November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“ഗാനിം അല്‍ മുഫ്ത എന്ന ചെറിയ വലിയ മനുഷ്യൻ”

ജോബി ബേബി

ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ തിളങ്ങി താരമായ ഖത്തറി ബാലൻ ഗാനിം അൽ മുഫ്ത എന്ന കുഞ്ഞ് വലിയ മനുഷ്യനെപ്പറ്റി അലപ്പം അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ഈ കുറിപ്പ്.2002 മെയ് 5 ന് ക്രൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന വിചിത്രമായ വൈകല്യങ്ങളോടെയാണ് ഇരട്ട സഹോദരന്മാരിലൊരാളായി ഗാനിമിന്റെ ജനനം. അരക്കുതാഴെയില്ലെങ്കിലും ജീവിതത്തിന്റെ ഉയര്‍ന്ന സ്വപ്‌നങ്ങളുമായി ച്രചോദനങ്ങളുടെ പ്രചാരകനായാണ് ഗാനിം വളര്‍ന്നത്. ആണ്‍കുട്ടികളില്‍ ഒരാള്‍ ഗുരുതരമായ വൈകല്യമുള്ളവനായി മാറുകയും ജീവിത സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ പ്രവചിക്കുകയും ചെയ്തു.ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചെങ്കിലും ഉമ്മ വിസമ്മതിച്ചു. തന്റെ രണ്ട് ആണ്‍കുട്ടികളും ഒരുമിച്ച് വളരുമെന്ന് അവര്‍ പ്രതിഞ്ജ ചെയ്തു.തന്റെ ഉമ്മയുടെ ഇച്ഛാശക്തിയാണ് തനിക്ക് ലഭിച്ചതെന്നത് അല്‍ മുഫ്ത അടിവരയിടുന്നു.

ചെറുപ്പകാലം മുതല്‍, ഫുട്‌ബോള്‍, സ്‌കേറ്റിംഗ്, ജൂഡോ, മുതലായവയില്‍ പരിശീനവും വൈദഗ്ധ്യവും നേടിയെടുക്കാന്‍ മുഫ്താക്ക് കഴിഞ്ഞു. സ്‌കൂബ ഡൈവിംഗ്, ഐസ് ഹോക്കി, പര്‍വതാരോഹണം എന്നിവയില്‍ കൂടി മുഫ്താ കഴിവ് തെളിയിച്ചു. 2016 ല്‍ ഒമാനിലെ ഹജാര്‍ പര്‍വതനിരകളിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ജബല്‍ ഷംസില്‍ അദ്ദേഹം കയറി. ഇതെല്ലാം ഉമ്മയോടുള്ള നന്ദിയാണെന്ന് അദ്ദേഹം സ്ഥിരമായി ഊന്നിപ്പറയുന്നു. പോസിറ്റീവായിരിക്കാന്‍ അവര്‍ എന്നെ പഠിപ്പിച്ചു. ജീവിതം മനോഹരമാണെന്നും അസാധ്യമായി ഒന്നുമില്ലെന്നും അവര്‍ എനിക്ക് കാണിച്ചുതന്നു.

അതിമോഹമുള്ള ഒരു കായികതാരം എന്നതിലുപരി, അല്‍ മുഫ്ത ഒരു വിജയകരമായ സംരംഭകനും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. ആറ് ലൊക്കേഷനുകളും അറുപത് ജീവനക്കാരുമുള്ള ഗാരിസ്സ ഐസ്‌ക്രീം എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. അതിനെ ഒരു ആഗോള ഫ്രാഞ്ചൈസിയാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടാതെ, അല്‍ മുഫ്ത നിരവധി അസോസിയേഷനുകളും സ്ഥാപിച്ചു. ഗാനിം അസോസിയേഷനുമായി ചേര്‍ന്ന് അദ്ദേഹം സാമ്പത്തിക ശേഷിയില്ലാത്ത ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വീല്‍ചെയറുകളും മറ്റു സൗകര്യങ്ങളും നല്‍കുന്നു. നയതന്ത്ര പ്രതിനിധിയാവുകയെന്നതാണ് തന്റെ സ്വപ്‌നമെന്നും അതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ഇരുപതുകാരന്‍ പറയുമ്പോള്‍ നാമെല്ലാം വിസ്മയിച്ചുപോകും.
ഖത്തറിനകത്തും പുറത്തുമുള്ള നിരവധി സേവനഫോറങ്ങളുടെ ബ്രാന്‍ഡ് അംബാസറായും മുന്‍നിരയിലുള്ള അദ്ദേഹം 2015 മുതല്‍ റീച്ച് ഔട്ട് ടു ഏഷ്യയുടെ ഗുഡ്‌വില്‍ അംബാസിഡര്‍, ചൈല്‍ഡ് ഫുഡ് അംബാസിഡര്‍,ഖത്തര്‍ ഫിന്‍ന്‍ഷ്യല്‍ സെന്റര്‍ ബ്രാന്‍ഡ് അംബാസിഡര്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്നു.ഖത്തറിനകത്തും പുറത്തുമുള്ള നിരവധി ചെറുപ്പക്കാരെ നിരന്തരമായി പ്രചോദിപ്പിക്കുന്ന,വൈകല്യങ്ങളെ സാധ്യതകളാക്കി യുവതലമുറയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ഗാനിം അല്‍മുഫ്ത.

എല്ലാ ജീവിതസൗകര്യവുമുണ്ടായിട്ടും ഒന്നും ചെയ്യാത്തവരേയും ചില ജീവിത പ്രയാസങ്ങളാല്‍ ഒഴികഴിവ് കണ്ടെത്തി മാറി നില്‍ക്കുന്നവരെയും മാത്രമല്ല എല്ലാ മനുഷ്യരേയും തന്റെ വാക്കുകളും പ്രവര്‍ത്തികളും ജീവിതവും കൊണ്ട് നിരന്തരമായി പ്രചോദിപ്പിച്ചുകൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ തന്റേയും മറ്റുള്ളവരുടേയും ജീവിതം മനോഹരമാക്കുന്നത്.

error: Content is protected !!