റീന സാറാ വർഗീസ്
എന്തെല്ലാം ഉപകാരങ്ങൾ ഒരാൾക്ക് ചെയ്തതാണെന്നും സാധിക്കുമായിരുന്നിട്ടും തിരിച്ചൊരു സഹായം ചോദിച്ചപ്പോൾ ചെയ്തു തന്നില്ലെന്നും അടുത്തിടെ ഒരു സുഹൃത്ത് വളരെ നിരാശയോടെ പറഞ്ഞത് ഓർക്കുന്നു. സ്വാഭാവികമായും ഒട്ടുപേർക്കും തോന്നാവുന്ന കാര്യം. പറഞ്ഞു കേട്ടപ്പോൾ തെല്ലൊരമർഷം എന്നിലും ഉണ്ടായി എന്നുള്ളത് വാസ്തവം.
സുഹൃത്ത് പരാമർശിച്ച ‘ഒരാൾ’ ഞങ്ങൾ ഇരുവരുടേയും പൊതുസുഹൃത്ത് ആയതിനാൽ അങ്ങനെയൊരു കല്ലുകടി വരാൻ പാടില്ല എന്ന ചിന്ത മനസ്സിലേക്ക് വന്നു.
രണ്ടുപേരുടെയും ഭാഗത്ത് ശരിയുണ്ടായിരുന്നതിനാൽ
പരസ്പരം സംസാരിച്ച് തെറ്റുധാരണ മാറ്റാൻ മുൻകൈ എടുക്കേണ്ടി വന്നു. ആരുടെ ഭാഗത്തു നിൽക്കും എന്നാൽ ഇരു കൂട്ടരെയും ഉപേക്ഷിക്കാനും പാടില്ല എന്ന മനോവിഷമം ഉണ്ടാകാറുള്ളത് കൊണ്ട് പലപ്പോഴും ഇത്തരം തർക്കങ്ങളിൽ ഇടപെടാറില്ല.
സംസാരിച്ചപ്പോൾ അങ്ങനെയൊരു കാര്യം ചെയ്തു കൊടുക്കാൻ സാധിക്കാത്തതിനു കാരണമായ നിസ്സഹായവസ്ഥയുടെ നിജസ്ഥിതി മറ്റേ സുഹൃത്ത് വ്യക്തമാക്കി. ചെയ്തുകൊടുക്കണമെന്ന് ഏറെ ആഗ്രഹം ഉണ്ടായിരുന്നിട്ടും സാധിക്കാത്തതിൽ സുഹൃത്തിനെ വല്ലാതെ അലട്ടിയിരുന്നു.
പഴിചാരലുകളും വസ്തുതകൾ അറിയാതെയുള്ള വർത്തമാനങ്ങൾക്കും നടുവിൽ വാസ്തവം തിരിച്ചറിയുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. മനസ്സിലിട്ട് ഊതി പെരുപ്പിച്ചാൽ ശാശ്വതമായ പരിഹാരം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഓരോരുത്തർക്കും അവരവരുടേതായ ശരികളും തെറ്റുകളും ഉണ്ട്. അതിനെ തീർച്ചയായും മാനിച്ച് വ്യക്തിഹത്യ നടത്താതിരിക്കുക എന്ന ഉൾബോധം ഉണ്ടാകുക എന്നത് അനുരഞ്ജനമാണ്. അല്ലെങ്കിൽ അനുരണനമായി അതിങ്ങനെ ഹൃദയ ഭിത്തികളിൽ പ്രതിഫലനം സൃഷ്ടിച്ച് വിദ്വേഷത്തിന്റെ വിത്ത് വിതച്ചു കൊണ്ടേയിരിക്കും.
ഇത്തരം പ്രശ്നങ്ങൾ മൂന്നാമതൊരാൾ അറിയാതെ പരസ്പരം പറഞ്ഞു തീർക്കുകയായിരിക്കും ഏറ്റം ഉചിതം. കഠിനാധ്വാനവും മനസ്സുറപ്പും കൈമുതലാക്കിയാൽ മറ്റൊരാളെയും ആശ്രയിക്കാതെ
അർഹതപ്പെട്ടത് തീർച്ചയായും നമ്മെ തേടിയെത്തും. ഉപകാരങ്ങൾ തിരിച്ചു കിട്ടേണ്ട ഉപഹാരങ്ങളും കിട്ടാ കടങ്ങളും അല്ലെന്ന് സ്വയം ബോധ്യമുണ്ടാകുക എന്നത് വലിയ അനുഗ്രഹമാണ്.
മറ്റൊരാളുടെ പരിധിയും പരിമിതിയും മനസ്സിലാക്കുക എന്നതിൽ തന്നെയാണ് യഥാർത്ഥ സുഹൃത്ത് ബന്ധങ്ങളുടെ ഊഷ്മളതയും ഇഴയടുപ്പവും നിലനിൽക്കുന്നത്. അടുത്ത നിമിഷം നിലച്ചേക്കാവുന്ന വെറുമൊരു ശ്വാസത്തിന് ഉടമകൾ മാത്രമാണ് നമ്മൾ ഓരോരുത്തരുമെന്ന തിരിച്ചറിവോടെ മുൻപോട്ടു പോയാൽ ജീവിതം ധന്യമായി.
നിറഞ്ഞ സ്നേഹത്തോടെ,
റീന സാറാ വർഗീസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ