ന്യൂസ് ബ്യൂറോ, ലണ്ടൻ
ലണ്ടന്‍: സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അധികാരത്തില്‍ തുടരും. 211 പാര്‍ട്ടി എംപിമാര്‍ ജോണ്‍സണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 148 എതിര്‍ത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഒന്നാം കൊവിഡ് ലോക്ഡൗണ്‍ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയില്‍ മദ്യ പാര്‍ട്ടി നടത്തിയ വിവരം പുറത്ത് വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. മദ്യ വിരുന്നില്‍ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയില്‍ ഉറച്ചു നിന്നു. ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കമ്മീഷന് രൂപീകരിച്ചു. ബോറിസിന്റെ വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാനമായ സല്‍ക്കാരങ്ങള്‍ നടന്നെന്നും അതില്‍ ബോറിസും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷന് കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ഇതോടെയാണ് രാജി ആവശ്യം കൂടുതല്‍ ശക്തമായത്.
25 പാര്‍ലമെന്റംഗങ്ങള്‍ ബോറിസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കത്തെഴുതിയവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇക്കാരണത്താല്‍ തന്നെ എത്ര പേരാണ് ബോറിസിനെതിരെ കത്തെഴുതിയതെന്ന് വ്യക്തമല്ല.
ബോറിസ് ജോണ്‍സ്ണ്‍ന്റെ സ്വന്തം പാര്‍ട്ടിക്കകത്തെ വോട്ടെടുപ്പായതിനാല്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് ഇടപെടൽ ഇല്ല. പക്ഷെ ബോറിസെനെതിരായ നീക്കങ്ങള്‍ക്ക് പ്രതിപക്ഷത്തിന് ഈ അവിശ്വാസം കരുത്ത് പകരും. റഷ്യ യുക്രൈന് യുദ്ധത്തിലെടുത്ത നിലപാടുമായി ബന്ധപ്പെട്ടും വര്‍ഷങ്ങളായി തുടരുന്ന ബ്രെക്സിറ്റ് നടപ്പാക്കല്‍ സംബന്ധിച്ചും ഇപ്പോള്‍ തന്നെ ബോറിസിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ട്. കൂടാതെ നിലവിലെ ആഗോള മാന്ദ്യവും എണ്ണ പ്രതിസന്ധിയും ബോറിസിനെതിരായ അവിശ്വാസ നീക്കത്തില്‍ പ്രതിഫലിക്കും.
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ