ജീന ഷൈജു
ഓൺലൈൻ ക്ലാസ്സുകളുടെ വരവോടെ മൊബൈലിന്റെ അതിപ്രസരം നമ്മുടെ മക്കളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചു ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടിയതില്ലല്ലോ ..പണ്ടൊക്കെ നമ്മുടെ വീട്ടിൽ വിരുന്നുകാര് വന്നാൽ , അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ,പലഹാരങ്ങൾ തട്ടാൻ നമ്മൾ കാണിച്ചിരുന്ന ശുഷ്‌കാന്തിയെ കുറിച്ചു നിങ്ങൾ ഒന്നോർത്തു നോക്കൂ ….
വെറുതെ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല …
ഒരിക്കൽ ഒരവധിക്കാലത്തു ഞങ്ങൾ കുടുംബമായി എൻ്റെ ഒരു സുഹൃത്തിന്റെ വീട് സന്ദർശിക്കാൻ പോയി . ആദ്യത്തെ സൗഹൃദ സംഭാഷണം കഴിഞ്ഞു ചായ എടുക്കാൻ അവൾ അടുക്കളയിലേക്കു പോയി . അധികം താമസിയാതെ അവളുടെ ഭർത്താവ് മൊബൈലിലേക്ക് കൂപ്പു കുത്തി .അടുക്കളയിലെ കത്തിയടി കഴിഞ്ഞു വന്ന വഴി പാതി ചാരിയിരുന്ന ബെഡ്റൂമിന്റെ വാതിലിൽ കൂടി ഞാൻ അകത്തേക്ക് നോക്കി ….ചെവിയിൽ ഹെഡ്സെറ്റ് തിരുകി ആ കുട്ടി മൊബൈലിൽ ആയിരുന്നു …അതെ അവളുടെ മകൾ “ദിയ “- ഞാൻ എടുത്തു കൊണ്ട് നടന്ന കുട്ടി ആണ് .ഇടം കണ്ണാൽ അവളെന്നെ കണ്ടെങ്കിലും അത് നടിച്ചില്ല .
തിരികെ സ്വീകരണ മുറിയിൽ എത്തി ഞാനും ഭർത്താവും മുഖത്തോടു മുഖം നോക്കിയിരുന്നു …അകമുറിയിൽ നിന്ന് “അമ്മക്ക് എന്താ വരുന്നവരെ ഒക്കെ ഞാൻ പോയി കാണണം എന്ന് “-മകളുടെ ശബ്ദം ഉച്ചത്തിൽ ഞങ്ങൾ കേട്ടു …
“എടീ പതുക്കെ “- അവളുടെ ‘അമ്മ ‘ അവളെ ശകാരിക്കുന്നുണ്ടായിരുന്നു ..
“എൻ്റെ വീട്ടിൽ ഞാൻ എന്തും ചെയ്യും ,അമ്മയ്ക് എന്താ എന്ന് ?”
‘അമ്മ വല്ലാതെ നെടുവീർപ്പെട്ടു എൻ്റെ അടുത്ത് വന്നിരുന്നു …അധികം താമസിക്കാതെ ഞങ്ങൾ അവളെ വിഷമിപ്പിക്കണ്ട എന്നോർത്ത് അവിടെ നിന്നിറങ്ങി ..
അപ്പോൾ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു .വീട്ടിൽ ഒരാൾ വന്നാൽ , നമ്മൾ ഒരു വീട്ടിൽ പോയാൽ ഒരു സദസ്സിൽ ആയിരുന്നാൽ ,നമ്മുടെ പ്രീയപ്പെട്ടവരുടെ കൂടെ ആയിരുന്നാൽ ആ നിമിഷത്തിനെ ,ആ വ്യക്തിയെ ആസ്വദിക്കാൻ , ബഹുമാനിക്കാൻ ,ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും അവരോടൊപ്പം ആയിരിക്കാൻ ….സമൂഹ മാധ്യമങ്ങൾ ,മൊബൈൽ എന്തിന് ടെലിവിഷൻ പോലും ഓഫ് ചെയ്യാൻ നമ്മളും പഠിക്കുക ,മക്കളെയും പഠിപ്പിക്കുക …
ഈ കൊച്ചു ഭൂമിയിൽ നമ്മളൊക്കെ കുറച്ചു നാളത്തേക്ക് വന്ന വിരുന്നുകാർ ആണ് .ആ സമയം എവിടെ ,ആരുടെ കൂടെ ഏതു രീതിയിൽ ആയിരിക്കുന്നുവോ , ആ നിമിഷത്തെ ആസ്വദിക്കാൻ അറിയാൻ പഠിക്കുക .
അതുകൊണ്ടല്ലേ പറയുന്നത് …
The best thing that you can give to someone is,
“Your precious time” (not only physically but also mentally)
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ