December 3, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അനുഭവങ്ങളുടെ ആകെത്തുക

റീന സാറാ വർഗ്ഗീസ്

അനുഭവങ്ങളിലൂടെയും അതു തരുന്ന പാഠങ്ങളിലൂടെയുമുള്ള കടന്നുപോക്കാണ് ജീവിതം എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. തമാശയിൽ കുതിർന്ന പൊട്ടിച്ചിരിയും, വിജയത്തിൻറെ മധുരവും തോൽവിയുടെ കയ്പും വേദനയകുന്ന നീരിന്റെ നീറ്റലിൽ പൊട്ടിക്കരയിച്ചതും, സത്യം അറിയാതെ ഒറ്റപ്പെട്ടു പോയതുമായ എത്രയോ സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവും ഓരോരുത്തരും. ഇത്തരം അനുഭവങ്ങളിലൂടെ പോയിട്ടില്ലാത്ത ഒരാൾ പോലും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. അവയൊന്നും ഒരിക്കൽ പോലും മറക്കാൻ കഴിയില്ല എന്നുള്ളതും വാസ്തവമാണ്. ഇത്തരം സമ്മിശ്ര വികാരങ്ങളുടെ ആകത്തുകയാണ് ശരാശരി മനുഷ്യ ജീവിതം.

പാഠപുസ്തകങ്ങൾ തരുന്ന അറിവിനേക്കാൾ ഉപരി തന്നെ സ്വാധീനിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് പാഠമുൾക്കൊണ്ട് മുൻപോട്ടു പോകാൻ ഒരാൾ പ്രാപ്തനാകുന്നു. എന്തു ചെയ്യണമെന്നും. ചെയ്യാൻ പാടില്ലെന്നും പഠിക്കുന്നതും പിന്നീട് പഠിപ്പിക്കുന്നതും ഇത്തരത്തിലുള്ള അനുഭവങ്ങളാണ്.

കുട്ടികളുള്ള വീട്ടിൽ പോകുമ്പോൾ വിവിധതരത്തിലുള്ള ബേക്കറി പലഹാരങ്ങളും ആപ്പിൾ, ഓറഞ്ച്, മുന്തിരി തുടങ്ങി വിവിധതരത്തിലുള്ള ഫലമൂലാദികളും കൊണ്ടായിരിക്കും വിരുന്നുകാർ വരിക. അങ്ങനെ വന്നിരുന്നവരായിരുന്നു ബാല്യത്തിൽ ഞാൻ കണ്ട വിരുന്നുകാരത്രയും.

അന്നത്തെ മാറ്റം വരാത്ത ആചാരങ്ങളിൽ ഒന്നാണ് ഇത്തരം സ്നേഹസമ്മാനങ്ങൾ. പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ ചെല്ലുമ്പോൾ വെറും കൈയോടെ ചെല്ലുക എങ്ങനെയാണെന്ന് എന്നുള്ളത് മര്യാദയുടെ ഭാഗം എന്നോണം മലയാളിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. എത്ര തലമുറകൾ മാറിയാലും അതിനു മാറ്റം ഉണ്ടാകില്ല എന്ന് തന്നെയാണ് വിശ്വാസവും.

വിദേശത്തുനിന്ന് ബന്ധുവായ അമ്മാമ്മ, ബസ്സിറങ്ങി വീടിനെ ലക്ഷ്യമാക്കി വരുന്നതാണ് ഒരു ദിവസം രാവിലെ കണ്ട കാഴ്ച. തെക്കൻ കേരളത്തിൽ ചേച്ചി, ആൻ്റി എന്നുള്ളതിനു പകരം ബഹുമാനപൂർവം അമ്മാമ്മ എന്നാണ് വിളിക്കാറ്. വടക്ക് അമ്മാമ്മ എന്നുള്ളത് പ്രായാധിക്യം ഉള്ളവരും.

അമ്മാമ്മയുടെ കൈയിലെ കവറിലേക്കാണ് ആദ്യം നോട്ടം പോയത്. സാധാരണ അങ്ങനെയുള്ളവ വീട്ടിലെ കൊച്ചു കുട്ടിയായ, അന്നു് ഒറ്റ പുത്രിയായിരുന്ന എൻ്റെ കൈയിൽ തന്നെ കിട്ടും എന്ന് ഉറപ്പായിരുന്നു. ചെരിപ്പുകൾ ഊരി തിണ്ണയിലിട്ട് അമ്മാമ്മ അകത്തേക്ക് കയറിവരുന്നതും നോക്കി വാതിൽക്കൽ ഒന്നുമറിയാത്തതുപോലെ നിന്നു.

“സുഖമായിരിക്കുന്നോ? പഠിത്തമൊക്കെ നന്നായി പോകുന്നുണ്ടല്ലോ?” എന്ന രണ്ടാമത്തെ ചോദ്യത്തിൽ ചെറുതായി കല്ല് കടിച്ചു. എന്നാലും പൊതി കിട്ടുമെന്ന ആശ്വാസത്തിൽ തലയാട്ടി. ചടങ്ങും പ്രതീക്ഷയും തെറ്റിക്കാതെ പൊതി ഭദ്രവും കൃത്യവുമായി അമ്മാമ്മ ഏൽപ്പിച്ചത് എന്നെയും.

സന്തോഷാധിക്യത്താൽ കിട്ടിയതും വാങ്ങി താമസംവിനാ അടുക്കളയിലേക്ക് ഓടി. കറുത്ത മുന്തിരിക്കുലകളിൽ നിന്നും വേർപെട്ട മുന്തിരികളാൽ, അതു് പൊതിഞ്ഞിരിക്കുന്ന പത്രത്താളുകൾ നനഞ്ഞിരുന്നു. വീട്ടിലുള്ളവർ അമ്മാമ്മയെ സൽക്കരിക്കുന്ന തിരക്കിലായതിനാൽ എന്നെയോ, കിട്ടിയ പൊതിയോ കാര്യമായി ശ്രദ്ധിച്ചില്ല.

കിട്ടിയ സന്ദർഭം നന്നായി മുതലെടുത്തുവെന്ന് പറയേണ്ടതില്ലല്ലോ. മുന്തിരികൾ കഴുകാതെ തന്നെ ഒന്നൊന്നായി വായിലിട്ട് ചവച്ചരച്ചു. വയറു നിറഞ്ഞുവെന്ന് ഉറപ്പായപ്പോൾ ബാക്കി വന്നവ അടുക്കളയിലെ മേശപ്പുറത്ത് അടച്ചുവെക്കാനുള്ള സന്മനസ്സു കാണിച്ചു.

വിരുന്നു സൽക്കാരം കഴിഞ്ഞ് വൈകുന്നേരം ആയപ്പോൾ അമ്മാമ്മ തിരിച്ചുപോയി. ഇപ്പോൾ ചോദിക്കും എന്ന് വിചാരിച്ചെങ്കിലും മുന്തിരിയെ പറ്റി ആരും ഒന്നും ചോദിച്ചും പറഞ്ഞുമില്ല.

രാത്രിയായപ്പോൾ വല്ലാത്തൊരു അസ്വസ്ഥത. തല പൊട്ടിപ്പിളരുന്നതുപോലെയുംകറങ്ങുന്നതും പോലൊരു തോന്നൽ. തോന്നൽ മാത്രമാകണേ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ.

കുസൃതികൾ കുന്നു കൂടുമ്പോൾ അമ്മയുടെ കൈയിൽ നിന്ന് കിട്ടേണ്ടത് കിട്ടിയേ സംതൃപ്തയായി അടിയൻ സാധാരണഗതിയിൽ വിടവാങ്ങാറുള്ളൂ. പക്ഷേ, ഇത്തവണത്തെ കഴിപ്പ് ആരുടെയും കണ്ണുകളിൽ പതിയാതിരുന്നതിനാൽ അതിൽ നിന്നു് ഭാഗ്യത്തിന് ഒഴിവായി എന്ന് മനസ്സിൽ വിചാരിച്ചിരുന്ന സമയത്താണ് ദൗർഭാഗ്യം പിടിപെട്ടത്. ആരോടും പറയാതെ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.

രാത്രിയിലെ അസ്ക്യത രാവിലെ ആയപ്പോൾ തുടർച്ചയായി ഉണ്ടായ അതിസാരവും ശർദ്ദിയുമായി പരിണമിച്ചു. കഞ്ഞിവെള്ളം ഉപ്പിട്ടതും കരിക്കിൻ വെള്ളവും ഗ്ലൂക്കോൺഡി കലക്കിയ വെള്ളവും കുടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയെല്ലാം കുടിക്കാനുള്ള ശ്രമങ്ങൾക്ക് തടയിട്ടത് ശർദ്ദിലാണ്.

പിന്നീടു് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെള്ള സാരിയുടുത്ത നഴ്സമ്മ എൻ്റെ കൈകൾ രണ്ടും മാറിയും മറിച്ചും നോക്കുന്നുണ്ട്. കൈയിൽ ഒരിടത്ത് ഞരമ്പ് തെളിഞ്ഞത് അവരെ സന്തോഷവതി ആക്കിയെങ്കിലും അതിസാരത്തിന്റെയും ശർദ്ദിയുടെയും പാരമ്യത്തിൽ കുത്തിന്റെ വേദന സഹിക്കവയ്യാതെ അലമുറയിട്ടു. കുപ്പിയിൽ നിറച്ച വെള്ളം ഇനി എത്രയെണ്ണം ഞരമ്പിലൂടെ കയറ്റണമെന്ന് ചോദിച്ചു കൊണ്ടിരുന്നു.

ആശുപത്രിയിൽ കൂട്ടിരിപ്പിനു വന്ന വല്യമ്മച്ചിയും രണ്ടാമത്തെ അനിയത്തിയെ ഗർഭം ധരിച്ചിരുന്ന അമ്മയും കിടപ്പു കണ്ട് വ്യാകുലപ്പെട്ടു. ആശുപത്രിയിൽ കാണാൻ വന്ന പുത്തൻപുരയിലെ അപ്പച്ചൻ, വല്യമ്മച്ചിയോട് “തിരുവനന്തപുരത്തെ വലിയ ആശുപത്രിയിൽ കുറവില്ലെങ്കിൽ കൊണ്ടുപോകാം പെങ്ങളേ” എന്ന് പറയുന്നത് കിടക്കുന്ന കിടപ്പിൽ കേട്ടത് ഓർമ്മയുണ്ട്. ഇനിയും കുത്തു കൊള്ളാൻ വയ്യ എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അവശത കാരണം മിണ്ടാനായില്ല.

“പുളിക്കീൽ പള്ളിയിൽ അവൾ മെഴുകുതിരി കത്തിച്ചും എണ്ണ ഒഴിച്ചും പ്രാർത്ഥിച്ചിട്ടുണ്ട്. പേടിക്കണ്ട. കുറഞ്ഞോളും.”

പുത്തൻപുരയിലെ അപ്പച്ചൻ, ഞാൻ പുത്തൻപുരയിലെ അമ്മച്ചി എന്ന് വിളിക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യയെ കുറിച്ചാണ് പറഞ്ഞത്. വിഷാദിച്ചിരുന്ന വല്യമ്മച്ചിക്ക് അത് വലിയ ആശ്വാസമാണ് നൽകിയത്. അമ്മച്ചി കൊടുത്തു വിട്ട പൊടിയരിക്കഞ്ഞിയും ചമ്മന്തിയും പയറു തോരനും മെഴുക്കുപുരട്ടിയും കഴിച്ച് അന്ന് സുഖമായി ഉറങ്ങി.

മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തി. കുറേക്കാലം മുന്തിരിങ്ങ കാണുമ്പോൾ വല്ലാത്തൊരു ഭയമായിരുന്നു. ഇന്നത് മാറി.

പുത്തൻപുരയിലെ അമ്മച്ചിയും അപ്പച്ചനും ഇന്നില്ല. എന്നും നന്ദിയോടും സ്നേഹത്തോടും കടപ്പാടോടും ഓർക്കുന്ന ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ടുപേർ.

എന്റെ ജനനത്തിനും എത്രയോ വർഷങ്ങൾക്ക് മുൻപ് മധ്യതിരുവിതാംകൂറിൽ നിന്നും കുവൈറ്റിലെത്തിയ ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്നു അപ്പച്ചൻ. അപ്പച്ചന്റെ മക്കളായ, ഞങ്ങൾ ബാബുച്ചായൻ എന്ന് വിളിക്കുന്ന കുര്യൻ വർഗീസ്സും, കുഞ്ഞുമോൻ അച്ചായൻ എന്ന് വിളിക്കുന്ന ഉമ്മൻ വേങ്ങലും ഇന്നും ഇവിടുത്തെ ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.

നിറഞ്ഞ സ്നേഹത്തോടെ,

റീന അനുഭവങ്ങളുടെ ആകെത്തുക.

റീന സാറാ വർഗീസ്

error: Content is protected !!