November 14, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ്: സ്വീകാര്യമായ സമയം

ജോബി ബേബി

സ്വീകാര്യമായ സമയം സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു നാം വിശ്വസിക്കുന്നു.സമയം എന്ന ഘടകം രക്ഷയുടെ ചരിത്രത്തിൽ സുപ്രധാനമാണ്.സ്ഥലത്തെ എന്നതിനെക്കാൾ സമയത്തെ വിശുദ്ധീകരിക്കുന്നതിനാണ് വിശുദ്ധ ബൈബിൾ പ്രാധാന്യം നൽകുന്നത്.ക്രിസ്മസ് നല്ല സമയമാണ്, വിശുദ്ധീകരണത്തിനുള്ള സമയം.വിശുദ്ധ ബൈബിളിൽ സഭാ പ്രസംഗകൻ സമയത്തെക്കുറിച്ച് മനോഹരമായി പറയുന്നുണ്ട്: “എല്ലാറ്റിനും ഒരുസമയമുണ്ട്.ആകാശത്തിനു കീഴീലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്.ജനിക്കാൻ ഒരുകാലം. മരിക്കാൻ ഒരു കാലം. നടാൻ ഒരു കാലം.കരയാൻ ഒരു കാലം. ചിരിക്കാൻ ഒരു കാലം.മൗനം പാലിക്കാൻ ഒരു കാലം” (സഭാ പ്രസംഗകൻ 3:1-10).

ജീവിതം എന്ന അതിസുന്ദര സമസ്യക്കു മുന്നിൽ നാം പരിഭ്രാന്തരായിപ്പോകുന്ന നിരവധി സമയങ്ങളുണ്ട്.സന്തോഷങ്ങളുടെ കാലം നമ്മെ ഉന്മേഷ ഭരിതരാക്കുമ്പോൾ, സങ്കടങ്ങളുടെ കാലം നമ്മെ ഖിന്നരാക്കും. ജീവിതത്തിൽ സംതൃപ്തി കണ്ടെത്തുവാനുള്ള വഴികളെപ്പറ്റിയാണ് സഭാപ്രസംഗകൻ പഠിപ്പിക്കുന്നത്.ഇന്നു നാം ചെയ്യേണ്ട കാര്യങ്ങൾ നാം ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ജീവിതത്തിന്‍റെ അർഥം നഷ്ടപ്പെടും.അതുവഴി ദൈവപദ്ധതിയെ നാം തകിടം മറിക്കുകയും ചെയ്യും.ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കണമെങ്കിൽ, അവിടുന്നു നമ്മുടെ ജീവിതത്തിന്റെ സർവസ്വവുമായിരിക്കണം.സമ്പൂർണമായി ദൈവത്തിനു നമ്മുടെ ജീവിതം ഭരമേൽപ്പിക്കുക.നമ്മുടെ സമയം നല്ലത് എന്നു നമുക്ക് അനുഭവപ്പെടും.വിശുദ്ധ അഗസ്റ്റിൻ പറയുന്നു: “നല്ലകാലം, മോശം കാലം എന്നു മനുഷ്യർ പറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് നല്ലവരായി ജീവിക്കാം.അപ്പോൾ കാലവും നല്ലതായിത്തീരും. നാം തന്നെയാണ് സമയം.നാം എങ്ങനയോ ആ വിധമായിരിക്കും നമ്മുടെ സമയവും.”

ക്രിസ്മസ് നമ്മുടെ മനസിന്റേയും ആത്മാവിന്റേയും കാലവും കാലാവസ്ഥയും നന്മയാക്കി സൂക്ഷിക്കുവാനുള്ള സമയമാണ്;അപ്പോൾ എല്ലാം നമുക്ക് നന്മയായി വരും.ജീവിതം നമുക്ക് നല്ല കാര്യങ്ങൾ തരുവാൻ നാം പാലിക്കേണ്ട അഞ്ച് നിഷ്ഠകളെപ്പറ്റി ജോൺ പോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നുണ്ട്.

ഒന്ന്: സമാധാനം എന്ന സമ്മാനം നാം മറ്റുള്ളവർക്കു നൽകുക. “അയൽപക്കം” എന്ന മനോഹരമായ ഒരനുഭവം കേരളീയ ജീവിതത്തിന്‍റെ തനിമയുടെ ഭാഗമായിരുന്നു.ഒരിടത്തു താമസത്തിന് എത്തുമ്പോൾ നല്ല അയക്കാരുണ്ടോ എന്നു നാം അന്വേഷിച്ചിരുന്നു.സ്നേഹവും സുരക്ഷിതത്വവും സഹായവും സദാ ലഭ്യമാകുന്ന ശാന്തസുന്ദര അനുഭവങ്ങളാണ് അയൽക്കാർ പരസ്പരം നൽകിയിരുന്നതും.സമാധാനം നൽകുന്ന അയൽക്കാരാവുക.

രണ്ട്: വേദനകളിൽ ക്രിസ്തുവിന്റെ കുരിശിന്റെ നിഴലാട്ടം ദർശിക്കുക.

മൂന്ന്: ജീവിതം ദൈവം നമുക്ക് തന്ന സമ്മാനമാണെന്ന് തിരിച്ചറിയുക. ജീവിതം മുഴുവനിലും നാം ജീവന്‍റെ പക്ഷത്തു നിൽക്കുക. സമയം കൊല്ലരുത്. സ്വഭാവനകളെ കൊല്ലരുത്. മറ്റുള്ളവരുടെ സൽപ്പേരിനെ കൊല്ലരുത്. പ്രാർഥനാ സമയത്തെ കൊല്ലരുത്.അമിതവും അനാവശ്യവുമായ ഭക്ഷണത്തിലൂടെ ശരീരത്തെ കൊല്ലരുത്.പാപശീലങ്ങൾ വളർത്തിക്കൊണ്ട് ആത്മാവിനെ കൊല്ലരുത്. എപ്പോഴും ജീവനെയും ജീവിതത്തെയും സ്നേഹിച്ചുകൊണ്ട് ദൈവത്തിനു നന്ദി പറയുക.

നാല്: വിശ്വാസം ആവശ്യപ്പെടുന്ന ത്യാഗത്തിനു തയാറാവുക. നമ്മുടെ മനഃസാക്ഷി നമ്മെ കുറ്റപ്പെടുത്തുന്ന ഒരു സംഗതികളിലും നാം പങ്കു ചേരരുത്. എന്തു ത്യാഗം സഹിച്ചും അവയിൽനിന്നു നാം പിൻമാറണം.നമുക്കു സമാധാനത്തോടെ മരിച്ചാൽ മാത്രം പോരാ.സമാധാനമായി ജീവിച്ച് സമാധാനമായി മരിക്കണം.

അഞ്ച്: പ്രാർഥന അനുദിന ജീവിതത്തിന്റെ കേന്ദ്രമാക്കുക.അനുദിനം ആത്മാവിന്റെ ഭക്ഷണമായ പ്രാർഥന ഉണ്ടാവണം. ശരീരം ഭക്ഷണത്തിന്റെ സംതൃപ്തി അനുഭവിക്കുകയും ആത്മാവ് കൊടിയ ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുന്നുവെങ്കിൽ നാം യഥാർഥ ജീവിത സന്തോഷം അനുഭവിക്കുകയില്ല.ഇന്നാണ് ദൈവം തന്ന ദിവസം.ഇന്നു നമുക്ക് സമാധാനമായി ജീവിക്കാം.

error: Content is protected !!