November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നാട്ടിലെ ഓണമാണ് ഓർമ്മകളിൽ അന്നും ഇന്നും എന്നും…

ജോബി ബേബി, നഴ്സ്, കുവൈറ്റ്

ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ ഓണം വീണ്ടും വന്നെത്തി.കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിയും മറക്കില്ല. ലോകത്തെവിടെയാണങ്കിലും സ്വന്തം നാട്ടിൽ എത്തിച്ചേരാനാണ് ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത് . നാട്ടിൻപുറങ്ങളിൽ ജനിച്ചു വളർന്ന എല്ലാവരെയും എന്ന പോലെ എനിക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം എന്നു കേൾക്കുന്നത് തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു.അന്നെല്ലാം ഓണം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്ക്കുന്ന അവധിയും ആഘോഷങ്ങളും തന്നെ.മിക്ക വർഷങ്ങളിലും ഓണപ്പരീക്ഷകൾ കഴിയും മുൻപേ അത്തം തുടങ്ങും.എങ്കിലും പരീക്ഷത്തിരക്കുകള്ക്കുള്ളിലും അതിരാവിലെ അല്പ സമയം ചില ദിവസങ്ങളിൽ പൂക്കളമൊരുക്കാന് മാറ്റി വയ്ക്കുമായിരുന്നു.

എല്ലാ മലയാളികളുടേയും ആഘോഷം എന്ന പേര് അന്വര്ത്ഥമാക്കും വിധം ജാതി മത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടിൽഎല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു.ഓണപ്പരീക്ഷകള്ക്കു ശേഷം പള്ളിക്കൂടം അടച്ചാൽ പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി.ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും,നാടൻ പന്തുകളിയും,കുട്ടിയും കോലും,ഒളിച്ചു കളിയും,കള്ളനും പോലീസും കളിയും,നിധി വേട്ടയും അങ്ങനെയങ്ങനെ ഒട്ടേറെ തനി നാടന് കളികൾ…അല്ലലില്ലാതെ സന്തോഷം മാത്രമുള്ള ഒരു ബാല്യം.തിരുവോണ സദ്യ കഴിഞ്ഞാൽ ബന്ധു മിത്രാദികളുടെ വീടു സന്ദര്ശനവും മറ്റുമായി ഒന്നു രണ്ടു ദിവസം പോയിക്കിട്ടും.അതു പോലെ തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടിൽ ഓണക്കളികളും മറ്റും ഉണ്ടായിരിയ്ക്കും. അങ്ങനെ പത്തു ദിവസം കഴിയുമ്പോഴേയ്ക്കും ഒരുപാട് നല്ല നല്ല ഓര്മ്മകള് ബാക്കിയാക്കിയാണ് എല്ലാ ഓണക്കാലവും കടന്നു പോയ്ക്കോണ്ടിരുന്നത്.

മലയാളികൾ ജന്മനാട്ടിൽ ഓണം ആഘോഷിക്കുമ്പോൾ അന്യ നാട്ടിലിരുന്നും ഓണം ആഘോഷമാക്കുന്നവരാണ് പ്രവാസികൾ.പ്രവാസികളെ സംബന്ധിച്ച് ഓണം അവർക്ക് സന്തോഷവും ഒപ്പം ദുഃഖവും നൽകുന്നു.ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെങ്കിലും വേണ്ടപ്പെട്ടവരും ഉറ്റവരും അടുത്തില്ലല്ലോ എന്ന വിഷമം അവർ നേരിടും.കുടുംബമായും അല്ലാതെയും താമസിക്കുന്ന പ്രവാസി മലയാളികൾ എല്ലാവരും ഒത്തു ചേരുന്ന ഒരു ദിവസമാണ് തിരുവോണ ദിവസം.തിരുവോണ നാളിൽ കുടുംബമായി താമസിക്കുന്നവർ ഓണസദ്യ തയ്യാറാക്കി കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കും ഒപ്പം കഴിക്കുന്നു.നമ്മൾ നാട്ടിൽ നമുക്ക് പ്രിയപ്പെട്ടവരെല്ലാം ചേരുമ്പോൾ അവിടെ പ്രവാസികൾക്കിടയിലും അത്തരമൊരു കൂട്ടായ്മക്ക് ഓണം വഴിയൊരുക്കുന്നു.നാട്ടിൽ നിന്ന് മാറി താമസിക്കുന്നവർക്ക് ഈ ഓണക്കാലത്ത് അതൊരുവലിയ ആശ്വാസമാണ്.

പ്രവാസികൾക്കിടയിൽ വീടുകളിൽ മാത്രമല്ല ഓഫീസുകളിലും ഓണം ആഘോഷിക്കാറുണ്ട്.കേരളത്തിന്റെ സംസ്കാരം ലോകമെമ്പാടുമുള്ള മറ്റ് സംസ്കാരത്തില്പ്പെട്ടവർക്കും നമ്മുടെ നാടിന്റെ നന്മയും സ്നേഹവും എല്ലാം അന്യദേശക്കാർക്ക് കൂടി പകർന്ന് കൊടുക്കുകയാണ്.പ്രവാസികളുടെ ഓഫീസുകളിലും ഓണപ്പാട്ടും ഓണക്കളികളുമായി കുറച്ച് സമയമെങ്കിലും ഓണാഘോഷം നടക്കാറുണ്ട്.എന്നാൽ ഓണം ആഘോഷിക്കുന്നതിനോ ഓണത്തിന്റെ തിരക്കുകൾക്കിടയിൽ നിൽക്കുന്നതിനോ സമയമില്ലാത്ത ചിലരുമുണ്ട്.ഒരിക്കലും ആഘോഷങ്ങൾക്ക് സ്ഥാനമില്ലാത്തവർ. എവിടെയായിരുന്നാലും ഓണം നമ്മൾ ആഘോഷിക്കുക തന്നെ ചെയ്യും എന്ന ഒരു വാശിയാണ് ഓരോ പ്രവാസിക്കും,എങ്കിലും വേണ്ടപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന വേദനയും അവർക്കുണ്ട്.ഒരു മതത്തിന്റെ മാത്രം ആഘോഷമല്ല ഓണം.എല്ലാമതങ്ങളുടെയും എല്ലാ വിഭാഗങ്ങളുടെയും ആഘോഷമായ ഓണം ബഹുവര്ണ ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമാണ്.ഓണത്തിന്റെ ആഘോഷം നാട്ടിലാണോ മറുനാട്ടിലാണോ ഗംഭീരമെന്ന ചോദ്യം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും.ആഘോഷം കൂടുതൽ ഗൾഫിലാണെങ്കിലും ഓണം ഓണമാകണമെങ്കിൽ നാട്ടിൽ തന്നെ ആഘോഷിക്കണം.ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

error: Content is protected !!