ജോബിബേബി
ഭിന്നമായതിനോടുള്ള അസഹിഷ്ണുത,അത് ഭിന്നാഭിപ്രായമുള്ളവരോടോ,ഭിന്ന ലിംഗക്കാരോടോ,ഭിന്ന വസ്ത്രമണിയുന്നവരോടോ,ഭിന്ന വിശ്വാസമുള്ളവരോടോ, ഭിന്ന സംസ്കാരമുള്ളവരോടോ,ക്രമം കേട്ട് വർദ്ധിക്കുന്ന ഒരു പരിസരത്തിലാണ് നാം ജീവിക്കുന്നത്.രാഷ്ട്രത്തിലോ,സഭയിലോ,സമൂഹത്തിലോ ഭിന്നമായി ചിന്തിക്കുന്നവരെയും ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെയും ശത്രുക്കളായും ദ്രോഹികളായും കാണുന്ന ഒരു പശ്ചാത്തലത്തിൽ ജനാധിപത്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് പറയാതിരിക്കുക അസാധ്യമാണ്.
ജനാധിപത്യത്തെക്കുറിച്ച് ഏറ്റവും മനോഹരവും അർത്ഥവത്തുമായ നിർവ്വചനം നലകിയത് എബ്രഹാം ലിങ്കനാണ്.ജനങ്ങളുടെ,ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ഭരണമാണ് ജനാധിപത്യം.ഇന്ത്യയിൽ ജനാധിപത്യത്തെ നിർവ്വചിക്കുകയും സ്വപ്‍നം കാണുകയും ചെയ്യ്തവരിൽ പ്രമുഖനാണ് ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്കർ.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജനാധിപത്യം എന്നത് “അപരന്റെ തുല്യമായ നീതിയെയും അഭിലാഷങ്ങളെയും ഒരുതരത്തിലും അപായപ്പെടുത്താതെ എല്ലാമനുഷ്യരുടെയും അതിരുകളില്ലാത്ത സാധ്യതകളെ സാധ്യമായ പരമാവധി വിസ്തൃതിയിലേക്ക് അനാവരണം ചെയ്യുന്ന സംഘടിതമായ ജീവിതശൈലിയാണ്. അതുകൊണ്ട് തന്നെ ജനാധിപത്യത്തെ വ്യവസ്ഥാപിതമായ അധികാരത്തിന്റെ ചട്ടക്കൂടായിട്ടല്ല മറിച്ചു ഒരു ജീവിത ശൈലിയായിട്ടാണ് അംബേദ്കർ മനസ്സിലാക്കിയതും നടപ്പാക്കാൻ ആഗ്രഹിച്ചതും.ജനാധിപത്യം ഒരു ജീവിത ശൈലിയായി മാറാതിരിക്കുമ്പോൾ അത് ഒരു കാലഘട്ടത്തിലേക്ക് ലഭിക്കുന്ന പണത്തിന്റേയും അധികാരത്തിന്റേയും ആധിപത്യമായി മാറാൻ സാധ്യതയുണ്ട് എന്ന അപകടം അംബേദ്‌കർ മനസ്സിലാക്കിയിരുന്നു.
നമ്മുടെ ഭരണഘടന ഒറ്റനോട്ടത്തിൽ
1945ലെ വേവൽ പ്ലാൻ അനുസരിച്ചാണ് ഇന്ത്യക്കാർക്ക് സ്വന്തം ഭരണഘടന തയാറാക്കാനുള്ള നിർദേശം കൊണ്ടുവരുന്നത്.1946 നവംബറിലാണ് ഭരണഘടനാ നിർമാണ സഭ രൂപീകൃതമായത്.1946 ഡിസംബർ ഒന്പതിന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഒൻപത് വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്ത ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ സമ്മേളനം നടക്കുകയുണ്ടായി.ഭരണഘടനാ നിർമാണ സഭയിൽ 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്.പാക്കിസ്ഥാൻ പ്രദേശത്ത് ഉൾപ്പെട്ട അംഗങ്ങൾ പിരിഞ്ഞുപോയതോടുകൂടി അംഗസംഖ്യ 299 ആയി ചുരുങ്ങി. എന്നാൽ 284 അംഗങ്ങൾ മാത്രമാണ് ഭരണഘടനയിൽ ഒപ്പുവച്ചത്.ഭരണഘടനാ നിർമാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡോ. ബി.ആർ. അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി. ഭരണഘടനയുടെ കരട് രൂപം സമർപ്പിക്കുന്നതിനുവേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചത്.1947 ഓഗസ്റ്റ് 29നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിക്കുന്നത്. രണ്ട് വർഷവും പതിനൊന്നു മാസവും പതിനെട്ട് ദിവസവുംകൊണ്ട് ഭരണഘടനാ നിർമാണ സഭയാണ് ഇന്ത്യൻ ഭരണഘടന തയാറാക്കിയത്.ആകെ 165 ദിവസത്തോളം സഭയിൽ ചർച്ചകൾ നടന്നു.ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു.കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു.ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ചു.
അംബേദ്ക്കറുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകളും വിചാരങ്ങളും രണ്ട് പ്രധാനപ്പെട്ട സംവർഗങ്ങളെ ആധാരമാക്കിയിരുന്നു.അത് ജാധിപത്യവും സോഷ്യലിസവും ആയിരുന്നു.സോവിയറ്റ് യൂണിയന്റെ തകർച്ചയേയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയേയും മുതലാളിത്ത സാമ്പത്തിക അടിസ്ഥാനത്തിലുള്ള ജനാധിപത്യത്തിന്റെ ഉദയവും വിജയവുമായി വിലയിരുത്തിയ ഒരു പശ്ചാത്തലത്തിലാണ് അംബേദ്ക്കർ തന്റെ സ്വപ്നമായ ജനാധിപത്യ സോഷ്യലിസത്തെ അവതരിപ്പിക്കുന്നത്.രാഷ്ട്രീയ ജനാധിപത്യം സാധ്യമാകുന്നതിനു സാമ്പത്തിക ജനാധിപത്യവും സാമൂഹിക ജനാധിപത്യവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇവ മൂന്നൂം കൂടിച്ചേരുമ്പോഴാണ് ജനാധിപത്യ സോഷ്യലിസം സാധ്യമാവുക എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.ഓരോ വ്യക്തിക്കും അതുപോലെ തന്നെ സ്റ്റേറ്റിനും അടിസ്ഥാനപരമായ സ്വാതന്ത്യം നൽകുന്ന ഒരു ഭരണഘടന ഈ ജനാധിപത്യ സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണമായി അദ്ദേഹം വിലയിരുത്തി. ഉത്പാദനമേഖലയുടെ ദേശീയവൽക്കരണവും സ്വകാര്യവ്യവസായങ്ങളുടെ അംഗീകരണവും സാമ്പത്തിക ആസൂത്രണവും അതിൽ ഒഴിവാക്കാവാനാകാത്തതും ആണെന്നും മനസ്സിലാക്കി.പൗരന്മാരുടെ ഇടയിൽ ജാതി,ലിംഗ,മതപരമായ ഒരു വിവേചനവും ഇല്ലാത്തിടത്താണ് ജനാധിപത്യസോഷ്യലിസം സാധ്യമാവുക എന്നും അംബേദ്ക്കർ ഉറച്ചു വിശ്വസിച്ചു.ജനാധിപത്യ ഭരണഘടന മാർഗ്ഗത്തിലൂടെ സാമൂഹിക രൂപാന്തരങ്ങൾ സംഭവിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.ജനാധിപത്യ സോഷ്യലിസം സ്റ്റേറ്റിനും ഒരു വ്യക്തിക്കും ഒരു പോലെ പ്രാധാന്യവും ഉത്തരവാദിത്വവും നൽകി.ആധുനിക ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സ്വതന്ത്ര്യം,സമത്വം,സാഹോദര്യം എന്നിവയിലും അംബേദ്ക്കർ ഉറച്ചുവിശ്വസിച്ചിരുന്നു.ഇത് ഇല്ലാത്തിടത്ത് ജനാധിപത്യം തകരും എന്ന് അദ്ദേഹം പഠിപ്പിച്ചു.ഇതും മൂന്നൂം തനിയെ നിൽക്കാത്തതും പരസ്പര ബന്ധിതങ്ങളായി ഒരു സോഷ്യലിസ്റ്റ് ജനാധിപത്യക്രമത്തിന്റെ അടിസ്ഥാന പ്രമാണവും ആണ് എന്ന് അദ്ദേഹം കരുതി.രാഷ്ട്രീയ സ്വാതന്ത്യം യഥാർത്ഥമായി അനുഭവിക്കണമെങ്കിൽ അവിടെ സാമ്പത്തിക സ്വാതന്ത്യവും സാമൂഹിക സ്വാതന്ത്ര്യവും നിലനിൽക്കണമെന്ന് അംബേദ്ക്കർ ഉറച്ചിരുന്നു.
എന്താണ് സാമൂഹ്യദർശനം? എങ്ങനെയാണൊരു പ്രസ്ഥാനം അതിന്റെ സാമൂഹ്യദർശനം രൂപപ്പെടുത്തുന്നത്?മാനവികതയെക്കുറിച്ചുള്ള ചിന്തകളാണ് സാമൂഹികദർശനങ്ങളെ നിർണ്ണയിക്കുന്നതെന്ന് പൊതുവെ പറയാം.ആധുനിക കാലത്ത് രണ്ട് പ്രധാന കൂടമാറ്റങ്ങളാണ് മാനവിക ദർശനത്തിൽ സംഭവിക്കുന്നത്.ഒന്ന് നവോത്ഥാനമാണ്.ഫ്യൂഡലിസത്തിന്റെ സാമൂഹിക ഉച്ചനീചത്വങ്ങളും സാംസ്‌കാരിക വിവേചനങ്ങളും നിഷേധിച്ചുകൊണ്ട് മനുഷ്യാളത്തത്തെ ആധുനികമായൊരു സ്വതകാംക്ഷയായി പുനരടയാളപ്പെടുത്താനും തദ്വാര സ്വയം സ്വയം ഒരു പരിഷ്കൃതസമൂഹമായി താത്പര്യമാണ് ഇവിടെ നിഴലിട്ട് നിന്നത്.എന്നാൽ താഴെത്തട്ടിലുള്ളവരെ സാമൂഹിക ഉൽക്കർഷയിലേക്ക് നയിക്കാനുള്ള ശ്രമം മേൽത്തട്ട് സമുദായങ്ങൾക്ക് രക്ഷകതൃത്വ സ്ഥാനമാണിത് വിഭാവന ചെയ്യ്തത് എന്ന വിമർശനം തള്ളികളയാൻ ആവില്ല.മറ്റൊന്ന്,വികസനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളാണ്.സാമൂഹിക മുന്നേറ്റത്തിനായി എല്ലാവരെയും,പ്രത്യേകിച്ച് പാർശ്വവത്കൃത സമൂഹങ്ങളേയും സജ്ജമാക്കുന്ന പ്രക്രിയയാരുന്നു അത്.ആധുനിക ലിബറൽ സാമ്പത്തിക സംസ്‌കാരം മുന്നോട്ട് വച്ച സാമൂഹിക പരിവർത്തന പ്രക്രിയ പക്ഷേ മുഖ്യധാരയും പാർശ്വധാരയും തമ്മിലുള്ള വിടവ് അനിയന്ത്രിതമായി വർദ്ധിപ്പിക്കുകയാണ് ചെയ്യ്തത്.മാത്രമല്ല സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക വിഭവങ്ങളിൽ നിന്നും പാർശ്വവത്കൃതജനത പുറന്തള്ളപ്പെടുകയാണുണ്ടായത്.നവോത്ഥാനത്തിന്റെ രക്ഷകർതൃത്വത്തിന്റെ സങ്കല്പത്തെയും വികസനത്തിന്റെ നവലിബറൽ ഭാവനകളെയും പ്രധിരോധിച്ചുകൊണ്ടാണ് ആധുനികാനന്തര പശ്ചാത്തലത്തിൽ വിഭവരാഷ്ട്രീയവും വ്യതിരിക്തതയുടെ രാഷ്ട്രീയവും പാർശ്വവത്കൃതജനത രൂപപ്പെടുത്തിയത്.മണ്ണിനും കാടിനും കടലിനുമായി സമരം ചെയ്യുന്നവരും മനുഷ്യാളത്തങ്ങളുടെ വ്യത്യസ്താനുഭവങ്ങളുടെ ആഘോഷത്തിനായി വാദിക്കുന്നവരും ഒത്തുചേർന്ന നവമാനവികതയുടെ നിർമ്മിതിയാണിവിടെ വിഭാവനം ചെയ്യപ്പെടുന്നത്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ