ജോബിബേബി,നഴ്‌സ്,കുവൈറ്റ്
“ഒരു ആശയത്തിന് വേണ്ടി ഒരു വ്യക്തിക്ക് ജീവൻ നൽകേണ്ടി വന്നേക്കാം, അയാൾക്ക് ശേഷം ആയിരങ്ങളിലൂടെ ആ ആശയം ഉയിർ കൊള്ളും“
നേതാജി സുഭാഷ് ചന്ദ്ര ബോസ്
75 -ഇന്റെ നിറവിൽ സ്വതന്ത്ര ഭാരതത്തിന്റെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഉയരങ്ങളിലേക്കു ഉയരുമ്പോൾ അഭിമാനം കൊള്ളാത്ത ഭാരതീയനുണ്ടാവുകയില്ല . ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന ഒരു നിമിഷമാണു സമാഗതമായിരിക്കുന്നത്. 75വർഷങ്ങൾക്കു മുൻപേ 1947 ഓഗസ്റ്റ് 15ന് അർധരാത്രിയിൽ ഡൽഹിയിലെ റെഡ്‌ഫോർട്ടിനു മുൻപിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു ഉയർത്തിയ അശോക ചക്രമേറിയ ത്രിവർണ പതാക പാറിപറന്നപ്പോൾ പുളകം കൊള്ളാത്ത ഒരു ഭാരതീയൻ പോലും ഉണ്ടാകില്ല.ആയിരങ്ങൾ ജീവൻ നൽകി, അടിയുടെ, ഇടിയുടെ, വെടിയുടെ, പട്ടാള ബയണറ്റുകളുടെ കുന്ത മുനകൾ തുളച്ചു കയറിയ ആഴമേറിയ മുറിവുകളിലൂടെ ഒലിച്ചിറങ്ങിയ രക്തത്തിലൂടെ,ജയിലറകളിൽ അടച്ചു പൂട്ടപ്പെട്ട ആയിരങ്ങളുടെ രോദനത്തിന്‍റെ, ഗില്ലറ്റുകൾക്കുള്ളിൽ തലയറ്റു പോയ ജീവനുകളിലൂടെ ആർത്തു വിളിക്കപ്പെട്ട,ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ത്യാഗത്തിന്റേയും ലക്ഷ്യബോധത്തിന്റെയും കർമഫലമായി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വെള്ളി കതിരുകളോരോ ഭാരതീയനെയും പുൽകിയ നിമിഷങ്ങളുടെ 76ആം ജന്മദിനം ആഗതമായിരിക്കുന്നു.
സ്വാന്ത്ര്യത്തിന്റെ 75ആം വര്‍ഷത്തില്‍ ഇന്ത്യ എല്ലാ അർത്ഥത്തിലും പൂർണ്ണമായും സ്വന്ത്രമായോ?ചിന്തിക്കേണ്ടതാണ്.അതിനുദാഹരണമെന്നോണം ഇന്ത്യയില്‍ ജനാധിപത്യവിരുദ്ധ നടപടികളും നീക്കങ്ങളും പലതും കാണാനാകും.
ജനസേവകരും ഭരണഘടനയുടെ സംരക്ഷകരും ആകേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങുകളിടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിൽ ബഹളങ്ങളും സ്തംഭനങ്ങളും തുടര്‍ക്കഥകളാണ് . ജനകീയ പ്രശ്നങ്ങളില്‍ ചര്‍ച്ച പോലും നിഷേധിക്കപ്പെടുന്നു അതിന്റെ ഫലമായി നിയമനിര്‍മാണ സഭയില്‍ ബില്ലുകള്‍ നൂലിഴ കീറി പരിശോധിക്കാനുള്ള അവസരമാണ് സര്‍ക്കാരും പ്രതിപക്ഷവും നഷ്ടമാക്കുന്നത്.പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം പാര്‍ലമെന്റിൽ പലപ്പോഴും ഉണ്ടാകാറേയില്ല.ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്തതിന്റെ പേരിൽ വല്ലപ്പോഴും നടത്തുന്ന പ്രസംഗങ്ങളാകട്ടെ കവലപ്രസംഗം പോലെ ഏകപക്ഷീയമാണ് . വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തില്‍ അനിവാര്യമാണ്.എന്നാൽ ഇന്ന് ജനവിരുദ്ധതയ്ക്ക് എതിരെ പ്രതിഷേധിച്ചാൽ മാധ്യമങ്ങൾ പോലും വിലക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
ഇന്ത്യയെന്ന ദേശരാഷ്ട്രം വൈവിധ്യങ്ങളിലാണ് നിലനിൽക്കുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുകയും വ്യത്യസ്തങ്ങളായ സാംസ്കാരിക ജീവിതം നയിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളാണ് നമുക്കിടയിൽ ഉള്ളത്.എന്നാൽ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ കൊളോണിയൽ ശക്തികളിൽനിന്നും നേടിയ വിമോചനം ചരിത്രസ്മരണയായി ആർത്തിരമ്പുമ്പോഴും ആഭ്യന്തര കൊളോണിയലിസവും ജാതി ബ്രാഹ്മണ്യവും നിലീന ഭരണകൂടവും (deep state) ഇഴചേർന്ന് പൗരശരീരങ്ങളെ ഞെരുക്കുന്ന കാഴ്ചയാണ്. സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയാകുമ്പോഴും അസമത്വത്തിന്റെ കൊടിയ ദുരിതങ്ങളെ നിർവീര്യമാക്കാൻ അശ്രാന്തപരിശ്രമം വേണ്ടിയിരിക്കുന്നു എന്നുള്ള വസ്തുത സൂചിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെ പ്രയോഗികതയിൽ നേരിടുന്ന വെല്ലുവിളികളെ തന്നെയാണ്.ജനാധിപത്യം വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ആദ്യം ഉണ്ടാവേണ്ട ഉപാധി സമൂഹത്തിൽ അസമത്വം ഉണ്ടാകാൻ പാടില്ല എന്ന് അംബേദ്കർ കുറിച്ചു.ജനാധിപത്യ വ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട ഒരുവർഗവും എല്ലാ സവിശേഷാധികാരങ്ങളും കൈവശപ്പെടുത്തിയിരിക്കുന്ന വർഗവും അതിന്റെ ഭാരം താങ്ങുന്ന മറ്റൊരു വർഗവും ഉണ്ടാകരുത് എന്നും ജനാധിപത്യ വ്യവസ്ഥയെ തന്നെ അംബേദ്കർ നിർവചിച്ചു.ജാതി ബ്രാഹ്മണ്യത്തിന്റെയും ഹിംസാത്മക ഭരണകൂട ചെയ്തികളുടെയും ആഭ്യന്തര കൊളോണിയലിസത്തിൽനിന്നും മുക്തി കൈവന്നെങ്കിൽ മാത്രമേ സ്വാതന്ത്ര്യം അക്ഷരാർഥത്തിൽ ‘അമൃതാ’യി തീരുകയുള്ളൂ.
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുമ്പോൾ അംബേദ്കറും നെഹ്റുവും ഉൾപ്പെടെയുള്ള രാഷ്ട്രനിർമാതാക്കൾ ഭാവി ഇന്ത്യയെ കെട്ടിപ്പടുക്കാനായി ആവിഷ്കരിച്ചതും പങ്കുവെച്ചതുമായ ചിന്തകളുടെ പുനർവായനയിലൂടെയും ഭരണഘടനാ ജനാധിപത്യ വ്യവസ്ഥയിലൂടെ ഇന്ത്യയിലെ അശരണരായ ജനകോടികളുടെ ജീവിതവും അസമത്വ വ്യവസ്ഥയാൽ താഴ്ന്നുപോവാതെ ഉദ്ധരിക്കാൻ സാധിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യം ഏവർക്കും അനുഭൂതിജന്യമായ ഒന്നായി തീരുകയുള്ളൂ.”എല്ലാ രാജ്യത്തും അനീതി ഉണ്ടെന്നതിൽ സംശയമില്ല; പക്ഷേ അനീതി തുല്യമായല്ല വിതരണം ചെയ്യപ്പെടുന്നത്” എന്ന അംബേദ്കറുടെ സുചിന്തിത വിചാരം അസമത്വ ഇന്ത്യയുടെ ദുരിതക്കാഴ്ചയെയാണ് അനാവരണം ചെയ്യുന്നത്. സ്വന്തം ജനതയോടുള്ള ജാതിബ്രാഹ്മണ്യ ശക്തികളുടെ യുദ്ധം അവസാനിക്കുകയും സാമൂഹികവും സാമ്പത്തികവുമായ ജീവിതപരിസരങ്ങളിൽ സമത്വവും സാഹോദര്യവും അനുഭവജന്യമായി തീരുമ്പോഴുമാണ് ‘സ്വാതന്ത്ര്യം’ അക്ഷരാർഥത്തിൽ അമൃതമായി മാറിത്തീരുക.
സുതാര്യവും പക്ഷപാതരഹിതവും നീതിപൂര്‍വവുമായ ഭരണം ഉണ്ടാകുന്നില്ലെങ്കില്‍ ജനാധിപത്യം മരിക്കും. ജനങ്ങളുടെ സേവകരാകേണ്ടവര്‍ രാജാക്കന്മാരെപ്പോലെ വാഴുമ്പോള്‍ പ്രതികരിക്കാനും തിരുത്തിക്കാനും ജനങ്ങള്‍ ശബ്ദമുയര്‍ത്തണം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ ജനകീയ പ്രതിരോധം ഉയരണം.ഇന്ത്യയെന്ന മാതൃരാജ്യത്തോട് അകലങ്ങളിൽ ഇരുന്നുപോലും ആരാധന പുലർത്തുന്ന ഓരോ പ്രവാസിക്കും അഭിമാനം പുണരുന്ന ഭാരതത്തിന്റെ വിജയ പാതയിലെ പൊൻകതിരുകൾക്കു എന്നെന്നും, തുടർന്നും വിജയം നേരുന്നു .
ജയ് ഭാരത് , ജയ് കിസാൻ, ജയ് ജവാൻ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ