റീന സാറാ വർഗീസ്
ഒരു ചെറിയ കുട്ടിയെ അപകടകരമാം വിധം പന്ത് എറിയും പോലെ ഒരാൾ മുകളിലേക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന വീഡിയോ കണ്ട ഞെട്ടലിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല. കുട്ടിയെ കളിപ്പിക്കുകയാണെന്ന് അയാൾക്ക് മാത്രമാവും തോന്നിയിട്ടുണ്ടാവുക. ‘ഭീതിദം’ എന്ന ഒരൊറ്റ വാക്കേ വീഡിയോ കണ്ടപ്പോൾ മനസ്സിൽ വന്നുള്ളൂ.
അസംഖ്യം പെരുവിരലുകൾ പതിപ്പിച്ച് ഇഷ്ടങ്ങളുടെയും കാഴ്ചക്കാരുടെയും എണ്ണം കൂട്ടി നാലാളിൽ നിന്നു് നാലായിരത്തിലേക്കും അവിടെ നിന്ന് ലക്ഷങ്ങളിലേക്കും എത്താൻ മുൻപിൻ നോക്കാതെയുള്ള പ്രവൃത്തി. വല്ലാത്ത അധ:പതനവും കഷ്ടവും എന്നേ പറയേണ്ടൂ. എങ്ങോട്ടാണ് കമ്പ്യൂട്ടർ യുഗം പായുന്നതെന്ന് അറിയില്ല? എന്തിനൊക്കെയോ വേണ്ടിയുള്ള പരക്കം പാച്ചിൽ.
“ഷെയ്ക്കിങ്ങ് ബേബി സിൻഡ്രോം” എന്ന് വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്ന, അതീവ ഗുരുതരമായ മസ്തിഷ്ക്ക ക്ഷതം ഉണ്ടാക്കി മരണം പോലും സംഭവിക്കാവുന്ന അവസ്ഥ. പെരുമാറ്റ വൈകല്യങ്ങൾ, കാഴ്ച, കേൾവി, അന്ധത എന്നീ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. നന്നേ ചെറുപ്പത്തിൽ അങ്ങനെ ഒരാളെ കണ്ടിട്ടുണ്ട്.
അവധിക്കാലങ്ങൾ ആഘോഷമാക്കിയിരുന്നത് ബന്ധു വീടുകളിലാണ്. ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് മാറിമാറിയുള്ള യാത്ര. അങ്ങോട്ട് പോകാൻ സാധിച്ചില്ലെങ്കിൽ അവധി കിട്ടുന്നതിനനുസരിച്ച് ബാക്കി എല്ലാവരും വീട്ടിലേക്കും വരാറുണ്ട്. നാലോ അഞ്ചോ വയസ്സു മാത്രം വ്യത്യാസമുള്ള സഹോദരി സഹോദരന്മാരുടെ മക്കൾ. ഇന്നത്തെ കുട്ടികളിൽ ചിലർ, ഭൂരിഭാഗം എന്നു വേണമെങ്കിൽ പറയാം അവരുടെ കസിൻസിനോട് സംവദിക്കുന്നത് വീഡിയോ കോളുകളിലൂടെയാണ് എന്നത് സർവ്വസാധാരണമായി. മാതാപിതാക്കളുടെ ജോലി സൗകര്യാർത്ഥം പലപ്പോഴും പലരും പല രാജ്യങ്ങളിലാവാം.
അങ്ങനെയൊരു അവധിക്കാലത്താണ് പ്രായമായ മുൻപു് സൂചിപ്പിച്ച അപ്പച്ചനെ കാണുന്നത്. ഇതിലെ ദൃശ്യങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തെയാണ് ആദ്യം ഓർമ വന്നതും. ബധിരനും മൂകനുമായ അദ്ദേഹം ജന്മനാ അങ്ങനെ അല്ലായിരുന്നുവെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അദ്ദേഹത്തിൻ്റെ വീട്ടിൽനിന്ന് ഇടവഴിയിലൂടെ ടൗണിലേക്ക് പോകുമ്പോൾ എന്തൊക്കെയോ പറയാൻ ശ്രമിക്കും. അംഗവിക്ഷേപങ്ങളോടെ അദ്ദേഹം പറയുന്നത് ഞങ്ങൾ കുട്ടികൾക്ക് മനസ്സിലായിരുന്നില്ല. മുതിർന്നവർ അതെങ്ങനെയൊക്കെയോ മനസ്സിലാക്കി എടുത്തിരുന്നു.
മൂന്നുവയസ്സുവരെ
അദ്ദേഹം സാധാരണ കുട്ടിയായിരുന്നു. ഒരിക്കൽ തുണികൾ വിരിച്ചിടാൻ മുറ്റത്തു കെട്ടിയിരുന്ന അയയിൽ അടുത്ത ബന്ധുക്കളിൽ ആരോ കുട്ടിയെ ഇരുത്തി കളിപ്പിക്കാൻ ശ്രമിക്കവേ അബദ്ധവശാൽ താഴേക്ക് വീണൂ. പരുക്കേറ്റ അദ്ദേഹത്തിന് പിന്നീടു് കേൾവിശക്തി തിരികെ ലഭിച്ചില്ല.
മാതാപിതാക്കളും ബന്ധുക്കളും അത്രയേറെ ശ്രദ്ധയോടെയും കരുതലോടെയും ജാഗരൂകരായി കൊച്ചുകുട്ടികളെ പരിപാലിക്കണം. അതിൽ തെല്ലും അശ്രദ്ധ പാടില്ല. കൈയബദ്ധം പിണയാനും ആയുഷ്ക്കാലം മുഴുവൻ ഒഴിയാ ദുഃഖമായി മാറാനും അധികനേരം വേണ്ട എന്നത് എല്ലായിപ്പോഴും ഓർമ്മയിൽ വയ്ക്കുക.
നിറഞ്ഞ സ്നേഹത്തോടെ,
റീന സാറ വർഗീസ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ