ജോബി ബേബി
അക്ഷരജ്ഞാനത്തിന്റെ തീ കൊളുത്തി അജ്ഞതയെ ദഹിപ്പിക്കാനിറങ്ങിയ,കേരള നവോത്ഥാനത്തിന്റെ മാർഗദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമമില്ലാതെ കേരള നവോത്ഥാനചരിത്രo പൂർത്തിയാവില്ല.കീഴ്ജാതിക്കാരായി അകറ്റി നിർത്തപ്പെട്ടിരുന്നവർക്കും വിദ്യാഭ്യാസം നൽകാൻ, സവർണർ ഉൾപ്പെടെയുള്ള അധികാര സ്ഥാനങ്ങളെ വെല്ലുവിളിച്ച മഹാരഥനാണദ്ദേഹം.ചാവറയച്ചനെക്കുറിച്ച് എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്.അദ്ദേഹം സ്വന്തം സമൂദായത്തിന്റെ പുരോഗതിക്കുവേണ്ടി മാത്രം പ്രവർത്തിച്ചയാളായിരുന്നില്ല.ജാതിയോ മതമോ നോക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം നല്‍കുന്നതിലൂടെയാണു കേരളത്തിന്റെ നവോത്ഥാനം സാധ്യമാക്കേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മതേതര-പുരോഗമന ചിന്തയും പ്രവർത്തന ശൈലിയും. ശ്രീനാരായണ ഗുരു ജനിക്കുന്നതിന് 51 വർഷം മുന്‍പ് 1805 ഫെബ്രുവരി 10ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. പാലയ്ക്കൽ തോമാ മല്പാൻ, പോരൂക്കര തോമാ മല്പാൻ എന്നിവർക്കൊപ്പം സിഎംഐ സഭയും പിന്നീട് മാന്നാനത്ത് സെമിനാരിയും സ്ഥാപിച്ച അദ്ദേഹം ആജീവനാന്തം സിഎംഐ സഭയുടെ തലവനായിരുന്നു. 1846ൽ മാന്നാനത്ത് അച്ചടിയന്ത്രം സ്ഥാപിച്ചു. കേരളത്തിലെ മൂന്നാമത്തേതായിരുന്നു അത്. അതേവർഷം തന്നെയാണ് മാന്നാനത്ത് സീറോ മലബാർ സഭയുടെ ആദ്യ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആ സംസ്കൃത സ്കൂളിൽ താഴ്ന്ന ജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന കുട്ടികളെ സവർണർക്കൊപ്പമിരുത്തി പഠിപ്പിക്കാൻ ധീരത കാണിച്ചു. ഇതൊക്കെ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു 101 വർഷം മുന്‍പായിരുന്നെന്നും ഓർമിക്കണം. കേരള സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായതിനുശേഷം അദ്ദേഹം നടത്തിയത് വിദ്യാഭ്യാസ വിപ്ലവമായിരുന്നു. ഇന്നും പള്ളികളോടു ചേർന്നുള്ള പള്ളിക്കൂടങ്ങളുടെ തുടക്കം അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിലാണ്. ചാവറയച്ചനുമുന്പുതന്നെ മലബാറിലും തിരുവിതാംകൂറിലും എല്ലാ ജാതിക്കാരെയും ഒന്നിച്ചിരുത്തി വിദ്യാവെളിച്ചം പകർന്ന വിദേശക്രൈസ്തവ മിഷനറിമാരെയും വിസ്മരിച്ചുകൂടാ.
വിശക്കുന്ന കുട്ടികൾ പഠിക്കാനെത്തില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചൻ വസ്ത്രം, ഭക്ഷണം, പുസ്തകം എന്നിവയെല്ലാം സൗജന്യമായി നൽകി. ആ ക്രാന്തദർശിയുടെ പാത പിന്തുടർന്നാണ് പിന്നീട് സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി ഏർപ്പെടുത്താനുള്ള ശിപാർശ ദിവാൻ സി.പി. രാമസ്വാമി അയ്യർ 1936 നവംബർ 26ന് തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ചതെന്ന് കേരള ചരിത്രകാരനായ എ. ശ്രീധരമേനോൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജാതിമതഭേദമെന്യേ സ്ത്രീകൾക്കു വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി 1868ൽ ബോർഡിംഗ് സ്കൂൾ സ്ഥാപിച്ചു. അച്ചടിയന്ത്രം സ്ഥാപിച്ചതുകൂടാതെ സാഹിത്യരംഗത്തും അദ്ദേഹം തിളങ്ങിയിരുന്നു. മഹാകാവ്യമായ അത്മാനുതാപം, മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം “അനസ്താസിയായുടെ രക്തസാക്ഷ്യം’’, ഇടയനാടകങ്ങൾ എന്നിവയുൾപ്പെടെയുള്ള രചനകൾ വിലപ്പെട്ടതായതിനാലാണ് കേരള സാഹിത്യ അക്കാദമിയുടെ ചുവരിൽ ചാവറയച്ചന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുള്ളത്.
മലയാളത്തിന്റെ സാംസ്കാരികനായകൻ സുകുമാർ അഴീക്കോട് ചാവറയച്ചനെക്കുറിച്ചു പറഞ്ഞത് “പത്തൊന്‍പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരാൾ ഇരുപതാം നൂറ്റാണ്ടിൽ ആദരപൂർവം അനുസ്മരിക്കപ്പെടുന്നുണ്ടെങ്കിൽ ആ വ്യക്തി പത്തൊന്‍പതാം നൂറ്റാണ്ടിൽ ജീവിച്ചുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും സൃഷ്ടിച്ചയാളായിരിക്കും.അങ്ങനെയുള്ളവരെയാണ് യുഗസൃഷ്ടാക്കൾ എന്നു വിളിക്കുന്നത്.’’ എന്നാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 27-മാർച്ച് 5 മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വെബിനിവേശം എന്ന കോളത്തിൽ രാംമോഹൻ പാലിയത്ത് കുറിച്ചിരിക്കുന്നത്, “ഭൂമിയിൽ സൂര്യന്റെ പ്രതീകമായാണ് അഗ്നി കരുതപ്പെടുന്നത്.അതുപോലെ യേശുക്രിസ്തുവിന്റെ കേരളത്തിലെ പ്രതിനിധിയായി കാണാവുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയിലാണ് കേരളീയ നവോത്ഥാനം തുടങ്ങുന്നതെന്നു പറയാം’’ എന്നാണ്. ചാവറയച്ചനുശേഷമാണ് കാൾ മാർക്സ് ഉൾപ്പെടെയുള്ളവരുടെ ജനനം എന്നും അദ്ദേഹം തുടർന്നു പറയുന്നു.ചാവറയച്ചനെന്ന നവോത്ഥാനനായകനെക്കുറിച്ചു പറയാൻ ഇവിടെ സ്ഥലപരിമിതിയുണ്ട്.പക്ഷേ, നവോത്ഥാനനായകരുടെ നിരയിൽ പ്രഥമസ്ഥാനിയാണ് ഈ സന്യാസിയെന്നു തീർത്തും പറയാം.
ജനാധിപത്യഭരണത്തിന്റെ ചരിത്രരേഖകളില്‍ അഭിമാനമുഹൂര്‍ത്തങ്ങള്‍ എഴുതിച്ചേര്ത്തവരാണു കേരളസമൂഹം.ഈ മണ്ണില്‍ നിലനിന്ന ജാതി വ്യവസ്ഥിതികളില്‍ മനംനൊന്ത് ഭ്രാന്താലയമെന്നു മുദ്രകുത്തിയപ്പോഴും ഹൃദയങ്ങളില്‍ മാറ്റത്തിന്റെ ശംഖൊലി ഏറ്റുവാങ്ങി പുത്തന്‍ വ്യവസ്ഥിതിക്കു വേണ്ടി പോരാടി വിജയിച്ചവരാണു നമ്മുടെ പൂര്‍വികര്‍.വിശക്കുന്ന കുട്ടികള്‍ക്ക് പഠിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചന് വസ്ത്രവും ഭക്ഷണവും പുസ്തകങ്ങളും നല്കിയ മാതൃക പിന്തുടര്ന്നാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശ നല്കാന് അന്നത്തെ ഭരണകൂടം മുതിര്‍ന്നത് എന്ന വസ്തുത ഇന്നും പ്രസക്തമാണ്.തീണ്ടലും തൊട്ടുകൂടായ്മയും അയിത്തവും പോലെയുള്ള കൊടിയ മനുഷ്യവിരുദ്ധ പ്രവൃത്തികള്‍ നടമാടിയ കാലത്ത് ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ കണക്കിലെടുക്കാതെ വിദ്യാഭ്യാസ വിപ്ലവത്തിനു നാന്ദികുറിച്ച ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍നിന്നു മറച്ചുപിടിക്കുന്നത് അദ്ദേഹം പങ്കുവച്ച സാമൂഹികമാറ്റത്തിന്റെ നന്മകളെ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്.കേരളത്തിന്റെ സാമൂഹികതലങ്ങളില്‍ നിലനിന്ന അസമത്വം അവസാനിപ്പിക്കാന്‍വേണ്ടി സാര്‍വത്രികമായ വിദ്യാഭ്യാസം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ ക്രിസ്ത്യന്‍ മിഷനറി സമൂഹത്തിന്റെ നെടുനായകത്വം ചാവറയച്ചനിലാണെന്നത് ചരിത്രവസ്തുതയാണ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ