റീന സാറ വർഗീസ്
ബൈക്ക് അടുത്തു കാണുന്നത് ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ്. വല്ല്യപ്പച്ചൻ്റെ അടുത്ത ബന്ധുവായ വക്കീലായ യുവാവ് മിക്ക വാരാന്ത്യങ്ങളിലും സന്ദർശകനായി വന്നിരുന്നത് ബൈക്കിലാണ്. അന്നത്തെ നസ്രാണികളുടെ പേരുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്ന പേരു്. രാഷ്ട്രീയ സാമൂഹിക പ്രവർത്തനം നടത്തിയിരുന്ന പിതാവാണ് ‘വിജയൻ’ എന്ന പേര് അദ്ദേഹത്തിനിട്ടത്.
ഗോളാന്തര വാർത്തകൾ അവരിരുവരും ചർച്ചചെയ്തിരുന്നു. അതിനിടയിലാണ് സ്കൈലാബ് വീണതിനെ പറ്റി ചർച്ചിച്ചത്. അത്തരമൊരു പേരു് കേൾക്കുന്നത് നടാടെയാണ്. അതിനാൽത്തന്നെ അറിയാൻ വല്ലാത്ത കൗതുകമുണർന്നു.
കൊച്ചുകുട്ടിക്കു മനസ്സിലാവുന്ന ഭാഷയിൽ തന്നെ അദ്ദേഹം വിശദീകരിച്ചു. ബാല്യത്തിലെ ഇത്തരം ചില അനുഭവങ്ങൾ പലതും പിൽക്കാലത്ത് ഏറെ ഗുണകരമായിട്ടുണ്ട്. അണ്ഡകടാഹത്തിലെ സകലത്തേപ്പറ്റിയും അവിടെ സംസാരം ഉണ്ടാകാറുണ്ട്.
സ്കൈലാബ് ഭൂമിയിൽ പതിക്കാൻ പോകുകയാണെന്ന് റേഡിയോയിൽ കൂടി വാർത്തകൾ വന്നപ്പോൾ അവരെല്ലാവരും ആശങ്കാകുലരായിരുന്നു. ലോകം അവസാനിക്കാൻ പോവുകയാണെന്നും വീടുകൾക്ക് മുകളിൽ പതിക്കുമെന്നും വിഹ്വലരായിരുന്നു. സ്കൈലാബ് തങ്ങളുടെ മുറ്റത്തു പതിച്ചാൽ ആ പ്രദേശം തന്നെ നാമാവശേഷമാകുമെന്ന് ചിന്തിച്ച് തല മരവിച്ചിരുന്നത്രേ!
“ആകാശവാണി, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ….”
എന്നു തുടങ്ങുമ്പോൾ തന്നെ ആളുകൾ പരിഭ്രാന്തരായി “വീണോ” എന്നു് ചോദിച്ചു കൊണ്ടിരുന്നു. കാരണം അക്കാലത്ത് റേഡിയോകൾ ചുരുക്കം ചില വീടുകളിലേ ഉണ്ടായിരുന്നുള്ളൂ. വക്കീലു കൂടിയായിരുന്നുതു കൊണ്ട് അവരുടെ സ്വീകരണമുറിക്കുള്ളിൽ അക്കാലത്ത് മിക്ക ദിവസങ്ങളിലും ജനപ്രവാഹമായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കൽ സ്കൈലാബ് കടലിൽ പതിച്ചുവെന്ന വാർത്ത എത്തിയപ്പോഴാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. പിന്നീട് കുറച്ചു നാളുകൾ അദ്ദേഹത്തെ കണ്ടില്ല. അതേ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടെന്ന് പിന്നീടാണ് അറിഞ്ഞത്.
സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്ന പ്രഥമോദേശ്യത്തോടെ നിർമ്മിച്ച മനുഷ്യനിർമ്മിത ബഹിരാകാശ പേടകമായിരുന്നു അതു്. കുറച്ചു വർഷങ്ങൾക്കുശേഷം ഭൗമാന്തരീക്ഷത്തിൽ തകർന്നുവീഴുകയായിരുന്നു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ