November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ്: പുണ്യം പൂക്കും പുൽക്കൂട്

ജോബി ബേബി

പുൽത്തൊട്ടി ക്രിസ്മസിന്റെ മനോഹര പ്രതീകമാണ് പുൽത്തൊട്ടി.മനുഷ്യനായി അവതരിച്ച ദൈവപുത്രൻ മണ്ണിനോടും മനുഷ്യരോടും പ്രകൃതിയോടും എത്ര അടുത്തു വന്നു എന്നു നാം തിരിച്ചറിയുക.“സൗന്ദര്യം ലോകത്തെ രക്ഷിക്കും” എന്ന് ദസ്തയേവ്സ്കി പറഞ്ഞത് ശരിയാണ്. ലോകമാകുന്ന ഈ പുൽത്തൊട്ടിയെ – മറിയം, യൗസേപ്പ്, ദൂതന്മാർ, ഇടയന്മാർ, ജ്ഞാനികൾ, ആടുമാടുകൾ, ഇവയ്ക്കെല്ലാം മധ്യത്തിൽ ക്രിസ്തുവും – നാം സ്നേഹിക്കുമെങ്കിൽ, ഇതിന്റെ സൗന്ദര്യം നാം തിരിച്ചറിയുമെങ്കിൽ ഇവയെ ഒന്നും നാം നശിപ്പിക്കില്ല.സിയാറ്റിൽ മൂപ്പന്‍റെ പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ഒരു കത്തുണ്ട്.ഈ റെഡ് ഇന്ത്യൻ ഗോത്രത്തലവൻ 1854ൽ അമേരിക്കൻ പ്രസിഡന്റിന് അയച്ചതായി പറയപ്പെടുന്ന കത്ത്. പ്രകൃതിയെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന ഒരു ജനവിഭാഗമായിരുന്നു ഇന്ത്യൻ ഗോത്രവംശക്കാർ.

സിയാറ്റിൽ എഴുതുന്നു: “ഭൂമിയുടെ ഓരോ അംശവും എന്റെ ജനത്തിനു വിശുദ്ധമാണ്.ഓരോ പൈൻ മരക്കമ്പും മണൽത്തിട്ടയും ഇരുണ്ട കാട്ടിലെ ഓരോ മഞ്ഞുശകലവും ഓരോ പുൽമേടും വണ്ടുകളുടെ ഓരോ മൂളലും ഞങ്ങൾക്കു വിശുദ്ധമാണ്… പുഴയിലെ ജലം ഞങ്ങളുടെ പൂർവികരുടെ രക്തമാണ്. പുഴകൾ ഞങ്ങളുടെ സഹോദരങ്ങളാണ്. ഭുമി ഞങ്ങളുടെ അമ്മയാണ്”.മനോഹരമായ ഈ പ്രകൃതിയെ, ദൈവം നൽകിയിരിക്കുന്ന നന്മകളുടെ സമൃദ്ധിയെ സ്നേഹിക്കുവാനും ആദരവോടെ കാത്തു സൂക്ഷിക്കുവാനുമുള്ള സമയമാണ് ക്രിസ്മസ്.ക്രിസ്തുവിനെ സ്നേഹിച്ചവരെല്ലാം പ്രകൃതിയുടെയും ആരാധകരായിരുന്നു.പ്രപഞ്ച സംഗീതം കേൾക്കണം എന്ന് സങ്കീർത്തകൻ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.ക്രിസ്മസ് പുൽക്കൂടിന്റെ തുടക്കക്കാരനായ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് പ്രകൃതിയുടെ വലിയ സ്നേഹിതനായിരുന്നു.പക്ഷികളും പൂക്കളും മൃഗങ്ങളും സൂര്യനും ചന്ദ്രനും അദ്ദേഹത്തിന് സഹോദരങ്ങളായിരുന്നു.

പൂർണമായും മൃഗങ്ങൾ എന്ന മനോഹര ഗ്രന്ഥത്തിൽ പുണ്യാത്മാക്കൾ മൃഗങ്ങളെയും പക്ഷികളെയും സഹോദര തുല്യം സ്നേഹിച്ചിരുന്നതിന്റെ അനവധി കഥകൾ വിവരിക്കുന്നുണ്ട്.ഒരിക്കൽ ആശ്രമമുറ്റത്ത് ഒരു ചെന്നായ് മൂന്നു കുഞ്ഞുങ്ങളമായി എത്തി.ശ്രേഷ്ഠൻ ഈ അമ്മയോട് ചോദിച്ചു, എന്താണ് നിനക്കു സങ്കടം.അവളുടെ മുന്നു കുഞ്ഞുങ്ങളും കാഴ്ച കിട്ടത്തക്കവിധം കണ്ണുകൾ തുറക്കുന്നില്ലായിരുന്നു. ശ്രേഷ്ഠൻ പ്രാർഥിച്ചു. കുഞ്ഞുങ്ങൾ കണ്ണുകൾ തുറന്നു.അമ്മ സന്തോഷമായി തിരിച്ചു പോയി.ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ സ്വീകരിക്കാം: “ദൈവം നമുക്ക് സൗജന്യമായി നൽകിയിരിക്കുന്ന ഈ ശുദ്ധ നന്മയുടെ സമൃദ്ധിയുണ്ടല്ലോ,ഭൂമി, അവളെ സ്നേഹിക്കുക.ഇതൊരു കാൽപ്പനിക കുട്ടിത്തത്തിന്‍റെ ചിന്തയല്ല…നമുക്ക് ഭൂമിയോടുള്ള ആദരവും അത്ഭുതവും നഷ്ടമായാൽ പിന്നെയുണ്ടാകുന്ന മനോഭാവം യജമാനന്‍റെയും ഉപഭോക്താവിന്റേയും കരുണയില്ലാത്ത ചൂഷകരുടെയും നമ്മുടെ ആവശ്യങ്ങൾക്കു പരിധി നിശ്ചയിക്കാൻ കഴിയാത്തതിന്‍റെയും ആയിരിക്കും”.ക്രിസ്തു പിറന്ന ഈ ഭൂമിയെ നമുക്ക് സ്നേഹിക്കാം.

error: Content is protected !!