ജോബി ബേബി,നഴ്സ്,കുവൈറ്റ്
ഒരിക്കൽ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ് വാല്മീകി മഹർഷി രാമകഥ കേൾക്കാനിടയായത് .സർവ്വഗുണങ്ങളും (ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത) നിറഞ്ഞ ഏതെങ്കിലും ഒരു മനുഷ്യൻ ഉണ്ടോയെന്ന് വാല്മീകി നാരദനോടു ചോദിച്ചു.’അഥവാ ഉണ്ടെങ്കിൽ അങ്ങേയ്ക്ക് അത് അറിയാമായിരിക്കും’. എല്ലാ ഗുണങ്ങളും നിറഞ്ഞ ഒരു മനുഷ്യൻ എന്നത് അസംഭവ്യമാണെന്ന് നാരദൻ മറുപടി നൽകി.’എന്നാൽ ഈ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥ മഹാരാജാവിൻ്റെ മൂത്തമകൻ രാമാനാണ്’ നാരദൻ ചൂണ്ടിക്കാട്ടി.രാമനെ കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് രാമകഥ മുഴുവനും നാരദൻ വിസ്തരിച്ച് തുടങ്ങിയത്. പിന്നീടൊരിക്കൽ തമസാനദിയുടെ തീരത്തുവച്ച് വേടൻ ഒരു ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിലെ കോപം ജ്വലിച്ച് ”മാനനിഷാദാ” (അരുത് കാട്ടാളാ) എന്ന തുടങ്ങുന്ന ശ്ലോകം വാല്മീകി ഉച്ചത്തിൽ ജപിച്ചു.
“മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം”
ശ്ലോകം പൂർത്തിയാകുന്നതിനു മുൻപ് തന്നെ സൃഷ്ടികർത്താവായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരമാണ് വാല്മാകി ശ്രീരാമകഥ രചിക്കാൻ ആരംഭിക്കുന്നത്.
വികാരം കൊണ്ടല്ല, വിവേകം കൊണ്ടും ധർമബോധം കൊണ്ടും പ്രതിസന്ധികളെ നേരിടുന്ന ശ്രീരാമചന്ദ്രൻ, ഏതു യുഗത്തിലെയും മനുഷ്യർക്ക് ജീവിതയാത്രയിലെ അക്ഷയദീപം തന്നെയാണ്, സാധാരണ മനുഷ്യർ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രാതികൂലങ്ങളെല്ലാം അവയുടെ പ്രാഗ്രൂപത്തിൽ രാമൻ ആ ത്രേതായുഗത്തിൽ അഭിമുഖീകരിക്കുന്നുണ്ട്. ഒന്നിന് പുറകെ ഒന്നായി ശ്രീരാമൻ അനുഭവിച്ച സംഘർഷങ്ങൾ ഭീകരങ്ങളായിരുന്നു. ഒരിക്കൽപോലും പക്ഷേ, ശ്രീരാമൻ പതറുകയോ ആശയക്കുഴപ്പത്തിൽ വീഴുകയോ വികാരവിക്ഷോഭങ്ങൾക്കടിമപ്പെട്ടു സ്വാർഥചിന്തയോടെ എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. രാമായണ നായകനെപ്പോലെ പരമാർഥബോധത്തോടെയും അക്ഷോഭ്യതയോടെയും സ്വാർഥമാലിന്യമില്ലാതെയും തീരുമാനങ്ങളെടുക്കാൻ സാധിച്ചാൽ ആരുടെയും ജീവിതം കർമശുദ്ധികൊണ്ടു കമനീയമാകും .
സത്യസാധനയും ധർമനിഷ്ഠയും കൊണ്ട് ജീവിതയാത്ര ധന്യമാക്കാം എന്ന് രാമായണ ഹൃദയം മന്ത്രിക്കുന്നു.
ഭരണാധികാരികൾ അധികാരത്തിന്റെ ഗർവിൽ മതിമറക്കുമ്പോൾ ഫലം ധർമ്മച്യുതിയായിരിക്കുമെന്ന് രാമായണം ഓർമിപ്പിക്കുന്നു . ഏറ്റവും ഉദാത്തമായ പ്രജാഹിതം നടപ്പാക്കാൻ രാമായണം അനുശാസിക്കുന്നു. നിങ്ങളുടെ താൽകാലിക ലക്ഷ്യങ്ങൾക്ക് മറുവശത്തായി നിതാന്തവും സ്വച്ചശാന്തവുമായ ആത്മീയ നേട്ടങ്ങളുണ്ടെന്നു രാമായണം പഠിപ്പിക്കുന്നു.മാനസിക സംഘർഷത്തെ ഇല്ലാതാക്കി ശുഭപ്രതീക്ഷകളെ നിറയ്ക്കാൻ രാമായണം സഹായിക്കുവെന്നും ആചാര്യന്മാർ ഉപദേശിക്കുന്നു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ