിന് ഇടംകാലുകൊണ്ട് ഗോളിലേക്കു വഴികാട്ടാൻ ജിറൂദ് നടത്തിയ ശ്രമം ഉജ്വല സേവിലൂടെ ജോർദാൻ പിക്ഫോർഡ് രക്ഷപ്പെടുത്തിനു തൊട്ടുപിന്നാലെയാണ് ജിറൂദ് തന്നെ ലക്ഷ്യം കണ്ടത്. ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ കിക്കെടുത്തത് അന്റോയ്ൻ ഗ്രീസ്മൻ. താരത്തിന്റെ കിക്ക് ഇംഗ്ലണ്ട് പ്രതിരോധം ക്ലിയർ ചെയ്തെെങ്കിലും പന്തു വീണ്ടും ലഭിച്ച ഗ്രീസ്മൻ അത് ബോക്സിലേക്ക് മറിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഉയർന്നുചാടിയ ജിറൂദിന്റെ ബുള്ളറ്റ് ഹെഡർ വലയിൽ. സ്കോർ 2–1.

∙ ഫ്രാൻസിന്റെ ‘സ്വന്തം’ ആദ്യപകുതി

കിക്കോഫ് മുതൽ ആദ്യപകുതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ഇരു ടീമുകളെയും വേർതിരിച്ചത് 17–ാം മിനിറ്റിൽ ലോങ് റേഞ്ചറിലൂടെ ഔറേലിയൻ ചൗമേനി നേടിയ ഗോളായിരുന്നു. ഇംഗ്ലണ്ട് ബോക്സിലേക്ക് ഫ്രഞ്ച് താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിലാണ് ചൗമേനി ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. അന്റോയ്ൻ ഗ്രീസ്മന്റെ പാസിൽ നിന്നായിരുന്നു ചൗമേനിയുടെ ഗോൾ. 2014 ലോകകപ്പിൽ ഇറ്റാലിയൻ താരം ക്ലോഡിയോ മർചീസിയോയ്ക്കു ശേഷം ബോക്സിനു പുറത്തുനിന്ന് ഇംഗ്ലണ്ട് വഴങ്ങുന്ന ആദ്യ ഗോളാണ് ചൗമേനിയുടേത്. ഈ ലോകകപ്പിൽ ബോക്സിനു പുറത്തുനിന്ന് ഫ്രാൻസ് നേടുന്ന ആദ്യ ഗോളും ഇതുതന്നെ.

ഗോൾ വഴങ്ങിയതിനു പിന്നാലെ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട്, ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നിന്റെ രണ്ട് ഗോൾശ്രമങ്ങൾ ഫ്രഞ്ച് നായകൻ കൂടിയായ ഹ്യൂഗോ ലോറിസ് തടുത്തിട്ടു. ഇതിനിടെ ഫ്രഞ്ച് ബോക്സിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹാരി കെയ്‌നെ ഉപമെകാനോ വീഴ്ത്തിയതിന് ഇംഗ്ലണ്ട് താരങ്ങൾ പെനൽറ്റിക്കായി വാദിച്ചെങ്കിലും, ‘വാറി’ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ റഫറി അനുവദിച്ചില്ല.

∙ രണ്ടാം പകുതി, രണ്ട് പെനൽറ്റി

ആദ്യപകുതിയിൽ മുന്നിൽക്കയറിയ ഫ്രാൻസിനെതിരെ, ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയിൽ. തുടക്കം മുതൽ പൊരുതിക്കയറിയ ഇംഗ്ലണ്ടിന് അതിന്റെ പ്രതിഫലമായാണ് സമനില ഗോളിനു വഴിയൊരുക്കി പെനൽറ്റി ലഭിച്ചത്. ഹാരി കെയ്ൻ അത് ലക്ഷ്യത്തിലെത്തിച്ചു. സമനില ഗോൾ പിറന്നതോടെ വർധിത വീര്യത്തോടെ പൊരുതുന്ന ഇംഗ്ലണ്ടായിരുന്നു കളത്തിലെ കാഴ്ച.

എന്നാൽ, കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറിയ ഫ്രാൻസ്, 78–ാം മിനിറ്റിൽ ഒളിവർ ജിറൂദിലൂടെ വീണ്ടും ലീഡ് നേടി. തൊട്ടുപിന്നാലെ മേസൺ മൗണ്ടിനെ തിയോ ഹെർണാണ്ടസ് വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയാണ് ഹാരി കെയ്ൻ പുറത്തേക്കടിച്ചു കളഞ്ഞത്.

error: Content is protected !!